രാജ്യത്തെ അര്‍ദ്ധസൈനിക സേനകളില്‍ 61,000ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്.
രാജ്യത്തെ 6 അര്‍ദ്ധസൈനിക വിഭാഗങ്ങളുടേതായി 2018 മാര്‍ച്ച് 1 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരമിക്കല്‍, രാജിവെയ്ക്കല്‍, മരണം, പുതിയ തസ്തികകളും ബറ്റാലിയനുകളും സൃഷ്ടിക്കല്‍ എന്നിവയാണ് ഇത്രയും തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വലിയ അര്‍ധസൈനികവിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ (സി.ആര്‍.പി.എഫ്) മാത്രം 18,460 ഒഴിവുകളുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്.എഫ്.) 10,738 ഒഴിവുകളാണുള്ളത്.
സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.) -18,942, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി.) -5,786, അസം റൈഫിള്‍സ് -3,840, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് -3,812 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ആകെ അംഗബലം 10 ലക്ഷത്തോളം വരും.