ഇനിയും പഠിക്കണമെന്നുണ്ടായിരുന്നു. അന്നത്തെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോഴേ ജോലിക്കായി വീട്ടുകാര്‍ ഗള്‍ഫിലേക്ക് നാടുകടത്തി, അതുകൊണ്ട് ഒരു പിജി ചെയ്യാന്‍ പറ്റിയില്ല. ഇതൊക്കെ നമുക്കിടയില്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന വാചകങ്ങള്‍ ആണ്. എന്നാല്‍ കൂട്ടുകാരേ, നിങ്ങള്‍ക്ക് പഠിക്കാം.. ഉന്നത വിദ്യാഭ്യാസം നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പൂര്‍ത്തിയാക്കാം. പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി അഥവാ Distance Education System.
മുന്‍കാലങ്ങളില്‍ റഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാത്തവരുടെ ആശ്രയമായിരുന്നു വിദൂര വിദ്യാഭ്യാസമെന്നത്. ഇപ്പോള്‍ സ്ഥിതിയാകെ മാറി. ഉന്നത വിദ്യാഭ്യാസം ഗൗരവമായി കാണുന്ന കൂടുതല്‍ പേര്‍, ജോലിയോടൊപ്പം പഠിച്ചു മുന്നേറാനായി വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ സന്തോഷത്തോടെ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ കാണിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികള്‍ പഠിക്കുന്നത് വിദൂര വിദ്യാഭ്യാസ മേഖലയിലാണെന്നാണ്.
വിവിധ സര്‍വ്വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയില്‍ വിദൂര വിദ്യാഭ്യാസ പഠനത്തിനായി അവസരം ഒരുക്കുന്നുണ്ട്.
വിദൂര വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ.
ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍:
18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ സഹായിക്കുന്നു. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാവുന്നതാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായി ലേണേഴ്‌സ് സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍:
നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കൗണ്‍സിലിൻ്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഒപ്പം ഓണ്‍ലൈന്‍ സപ്പോര്‍ട്ടും നല്‍കുന്നുണ്ട്. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.
കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍:
ഹ്രസ്വകാല വൊക്കേഷണല്‍ കോഴ്‌സുകളാണ് കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നത്. പ്രിന്റഡ് സ്റ്റഡി മറ്റീരിയലുകളും കറസ്‌പോന്‍ഡന്‍സ് കോഴ്സുകളില്‍ ലഭ്യമാണ്.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രിയം ഏറെയാണ്. ഇഗ്നോയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നുണ്ട്. ഇഗ്‌നോയ്ക്കു പുറമെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളും വിവിധ കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. അണ്ണാമലൈ, ഭാരതീയാര്‍ തുടങ്ങിയ കേരളത്തിനു പുറത്തുള്ള ഒട്ടേറെ സര്‍വകലാശാലകള്‍ ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.