കെ.ജി. നായര്‍

നിത്യേന നാം എത്രയെത്ര തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും അത്ര പെട്ടെന്നൊന്നും എണ്ണിത്തീര്‍ക്കാനാവില്ല. പോട്ടെ, അതില്‍ എത്രയെണ്ണം ആത്മവിശ്വാസത്തോടെ എടുത്തു എന്നും, എത്രയെണ്ണത്തില്‍ പൂര്‍ണ്ണമായി വിജയിച്ചു എന്നും പറയാനാകുമോ? ഇല്ല, ചിലതൊക്കെ എന്നേ ആര്‍ക്കും പറയാനാകു.

വിവരസാങ്കേതിക വിദ്യയുടെ വികസിത കാലഘട്ടത്തില്‍ ഓരോ സെക്കന്‍റിലും ഓരോ പുതിയ വിവരങ്ങള്‍ മുന്നിലെത്തുന്നു. അവയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് എത്ര തീരുമാനങ്ങള്‍ വേണമെങ്കിലും എടുക്കാനാകും.

എന്തു ഭക്ഷണം കഴിക്കണമെന്നത് തൊട്ട് എന്തു വസ്ത്രം ധരിക്കണമെന്നും എങ്ങനെ യാത്ര ചെയ്യണമെന്നും എപ്പോഴുറങ്ങണമെന്നു വരെ അപ്പപ്പോള്‍ തീരുമാനിക്കുമ്പോള്‍, ഒരു കാര്യം ശ്രദ്ധിക്കുക. ഓരോ തീരുമാനത്തിന്‍റെയും ലക്‌ഷ്യമെന്തന്നുള്ളത്. നമ്മുടെ മുന്നോട്ടുള്ള വിജയത്തിന് ഇത്തരം തീരുമാനങ്ങള്‍ക്ക് പോലും വലിയ സ്വാധീനമാണുള്ളത്.

അറിവില്ലായ്മ, ആത്മവിശ്വാസക്കുറവ്, സുരക്ഷയെക്കുറിച്ചുള്ള ആശങ്ക എന്നിങ്ങനെ പല കാര്യങ്ങളിലും നമുക്ക് സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ പോകുന്നു, പക്ഷെ അവയെ ഉപയോഗപ്പെടുത്തി പണമാക്കുകയാണ് ചില ബ്രോക്കര്‍മാര്‍ എന്ന കാര്യം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല.

ജീവിതത്തിലും ബിസിനസ്സിലും തീരുമാനങ്ങള്‍ക്കുള്ള വില വലുതാണ്‌. തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് എടുത്തിരിക്കണം. വിജയം അത്തരക്കാര്‍ക്കുള്ളതാണ്‌.

സ്വന്തം കാര്യത്തിലായാലും ഔദ്യോഗിക തലത്തിലായാലും അടുത്ത കാലത്ത് നിങ്ങള്‍ എടുത്ത ഒരു സുപ്രധാന തീരുമാനത്തെ ഉദാഹരണമാക്കാം.

ഇനി താഴെ പറയുന്ന 4 ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം പറയുക. ഓരോ ഉത്തരവും 10 മാര്‍ക്ക് വരെ ലഭിക്കാനിടയുള്ളതാണെന്ന് ഓര്‍ക്കുക.

  1. നിങ്ങള്‍ എടുത്ത തീരുമാനത്തെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രശംസിച്ചോ?
  2. നിങ്ങള്‍ എന്തുദ്ദേശിച്ചാണോ തീരുമാനം കൈക്കൊണ്ടത്, ആ ലക്‌ഷ്യം പരിപൂര്‍ണ്ണമായും നിങ്ങളുടെ മാത്രം തീരുമാനത്താല്‍      നിറവേറ്റാനായോ?
  3. എടുത്ത തീരുമാനത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ തൃപ്തനാണോ? ഇനി ഒരവസരം കൂടി ലഭിച്ചാല്‍ പോസിറ്റീവായോ നെഗറ്റീവായോ കടുകിടെ മാറ്റം വരുത്താതെ അതേ തീരുമാനം എടുക്കുമെന്നുറപ്പുണ്ടോ?
  4. ആ തീരുമാനം ഒന്നു കൊണ്ട് മാത്രം നിങ്ങള്‍ക്ക് ഏറെ വളരാനായോ, നിരവധി അവസരങ്ങള്‍ പുതുതായി സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞോ?

എല്ലാ ചോദ്യത്തിനും നൂറ് ശതമാനം കൃത്യതയോടെ പോസിറ്റീവ് ഉത്തരം പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ 40 മാര്‍ക്കും നേടി കഴിഞ്ഞിരിക്കുന്നു.

അല്‍പ്പം ആലോചിച്ച് അതെയെന്നുത്തരം പറയുമ്പോള്‍ 30 മാര്‍ക്ക്, ഒന്നിലെങ്കിലും നെഗറ്റീവ് ആണ് ഉത്തരമെങ്കില്‍ 20 മാര്‍ക്ക് മാത്രം. ഒന്നിലേറെ നെഗറ്റീവ് ഉത്തരമാണെങ്കില്‍ പാസ് മാര്‍ക്ക് പോലും നിങ്ങള്‍ക്കില്ല.

തീരുമാനമെടുക്കാനുള്ള കഴിവാണ് വിജയങ്ങള്‍ക്കാധാരം. ആകയാല്‍, പവര്‍ഫുള്‍ ഭരണാധികാരിയാകാന്‍ – അത് ഓഫീസിലായാലും സുഹൃത്തുക്കള്‍ക്കിടയിലായാലും വീട്ടിലായാലും, നാട്ടുകാരുടെ കാര്യത്തിലായാലും – പവര്‍ഫുള്‍ തീരുമാനങ്ങള്‍ എടുക്കണം.

ലോകത്തെ പ്രധാനപ്പെട്ട ഭരണാധികാരികളെല്ലാം കണിശമായ തീരുമാനങ്ങളെടുത്തവരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!