ജോലിസ്ഥലത്തേക്ക് നീണ്ട ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ഒരു പ്രശ്നം തന്നെയാണ്. എത്ര സമയമാണ് പോകുന്നതെന്നോ! അതിന്റെ കൂടെ ട്രാഫിക് ബ്ലോക്കുകൾ കൂടി ഉണ്ടെങ്കിലോ? ശുഭം! അങ്ങനെ വരുമ്പോൾ ആ സമയം വെറുതെ വ്യർത്ഥമാക്കാതെ എങ്ങനെ ഉപയോഗിക്കാം?
മെൻറ്റർമാരോട് സംസാരിക്കാം
കാറിലാണെന്നു വെയ്ക്കുക. മറ്റുള്ളവരോട് സംസാരിക്കുവാൻ കഴിയുമല്ലോ, കാർ സ്റ്റീരിയോയുമായി ബന്ധിപ്പിച്ചാൽ. ചുമ്മാ സംസാരിക്കാൻ നിൽക്കരുത്. കരിയറിലും ജീവിതത്തിലും മുന്നേറാൻ സഹായിക്കുന്ന മെന്റർമാര് നമുക്കെല്ലാവർക്കും കാണുമല്ലോ. അവരെ വിളിച്ചു സംസാരിക്കുക. സ്വന്തം ജീവിതം അനായാസമാക്കുവാനും മുന്നോട്ടു പോകാനും ഇത് സഹായിക്കും.
പ്രസംഗിക്കാം!
ഇന്ന് ഏറെക്കുറെ എല്ലാ മേഖലകളും ആവശ്യപ്പെടുന്ന ഒരു കഴിവാണ് ആശയവിനിമയ മികവ് . സദസ്സിനെ നേരിടാൻ പേടിയുള്ളവർ, ആത്മവിശ്വാസം വളർത്തിയെടുക്കുകയാണ് വേണ്ടത്. അതിന് ആദ്യം സ്വയം സംസാരിച്ച് പരിശീലിക്കുന്നത് ഗുണം ചെയ്യും. സമയം കിട്ടുന്നില്ലേ? ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ സ്വയം ഒരു സദസ്സിനെ സങ്കൽപ്പിച്ചു പ്രസംഗിച്ചു കൊള്ളുക!
ഓഡിയോ ബുക്കുകൾ കേൾക്കാം
പുസ്തകങ്ങളെ ശബ്ദ ഫോമാറ്റുകളിലേക്ക് മാറ്റി, റെക്കോർഡ് ചെയ്തു വയ്ക്കുന്നതിനെയാണ് ഓഡിയോ ബുക്കുകൾ എന്ന് വിളിക്കുന്നത്. ഇവ കേട്ടുകൊണ്ടിരിക്കുന്നത് മനസിന് ഒരു ഉന്മേഷം നൽകുമെന്ന് മാത്രമല്ല, പുതിയ അറിവ് പകരുകകൂടിയാണ് ചെയ്യുന്നത്. താത്പര്യമുള്ള വിഷയങ്ങളിലെ പുസ്തകങ്ങൾ തിരഞ്ഞെടുക്കുക വഴി വിഷയത്തിലെ പരിജ്ഞാനം വളരെയധികം വർദ്ധിപ്പിക്കുവാൻ സാധിക്കും.
പോഡ്കാസ്റ്റുകൾക്ക് കാതോർക്കാം
പല വിഷയങ്ങളിലും ഇന്ന് പോഡ്കാസറ്റുകൾ ലഭ്യമാണ്. ഓൺലൈനായി ഒന്ന് തിരഞ്ഞാൽ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. സംഗീത പോഡ്കാസ്റ്റുകളാകാം, വാർത്തകളാകാം, കോഴ്‌സുകളാകാം, പ്രേരണാത്മകമായ പ്രസംഗങ്ങളാകാം – എന്ത് തന്നെയായാലും സമയം കാര്യക്ഷമമായും ക്രിയാത്മകമായും ഉപയോഗിക്കാൻ കഴിയും.
ട്യൂട്ടോറിയലുകളെ ശരണം!
ഫോട്ടോഷോപ്പ് പഠിക്കണോ? വിഡിയോ എഡിറ്റിങ് കഴിവുകൾ വർധിപ്പിക്കണോ? മേഖലയിലെ പുത്തൻ ടെക്നിക്കുകൾ വശമാക്കണോ? ഇന്ന് എല്ലാത്തിനും ഓൺലൈൻ ട്യൂട്ടോറിയലുകൾ ലഭ്യമാണ്. ട്രെയിനിലോ മറ്റോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ പ്രത്യേകിച്ചും ഉപയോഗിക്കാവുന്നതാണ് ഇത്. ഇയർഫോൺ എടുക്കൂ. ട്യൂട്ടോറിയൽ തുറക്കൂ. പഠിക്കൂ.
ആപ്പുകൾ ഡൗൺലോഡ് ചെയ്യൂ
പ്രതിദിനം ആപ്പ് സ്റ്റോറുകളിൽ പുത്തൻ ആപ്പ്ളിക്കേഷനുകൾ വന്നു കൊണ്ടിരിക്കുകയാണ്. കരിയറിനെ സംബന്ധിച്ചതായോ, അല്ലെങ്കിൽ വിനോദത്തിനായോ എല്ലാം ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. സമയം പാഴാക്കണ്ടെന്നേ! പുത്തൻ ആപ്പുകൾ പരീക്ഷിക്കൂ!
വാർത്തകൾ വായിക്കാം
ഇന്ന് എല്ലാ പ്രമുഖ പത്രത്തിനും അതിന്റെ ഓൺലൈൻ പതിപ്പുണ്ട്. ചിലതു സൗജന്യമാണെങ്കിൽ, മറ്റു ചിലതിനു സബ്സ്ക്രിപ്ഷൻ എടുക്കണം. ചുറ്റുമുള്ള ലോകത്തെ അറിയാൻ രാവിലെ പത്രം വായിക്കാൻ സമയം കിട്ടിയിരുന്ന കാലം കഴിഞ്ഞു. ഇ-പേപ്പറുകൾ തന്നെ രക്ഷ!