തുഷാര എസ്. നായര്‍
ചൈല്‍ഡ് & ഫാമിലി കൌണ്‍സിലര്‍

നമ്മുടെ മനസ്സും തൊഴിലും തമ്മിൽ ബന്ധമുണ്ടോ, മനസ്സുകൊണ്ടാണോ  കൈകൾ കൊണ്ടാണോ നാം തൊഴിൽ ചെയ്യേണ്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

നമുക്ക് സുനീഷ് എന്ന ചെറുപ്പക്കാരൻറെ  കഥ കേൾക്കാം.

മുപ്പൊത്തൊന്നുകാരനായ സുമേഷ് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഏരിയ മാനേജരായി ജോലിക്ക്  പ്രവേശിച്ചത് ഏറെ പ്രതീക്ഷകളോടെ ആയിരുന്നു. എന്നാൽ സുമേഷ് പ്രതീക്ഷിച്ചത് പോലെയുള്ള സാഹചര്യമായിരുന്നില്ല അവിടെ. സുമേഷിന്‍റെ മേലുദ്യോഗസ്ഥൻ വളരെ കർക്കശക്കാരനും, കീഴുദ്യോഗസ്ഥരുടെ കഴിവിനെ അംഗീകരിക്കാൻ വൈമനസ്യമുള്ള ആളുമായിരുന്നു. ഈ അന്തരീക്ഷം സുമേഷിന്‍റെ മാനസികാവസ്ഥയെ  കാര്യമായി ബാധിച്ചു. തൊഴിൽ സ്ഥലത്തെ ബുദ്ധിമുട്ടുകൾ പതുക്കെ സുമേഷിന്‍റെ വ്യക്തിപരമായ ജീവിതത്തെയും ബാധിക്കാൻ തുടങ്ങി. ഇതിൽ നിന്നും മുക്തി നേടാൻ ഒടുവിൽ സുമേഷ് ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ടതായ് വന്നു. വാസ്തവത്തിൽ എന്തായിരുന്നു ഇവിടെ സംഭവിച്ചത് ? സെയിൽസിൽ ഒരുപാട് നൂതന ആശയങ്ങൾ ഉള്ള വ്യക്തിയായിരുന്നു സുമേഷ്. എന്നാൽ ആ ആശയങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള പ്രചോദനമോ,  സ്വാതന്ത്ര്യമോ മേലുദ്യോഗസ്ഥൻ സുമേഷിനു നൽകിയില്ല. സുമേഷിന്‍റെ ഒരു പ്രവർത്തിയിലും അദ്ദേഹം തൃപ്തി കാണിച്ചില്ല. അതോടെ സുമേഷിന്‍റെ ആത്മാഭിമാനം വ്രണപെട്ടു തുടങ്ങി.

ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ പ്രകടനമികവ്  കുറയുന്നത് അവനിലെ ആത്മാഭിമാനം കുറയുമ്പോഴാണ്. അടുത്തിടെ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞത് ഇപ്പോൾ മിക്ക ജീവനക്കാരും “ഹൈ ഡിഗ്രി ജോബ് സ്ട്രെസ്സ്” അനുഭവിക്കുന്നവർ ആണ് എന്നതാണ്.

ഇന്നത്തെ കാലത്ത് ജോബ് സെക്യൂരിറ്റി ഇല്ലായ്മ എന്ന പ്രവണത, മേലുദ്യോഗസ്ഥരുടെ സ്വഭാവമായി ഒത്തുപോകുവാനുള്ള ബുദ്ധിമുട്ട്, ഉദ്യോഗകയറ്റത്തിലെ  അനിശ്ചിതാവസ്ഥ, തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യകുറവ്, റോൾക്ലാരിറ്റി ഇല്ലായ്മ എല്ലാം “ജോബ് സ്ട്രെസ്സ്“നു കാരണമാകുന്നു. ഇങ്ങനെ ഉള്ളവർക്ക് ഉത്കണ്ഠ, വിഷാദം, തലവേദന, ഉറക്കമില്ലായ്മ, തളർച്ച എന്നിവ അനുഭവപ്പെടുന്നു.

ഇതിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്ന് നോക്കാം.

1. ഒരു ബുക്കിലോ,  ഡയറിയിലോ നമുക്ക് പിരിമുറുക്കം അനുഭവപ്പെട്ട സാഹചര്യങ്ങളും  അപ്പോൾ നമുക്കുണ്ടായ വികാരങ്ങളും വിചാരങ്ങളും പകർത്തിവയ്ക്കുക. ആ  സാഹചര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.

2. പിരിമുറുക്കം ഉണ്ടാകുമ്പോൾ ലഹരികൾക്ക് അടിമപ്പെടാതിരിക്കുക. യോഗയും,  വ്യായാമവും, മെഡിറ്റേഷനും ഒരു പരിധിവരെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

3. ദിവസവും അരമണിക്കൂറെങ്കിലും ഇഷ്ടവിനോദത്തിൽ ഏർപ്പെടുവാൻ സമയം കണ്ടെത്തുക.

4. സുഖമായി ഉറങ്ങുവാൻ ശീലിക്കുക. ഒരു പരിധിവരെ പിരിമുറുക്കം കുറയ്ക്കാൻ നല്ലയുറക്കം  സഹായിക്കും. അതിനാൽ രാത്രി വൈകിയുള്ള കഫീൻ പദാർത്ഥങ്ങളുടെ ഉപയോഗം, ടി.വി കാണൽ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

5. മേലുദ്യോഗസ്ഥനുമായുള്ള ഒരു തുറന്ന സംഭാഷണത്തിനു തയ്യാറാവുക. ആ സംഭാഷണത്തിൽ ഒരിക്കലും പരാതികളുടെ നീണ്ട പട്ടിക ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.

6. നമ്മുടെ പിരിമുറുക്കങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുക.

7. എല്ലാ കാര്യങ്ങളെയും പോസിറ്റീവായ  രീതിയിൽ കാണാൻ ശ്രമിക്കുക.

എപ്പോഴും ഓർക്കുക, ജീവിതത്തിൽ  ഉണ്ടാവുന്ന പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ പറ്റാത്തവയാണ്. അതിനെ  ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഓരോ പ്രതിസന്ധികളേയും നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണുന്നതാണ് ജീവിതവിജയത്തിൻറെ  താക്കോൽ.

Also Read: നിങ്ങളുടെ തൊഴിലില്‍ സംതൃപ്തരാണോ?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!