ഒരു വ്യക്തിയുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അന്തര്‍ദ്ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന പരീക്ഷയാണ് International English Language Testing System (IELTS). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ മൊഡ്യൂളുകൾ  ആധാരമാക്കിയുള്ള ഈ പരീക്ഷയുടെ നടത്തിപ്പുകാര്‍ ബ്രിട്ടീഷ് കൗണ്‍സിലും IDP ആസ്ട്രേലിയയുമാണ്.
ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ Communication Skill, Speaking Skill, Writing Skill, Listening Skill, Reading Skill എന്നിവയെ മാനദണ്ഡമാക്കിയാണ് പരീക്ഷാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നത്. ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഉപരിപഠനം, ജോലി എന്നിവയ്ക്കായി പോകുന്നവരും  ഈ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരും (Migration) IELTS എഴുതി നിശ്ചിത സ്കോര്‍ സമ്പാദിച്ചിരിക്കേണ്ടതാണ്. യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, അമേരിക്ക എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്ക് IELTS നിര്‍ബന്ധമാണ്. വിദേശത്തെ നിങ്ങളുടെ പുതിയ ജീവിതത്തിൽ, പഠനത്തിലും ജോലിസ്ഥലത്തും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ നിങ്ങൾ പ്രാപ്തരാണ് എന്ന്  ഉറപ്പിക്കുന്ന രീതിയിലാണ് IELTS രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് കൂടാതെ , ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യത്തെ വിലയിരുത്തേണ്ടി വരുമ്പോള്‍ ലോകത്തെമ്പാടുമുള്ള സ്ഥാപനങ്ങളും കമ്പനികളും ഇപ്പോള്‍ IELTS നെ ആശ്രയിക്കുന്നുണ്ട് എന്നത് ഈ പരീക്ഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. IELTS പരീക്ഷ  മൂല്യനിര്‍ണ്ണയ രീതിയും വിലയിരുത്തല്‍ സമ്പ്രദായവും കുറ്റമറ്റതായതിനാൽ ഗൾഫ് മേഖലയിലടക്കം മിക്ക വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും ഉള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ  IELTS ടെസ്റ്റ് റിപ്പോര്‍ട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
പരീക്ഷ എഴുതുന്നവരുടെ ആവശ്യത്തെയും ഉദ്ദേശത്തെയും മുന്‍നിര്‍ത്തി IELTS മൊഡ്യൂലുകളെ അക്കാദമിക്, ജനറല്‍ ട്രെയിനിംഗ് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

അക്കാദമിക് ട്രെയിനിംഗ്

അണ്ടര്‍ ഗ്രാജുവേറ്റ് മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് തലംവരെ പഠിക്കുവാനും പ്രൊഫഷണല്‍ ജോലികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനും ആഗ്രഹിക്കുന്നവര്‍ അക്കാദമിക് മൊഡ്യൂലുകളിലാണ് പരീക്ഷ എഴുതേണ്ടത്.

ജനറല്‍ ട്രെയിനിംഗ്

ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ചുറ്റുപാടിൽ സെക്കൻഡറി വിദ്യാഭ്യാസം, പരിശീലന പരിപാടികൾ, തൊഴിൽ പരിചയം എന്നിവ ആഗ്രഹിക്കുന്നവർ ഈ മൊഡ്യൂളുകളിൽ ആണ് പരീക്ഷ എഴുതേണ്ടത്.
എന്നാല്‍ രണ്ടു വിഭാഗക്കാര്‍ക്കും Speaking ഉം Listening ഉം ഒന്നു തന്നെയായിരിക്കും. വ്യത്യാസം Reading ലും Writing ലും മാത്രമാണ്.

അക്കാദമിക് റീഡിംഗ് (Academic Reading)

ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയാണിത്. മൂന്നു സെക്ഷനുകളിലായി 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഓരോ സെക്ഷനിലും ജേണലുകളില്‍നിന്നോ, പുസ്തകങ്ങളില്‍നിന്നോ, മാസികകളില്‍ നിന്നോ ദിനപത്രങ്ങളില്‍ നിന്നോ എടുത്ത പൊതു പ്രാധാന്യമുള്ള ലേഖനങ്ങളായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെത് സെക്ഷനില്‍ താരതമ്യേന എളുപ്പമുള്ളതായിരിക്കുമെങ്കിലും രണ്ടാമത്തെതും മൂന്നാമത്തെതും കൂടുതല്‍ പ്രയാസമുള്ളതായിരിക്കും.

ജനറല്‍ ട്രെയിനിംഗ് റീഡിംഗ് (General Training Reading)

ഇവിടെയും പരീക്ഷ ഒരു മണിക്കൂര്‍ തന്നെ. ഈ പരീക്ഷയിലും മൂന്നു വിഭാഗങ്ങളിലായി 40 ചോദ്യങ്ങളാണ് ഉള്ളത്. എന്നാല്‍ അക്കാദമിക് റീഡിംഗിനെ അപേക്ഷിച്ച് എളുപ്പമുള്ളതായിരിക്കും. പരസ്യങ്ങള്‍, ലഘുലേഖകള്‍, പത്രങ്ങള്‍, മാസികകള്‍, മാന്വലുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ നിന്ന് എടുത്തിട്ടുള്ള ഭാഗങ്ങളായിരിക്കും അവ. വസ്തുതാപരമായ വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍ ജീവിച്ചുപോരുവാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയ്ക്കാണ് ഈ ഭാഗത്ത് പ്രാധാന്യം കൊടുത്തിട്ടുള്ളത്.

