ഇന്ത്യ സ്‌കില്‍സ് 2018 ദേശീയ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 9 പുരസ്‌കാരങ്ങള്‍. ഡല്‍ഹിയില്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ നടന്ന ഫൈനല്‍ മത്സരത്തിലാണ് കേരളം നേട്ടമുണ്ടാക്കിയത്. 2 സ്വര്‍ണ്ണം, 5 വെള്ളി, 2 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നില.
3 ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ടില്‍ നിഥിന്‍ പ്രേമും ഫ്‌ളോറിസ്ട്രിയില്‍ വി.എസ്.ഡോണയും കേരളത്തിനു വേണ്ടി സ്വര്‍ണ്ണമണിഞ്ഞു. ഫ്‌ളോറിസ്ട്രിയില്‍ ജിബിന്‍ വില്യംസ്, വെബ് ടെക്‌നോളജിയില്‍ എ.ജെ.അദ്വൈത്, സി.എന്‍.സി. ടേണിങ്ങില്‍ ഫ്രാന്‍സിസ് ലിജോ, ജോയിനറിയില്‍ കെ.എസ്.സുഷിത്, വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ്ങില്‍ മുഹമ്മദ് രബിത് എന്നിവരാണ് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനക്കാരായി വെള്ളി സ്വന്തമാക്കിയത്. വെല്‍ഡിങ്ങില്‍ സിജോ ജോസഫും വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ്ങില്‍ എന്‍.സി.ഡമേഷ് രാജും കേരളത്തിനായി വെങ്കലം നേടി.
കേരള സര്‍ക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി കേരളത്തില്‍ വെച്ച് ഏപ്രിലില്‍ ഇന്ത്യാ സ്‌കില്‍സ് കേരള 2018 സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയിച്ചവരെ രാജ്യത്തുള്ള പ്രമുഖ വ്യവസായശാലകളിലും പരിശീലന സ്ഥാപനങ്ങളിലും അയച്ച് പരിശീലിനം നല്‍കി. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മേഖലാ മത്സരങ്ങളിലും പങ്കെടുത്തു. ഇതില്‍ വിജയിച്ചവരാണ് ഡല്‍ഹിയിലെ ദേശീയ മത്സരത്തിനെത്തിയത്.
ദേശീയ തലത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയവര്‍ 2019ല്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതനിധീകരിക്കും.