കേരളത്തിലെ കാര്‍ഷിക സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെ.എസ്.യു.എം.) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സി.പി.സി.ആര്‍.ഐ.) ധാരണയിലെത്തി. സി.പി.സി.ആര്‍.ഐ. കാസര്‍കോട് സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ. ഡോ.സജി ഗോപിനാഥും സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ചൗഡപ്പയും ഒപ്പുവച്ചു.
ധാരണാപത്രം അനുസരിച്ച് കാര്‍ഷിക മേഖലയില്‍ സംരംഭകത്വത്തിനുള്ള ആശയവുമായി വരുന്നവര്‍ക്ക് സി.പി.സി.ആര്‍.ഐ. സാങ്കേതിക സഹായവും വിപണനം ഉള്‍പ്പടെയുള്ള മേഖലകളില്‍ സംരംഭം മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. സഹകരണത്തിന്‍റെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനും കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും ശില്പശാലകള്‍ സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും നവ സംരംഭകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്താന്‍ മാസത്തില്‍ ഒരിക്കല്‍ അഗ്രി സ്റ്റാര്‍ട്ടപ് മീറ്റുകള്‍ സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ വിജയകരമായി സംരംഭങ്ങള്‍ നടത്തുന്നവരും സ്റ്റാര്‍ട്ടപ്പ് മീറ്റുകളില്‍ പങ്കെടുക്കും.
കാർഷിക സംരംഭകർക്ക് പ്രയോജനകരമാവുന്ന വിധത്തിൽ 30ലേറെ സാങ്കേതികവിദ്യകൾ സി.പി.സി.ആർ.ഐ. ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
KSUM, CPCRI, agri startups, support, nownext