അക്കാദമിക് റൈറ്റിംഗ് (Academic Writing)

ഒരു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍, തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് 150 വാക്കുകളില്‍ കുറയാതെ വ്യക്തവും ലളിതവുമായി എഴുതുക എന്നുള്ളതാണ് ഒന്നാമത്തെ ടാസ്ക്. 20 മിനിറ്റ് സമയം ഇതിന് എടുക്കാം. രേഖാചിത്രം (Diagram) ഭൂപടം (Map), രൂപരേഖ(Chart), പട്ടിക (Table) തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് എഴുതുവാനാണ് ആവശ്യപ്പെടുക. ഉചിതമായ പദപ്രയോഗം (Apt vocabulary), വിശദീകരിച്ച് പറയാനുള്ള കഴിവ് (Ability to speak at length), ആശയങ്ങള്‍ ക്രോഡീകരിക്കാനുള്ള പ്രാപ്തി, സിമ്പിള്‍, കോംപ്ലക്സ്, കോമ്പൗണ്ട് വാചകങ്ങള്‍ ഇടകലര്‍ത്തി എഴുതാനുള്ള കഴിവ്, ഉചിതമായ ലിങ്ക് വാക്കുകളുടെ (Link words) പ്രയോഗം എന്നിവയാണ് ഈ ഭാഗത്ത് പരീക്ഷിക്കപ്പെടുന്നത്.  രണ്ടാമത്തെ ടാസ്കില്‍ 250 വാക്കുകള്‍ ഉള്ള ഒരു ഉപന്യാസമാണ് തയ്യാറാക്കേണ്ടത്. 40 മിനിറ്റ് ഇതിന് എടുക്കാം. തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് സമഗ്രമായി എഴുതുവാനുള്ള കഴിവാണ് ഇവിടെ പരിശോധിക്കുന്നത്. ക്വട്ടേഷനുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ വിശകലനങ്ങളോ കുത്തി നിറച്ചതുകൊണ്ട് വലിയ പ്രയോജനമില്ല. സ്വന്തം ആശയത്തിനും അഭിപ്രായത്തിനുമാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാതെ എഴുതണം. എഴുത്തിന്‍റെ ശൈലിക്കും ഉചിത പദങ്ങളുടെ പ്രയോഗത്തിനും പ്രാധാന്യമുണ്ട്.

ജനറല്‍ ട്രെയിനിംഗ് റൈറ്റിംഗ് (General Training Writing)

ഇതിലും 20 മിനിറ്റിന്‍റെയും 40 മിനിറ്റിന്‍റെയും രണ്ട് ടാസ്കുകള്‍ ഉണ്ട്. ആദ്യത്തെ ടാസ്കില്‍ ഒരു കത്ത് ആണ് തയ്യാറാക്കേണ്ടത്. കത്തിന്‍റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. സ്കൂള്‍, കോളേജ് ക്ലാസുകളിലേതുപോലെ പ്രേക്ഷകന്‍, സ്വീകര്‍ത്താവ് എന്നിവരുടെ ഒന്നും മേല്‍വിലാസങ്ങള്‍ ചേര്‍ക്കേണ്ടതില്ല. Dear Mr/Ms…. എന്നു തുടങ്ങി truly yours, sincerely yours എന്നിങ്ങനെ അവസാനിപ്പിച്ചാല്‍ മതി. ഇവിടെയും ഉചിത പദപ്രയോഗം, ശരിയായ വാക്യഘടന, അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാത്ത വാചകങ്ങള്‍, വ്യക്തവും സൂക്ഷ്മവുമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാനുള്ള കഴിവ് എന്നിവയാണ് പരീക്ഷിക്കപ്പെടുന്നത്. രണ്ടാമത്തെ ടാസ്കില്‍ 250 വാക്കുകളുള്ള ഒരു ലേഖനമാണ് തയ്യാറാക്കേണ്ടത്. അക്കാദമിക് റൈറ്റിംഗിലെ രണ്ടാമത്തെ ടാസ്കിന്‍റെ അത്രയും ഗഹനമായ വിഷയം ആയിരിക്കണമെന്നില്ല ഇവിടെ ചോദിക്കുന്നത്.

