എസ്.ഇ.ഒ. എന്നു കേട്ടയുടനെ ചിലരുടെയെങ്കിലും പ്രതികരണം ഇങ്ങനെയായിരിക്കും – “ഓക്കേ ഗൂഗിൾ, എസ്.ഇ.ഒ.”. എന്നാൽ ഇതു തന്നെയാണ് ഇതിനെ ഒരു കരിയർ ആക്കി മാറ്റുന്നത് എന്ന് പറഞ്ഞാലോ?

സെർച്ച് എൻജിൻ എന്ന വിഭാഗത്തിലെ കൊലകൊമ്പനാണ് ഗൂഗിൾ എന്നറിയാമല്ലോ. എസ്.ഇ.ഒ. എന്നാൽ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്നാണ് പൂർണ്ണരൂപം. അതായത്, എന്തിനുമേതിനും സഹായത്തിന് ഗൂഗിളിനെ വിളിക്കുന്ന ഇന്നത്തെ തലമുറ, ഗൂഗിൾ സെർച്ച് വഴി തെരയുമ്പോൾ, സ്വന്തം കമ്പനിയുടെ പേരും വെബ് സൈറ്റുമൊക്കെ ആദ്യത്തെ പേജിൽ തന്നെ വരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾ നിയമിക്കുന്ന വിദഗ്ദ്ധരെയാണ് എസ്.ഇ.ഒ. എക്‌സ്പർട്ട് എന്നു വിളിക്കുന്നത്.

ആദ്യാദ്യം ഗൂഗിളിന്റെയും മറ്റും അൽഗോരിതങ്ങൾ എളുപ്പമായതിനാൽ തന്നെ ഓൺലൈൻ വിദഗ്ദ്ധരും വെബ്സൈറ്റ് ഡിസൈനർമാരും കൈകാര്യം ചെയ്തിരുന്ന മേഖലയാണിതെങ്കിലും ഇപ്പോൾ സംഗതി അത്രയെളുപ്പമല്ല. സങ്കീർണമായ സാങ്കേതികവിദ്യയും പ്രോഗ്രാമിങ്ങും അൽഗോരിതങ്ങളിലെ അറിവുമെല്ലാം ആവശ്യമായ ഒരു പ്രത്യേക കരിയറായി എസ്.ഇ.ഒ. മേഖല രൂപമെടുത്തു കഴിഞ്ഞു. റേഡിയോ, ടെലിവിഷൻ, പത്രം മുതലായ മാധ്യമങ്ങൾക്ക് വരിക്കാർ കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളാണ് ഭാവിയിലെ ചക്രവർത്തിമാരെന്ന് അറിഞ്ഞുകൊണ്ട് തന്നെ മേൽപ്പറഞ്ഞ മാധ്യമങ്ങളുൾപ്പടെയുള്ള കമ്പനികൾ അവരുടേതായ ഓൺലൈൻ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്.

ഇ-കോമേഴ്‌സ് ഇന്ത്യയിൽ വ്യാപകമായി അംഗീകാരം ലഭിച്ചു വരുമ്പോൾ, മാർക്കറ്റിങ് അഡ്വർടൈസിങ് മേഖലകളും ഇന്ന് ഉറ്റുനോക്കുന്നത് ശക്തമായ, ജനശ്രദ്ധയാകാർഷിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയാണ്. വർക്ക്ഷോപ്പുകളിൽ സജീവമായി പങ്കെടുത്ത് ബന്ധങ്ങളുണ്ടാക്കുക, വെബ് ഡിസൈനർമാരുമൊത്ത് പ്രവർത്തന പരിചയമാർജ്ജിക്കുക, വിഷയത്തിൽ ജ്ഞാനസമ്പന്നനാകുക, എന്നിവയൊക്കെ വഴി പ്രതിവർഷം 3 ലക്ഷം തൊട്ട് 7 ലക്ഷം വരെ ശമ്പളം നൽകുന്ന ഈ ജോലിയിലെ പ്രമുഖരാകാം.

എസ്.ഇ.ഒ. വൈദഗ്ദ്ധ്യത്തിന് പുറമെ വെബ് ഡിസൈൻ, കണ്ടന്റ് മാനേജ്‌മെന്റ്, ബ്ലോഗ്ഗിങ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലും കഴിവുണ്ടെങ്കിൽ കമ്പനിയുടെ ഒരു അവിഭാജ്യ ഘടകമായി മാറുക എളുപ്പമാണ്. ഡൽഹിയിലെ ഡിജിറ്റൽ വിദ്യ എന്ന സ്ഥാപനം നൽകുന്ന കോഴ്‌സ് രാജ്യമാകെ അംഗീകാരം നേടിയ ഒന്നാണ്. കൂടാതെ ഡൽഹി സ്‌കൂൾ ഓഫ് ഡിജിറ്റൽ മാർക്കറ്റിങ്, പുനെയിലെയും മുംബൈയിലെയും എൽ.ഐ.പി.എസ്., ഗുഡ്ഗാവിലെ എസ്.ഇ.ഒ. ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലും കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!