അടുത്ത അദ്ധ്യയന വർഷം മുതൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാർക്കു നേടിയാൽ മതി. ഈ വർഷം തന്നെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനൽകിയിരുന്നു. അടുത്ത വർഷം മുതൽ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയർമാൻ അനിത കർവാൾ അറിയിച്ചു.
ഇന്റേണൽ അസസ്‌മെന്റിനും ബോർഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാർക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണൽ അസസ്‌മെന്റിനും ബോർഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിയായി പ്രഖ്യാപിക്കും.
2019-ൽ 10, 12 ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചു. 40 വൊക്കേഷണൽ വിഷയങ്ങൾക്കുപുറമേ, ടൈപ്പോഗ്രഫി ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷൻസ്, ഗ്രാഫിക്സ്, ഓഫീസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയിൽ ബോർഡ് പരീക്ഷകൾ നടത്തും.