സ്പീക്കിംഗ് (Speaking)

വിദ്യാര്‍ത്ഥിയും എക്സാമിനറും തമ്മിലുള്ള മുഖാമുഖ സംഭാഷണമാണിത്. 11 മുതല്‍ 14 മിനിറ്റ് വരെ നീണ്ടുനിന്നേക്കാം. വിദ്യാര്‍ത്ഥിയുടെ ഭാഷാ സ്വാധീനം, പദസ്വാധീനം, ഉച്ചാരണശുദ്ധി, ഏതുവിഷയത്തെക്കുറിച്ചും തത്സമയം സംസാരിക്കുവാനുള്ള കഴിവ് എന്നിവയാണ് ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടുന്നത്. സ്പീക്കിംഗ് ടെസ്റ്റ് ആദ്യന്ത്യം ടേപ്പ് ചെയ്യുന്നുണ്ടാവും. ഈ ടെസ്റ്റിന് മൂന്ന് ഭാഗങ്ങളുണ്ട്.
1: Introduction and interview 
ക്യാബിനിലേക്ക് ആനയിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയെ എക്സാമിനര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുകയും പേരുപറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥിയുടെ പേര്, വീട്, ജോലി, പഠനം, ജനിച്ചുവളര്‍ന്ന സ്ഥലം, ഹോബി എന്നിങ്ങനെയുള്ള സുപരിചിത വിഷയങ്ങളെക്കുറിച്ച് എക്സാമിനര്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥിയുടെ പരിഭ്രമവും ആശങ്കകളും അകറ്റുക എന്ന ഉദ്ദേശവും ഈ ചോദ്യങ്ങള്‍ക്കുണ്ട്. പരീക്ഷാര്‍ത്ഥിയുടെ പാസ്പോര്‍ട്ടാണ് ഇപ്പോള്‍ തിരിച്ചറിയല്‍ രേഖയായി സര്‍വ്വസാധാരണയായി അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ സ്പീക്കിംഗ് പരീക്ഷയ്ക്ക് എത്തുന്നവര്‍ അവരവരുടെ ഒറിജിനല്‍ പാസ്പോര്‍ട്ടും അതിന്‍റെ ഒരു ഫോട്ടോ കോപ്പിയും കയ്യില്‍ കരുതേണ്ടതാണ്.
2: Topic Card or Cue Card session
വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു വിഷയം രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്‍ഡ് കൊടുക്കുന്നു. ആ വിഷയത്തെക്കുറിച്ചുള്ള രണ്ടുമൂന്നു പോയിന്‍റുകളും അതില്‍ ഉണ്ടാകും. തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് തയ്യാറാകുന്നതിന് ഒരു മിനിറ്റ് സമയം അനുവദിക്കും. പരിശോധകന്‍ പറയുമ്പോള്‍ ലഭിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് രണ്ടോ മൂന്നോ മിനിറ്റ് തുടര്‍ച്ചയായി സംസാരിക്കണം. ഈ സമയത്ത് പരിശോധകന്‍ ഇടപെടുകയില്ല. വിദ്യാര്‍ത്ഥി പറയുന്നത് അദ്ദേഹം സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയായിരിക്കും. സംസാരം കഴിയുമ്പോള്‍ പരിശോധകന്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിച്ചേക്കാം.
3: Detailed Discussion 
രണ്ടാം ഭാഗത്ത് തന്നിരുന്ന വിഷയത്തോട് ബന്ധമുള്ള ഏതെങ്കിലും ഒന്നിനെക്കുറിച്ച് ദീര്‍ഘമായ ഒരു ചര്‍ച്ചയിലേക്ക് പരിശോധകന്‍ വിദ്യാര്‍ത്ഥിയെ കൊണ്ടുപോകുന്നു.
IELTS പരിക്ഷയില്‍ Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ഒരാഴ്ചക്കുള്ളീല്‍ പൂർത്തീകരിചാല്‍ മതി. ഇതിനെ പറ്റിയുള്ള വിവരങള്‍പരീക്ഷാ കേന്ദ്രം അറിയിക്കുന്നതാണ്. പരീക്ഷാര്‍ത്ഥിക്ക് ലഭിക്കുന്ന ഹാള്‍ടിക്കറ്റിലോ എസ്.എം.എസ്. മെസ്സേജിലോ ഓരോ ടെസ്റ്റിന്‍റെയും സ്ഥലവും തിയ്യതിയും സമയവും രേഖപ്പെടുത്തിയിരിക്കും. നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാര്‍ത്ഥി ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പരീക്ഷ കഴിഞ്ഞ് പതിമൂന്നാം ദിവസം ഫലം പ്രഖ്യാപിക്കുന്നതും രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ടെസ്റ്റ് റിപ്പോര്‍ട്ട് (Test Report) അയച്ചു തരുന്നതുമാണ്.
പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. അംഗീകൃത IELTS കോച്ചിംഗ് സെന്‍ററുകളിലൂടെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് IELTS പരീക്ഷകള്‍ നടക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 140ഓളം രാജ്യങ്ങളിലായി 1100 IELTS ടെസ്റ്റ് സെന്‍ററുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ 42 ടെസ്റ്റ് സെന്‍ററുകളും നൂറുകണക്കിന് പരിശീലനകേന്ദ്രങ്ങളുമുണ്ട്. ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പുറമെ പ്രമുഖ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ഇംഗ്ലീഷ് സ്വന്തം നിലയില്‍ മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും IELTS ഒരു അനുഗ്രഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!