മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ഒന്നാണ് ഒരു വീട്. വലിയ, ഒട്ടേറെ മുറികളുള്ള, പ്രകാശവും കാറ്റുമുള്ള, പ്രക്രുതി രമണീയമായ കാഴ്ചകൾ സമ്മാനിക്കുന്ന ജനാലകളുള്ള, ഒരു സൗകര്യപ്രദമായ അടുക്കളയുള്ള വീട് ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ അവിടെയാണ് ഒരു പ്രധാന പ്രശ്നം – ജനപ്പെരുപ്പം! പ്രതിനിമിഷം കൂടിക്കൊണ്ടിരിക്കുന്നു ജനസംഖ്യയ്ക്ക് അനുസൃതമായി ഭൂമിയിലെ സ്ഥലം വർദ്ധിക്കുന്നില്ല. വീട് വെയ്ക്കുവാനും താമസിക്കുവാനും പരിമിതമായ സ്ഥലമേ ഉള്ളു. ആയതൊക്കെ കൊണ്ടും കൂടിയാണല്ലോ ഇപ്പോൾ ചൊവ്വയെയും മറ്റു ഗ്രഹങ്ങളെയും താമസസജ്ജമാക്കുവാൻ മനുഷ്യർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ അതൊക്കെ കേവലം ലക്ഷ്യങ്ങളായിരിക്കും, ഇനിയുമേറെ കാലം. അതുവരെ ഈ ഭൂമിയിൽ ജീവിച്ചേ മതിയാകൂ. ആയതിനാൽ തന്നെ, വീടും ചുറ്റും ഏക്കറോളം പറമ്പും മറ്റും ഉണ്ടായിരുന്ന കാലത്ത് നിന്ന് നമ്മൾ, നൂറു കണക്കിന് നിലകൾ പൊക്കമുള്ള പാർപ്പിട സമുച്ചയങ്ങളിലേക്കു മാറിയിരിക്കുന്നു. ആയതിനാൽ തന്നെ ഓരോ വ്യക്തിക്കും, അല്ലെങ്കിൽ ഓരോ കുടുംബത്തിനും ഒരു വീട്ടിൽ (ചിലപ്പോഴൊക്കെ ഒരു മുറിയിൽ എന്ന് പറയേണ്ടി വരും!) വളരെ കുറച്ച് സ്ഥലം മാത്രമേ ലഭിക്കുകയുള്ളു. അത് പലപ്പോഴും നമ്മളറിയാതെ തന്നെ മാനസികമായി നമ്മളെ ബാധിക്കുന്ന ഒരു വിഷയവുമാണ്.
അങ്ങനെ വരുമ്പോൾ, മുറിയിൽ വെയ്‌ക്കേണ്ടതായ വസ്തുക്കൾ അനുയോജ്യമായ സ്ഥാനത്ത് വെയ്ക്കുക എന്നത് അനിവാര്യമാണ്. അനായാസമായി സഞ്ചരിക്കുവാൻ സാധിച്ചില്ലെങ്കിൽ ഉള്ളതിനേക്കാളും സ്ഥലം കുറവാണ് എന്ന് തോന്നും എന്നതും ഒരു വെല്ലുവിളിണ്. ഈ സാഹചര്യത്തിലാണ് ഒരു സ്‌പേഷ്യൽ ഡിസൈനർ പ്രസക്തനാകുന്നത്. ഉള്ള സ്ഥലത്തെ പരമാവധി ഉപയോഗിച്ചുകൊണ്ട്, വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുക, വെയിലിന്റെയും കാറ്റിന്റെയും ഗതി കണക്കിലെടുത്ത് വാതിലുകളും ജനലുകളും ക്രമീകരിക്കുക, എന്ന് തുടങ്ങി ആ വീട്ടിൽ താമസിക്കുന്നത് ഒരു റിസോർട്ടിൽ പോയതിനു തുല്യമായ ഒന്നാക്കുവാൻ ഒരു നല്ല ഡിസൈനർക്കു സാധിച്ചെന്നു വരാം!
ഡിസൈനിങ്ങിൽ വൈദഗ്ദ്ധ്യമാണ് ഈ ജോലിക്ക് പ്രധാനമായും വേണ്ടത്. ക്രിയാത്മകത, ആശയവിനിമയ മികവ് എന്നിവയും ആവശ്യമാണ്. കൊച്ചിയിലെ ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, പുണെയിലെ എം.ഐ.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ, ഡൽഹി സ്‌കൂൾ ഓഫ് ആർകിടെക്ച്ചർ ആൻഡ് ഡിസൈൻ, മുംബൈയിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, കണ്ണൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി എന്നിവിടയെല്ലാം ഇന്റീരിയർ-സ്‌പേഷ്യൽ ഡിസൈൻ കോഴ്‌സുകൾ ലഭ്യമാണ്.