Ravi Mohan

RAVI MOHAN

Editor-in-Chief 

 

എന്‍റെ അനുഭവത്തില്‍ നമ്മളില്‍ ബഹുഭൂരിപക്ഷവും സ്വന്തം തൊഴിലില്‍ പൂര്‍ണ്ണ തൃപ്തരല്ല. മിക്കവാറും ആളുകള്‍ തങ്ങളുടെ തൊഴിലും അതിന്‍റെ സാഹചര്യങ്ങളുമായി ഒരു തരത്തില്‍ പൊരുത്തപ്പെട്ടു പോകുന്നു എന്ന് മാത്രം. ഇത് കേട്ട്, എല്ലാവരും ഈ ഗണത്തില്‍പെടുന്നു എന്ന് തെറ്റിദ്ധരിച്ചേക്കല്ലേ. അങ്ങനെയൊരു പക്ഷം എനിക്കില്ല. നമ്മളില്‍ ചിലരുണ്ട്, ചെയ്യുന്ന തൊഴിലിനെ പ്രണയിക്കുകയും, ജോലിയില്‍  സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ചിലര്‍.

നിങ്ങള്‍ക്കും സ്വന്തം ജോലിയില്‍ സന്തോഷം കണ്ടെത്താം. അത് നിങ്ങളുടെ ജീവിതത്തിനു സാമ്പത്തിക വിജയമടക്കം ഒരുപാട് മൂല്യങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. തൊഴിലും അത് ചെയ്യുന്ന രീതികളും തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കുക എന്നത് ഇക്കാര്യത്തില്‍ വളരെ നിര്‍ണ്ണായകമായ ഒന്നാണ്. കാരണം എല്ലാ തൊഴിലുകള്‍ക്കും നിങ്ങളെ അസംതൃപ്തരാക്കാന്‍ പോന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നത് തന്നെ. അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ മുഖത്തൊരു പുഞ്ചിരിയോടെ കടന്നു പോകാന്‍ നിങ്ങള്‍ പ്രാപ്തരായേ മതിയാകൂ.

ഞാന്‍ എന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ നടന്ന ഒരു സംഭവം ഉദാഹരണമായി പറയാം. സെയില്‍സ് ആന്‍ഡ് മാര്‍ക്കെറ്റിംഗ് തൊഴിലായി തെരഞ്ഞെടുത്ത ഞാന്‍ ഒരു പ്രമുഖ കമ്പനിയുടെ തിരുവനന്തപുരം മേഖലയില്‍ ചാര്‍ജ്ജെടുത്തു. കമ്പനിയില്‍ പുതു മുഖമായതുകൊണ്ട് തന്നെ, കമ്പനിയുടെ നിര്‍ജ്ജീവമായ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക എന്നതായിരുന്നു ആദ്യ ടാസ്ക്ക്. അതായത്, ഒരു തരത്തിലും കമ്പനിയുടെ പ്രോഡക്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാത്ത കസ്റ്റമേര്‍സിനെ സന്ദര്‍ശിച്ച് സെയില്‍സ് സാധ്യതകള്‍ കണ്ടെത്തുക എന്ന ശ്രമകരമായ ദൌത്യം. ഒട്ടു മിക്ക ദിവസങ്ങളിലും ഒരു കോള്‍ പോലും പ്രൊഡക്ടീവ് ആകാത്ത സാഹചര്യം. നിരുത്സാഹപ്പെടുത്തലുകളും, കളിയാക്കലുകളും വേറെ. സെയില്‍സ് ജോലി എനിക്ക് മടുത്തു തുടങ്ങി.

പക്ഷെ ഞാന്‍ ജോലി ഉപേക്ഷിച്ചില്ല. അതില്‍ വലിയ സംഭവം ഒന്നും കാണേണ്ട കേട്ടോ. മറ്റൊന്നുമല്ല, ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ മാസാരംഭത്തില്‍ ലഭിക്കുന്ന ശമ്പളം തന്നെയായിരുന്നു അതിന്‍റെ കാരണം. ഒരുപാട് കഷ്ടപ്പെട്ടിട്ടും മനസിന് തൃപ്തിയുണ്ടാകുന്ന നേട്ടങ്ങള്‍ ലഭിക്കുന്നില്ല എന്നത് മാത്രമല്ല, എന്‍റെ വ്യക്തിപരമായ കഴിവുകള്‍ നശിച്ചു പോകുമോ എന്ന സംശയം ഭീകരമായി എന്നെ അലട്ടി തുടങ്ങി.

സത്യത്തില്‍ എനിക്ക് തൃപ്തി നല്‍കാത്തത് എന്‍റെ തൊഴിലാണോ അതോ ഞാന്‍ തൊഴില്‍ ചെയ്യുന്ന രീതിയായിരുന്നോ? അതിനുള്ള ഉത്തരമായിരുന്നു എന്നെ മാറ്റി മറിച്ചത്. അതെ, ഞാന്‍ ജോലി ചെയ്യുന്ന രീതികളായിരുന്നു ഈ സങ്കടങ്ങളിലെ എന്‍റെ വില്ലന്‍. ഈ തിരിച്ചരിവ് എന്നെ അവസരങ്ങള്‍ തേടിയിറങ്ങാന്‍ സഹായിച്ചു. പുതിയ അവസരങ്ങളും സങ്കേതങ്ങളും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. എന്‍റെ കഴിവുകളെ തിരിച്ചറിയാന്‍ സാധിച്ചത്തിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു.

ഞാന്‍ ആദ്യം സൂചിപ്പിച്ചത് പോലെ ചിലര്‍ക്ക് തങ്ങളുടെ ജോലിയില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്താന്‍ സാധിക്കും എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ തൊഴില്‍ വെറും ‘OK’ ആയിരിക്കും. നിങ്ങളുടെ ബോസ്സ് എപ്പോഴും കുറ്റപ്പെടുത്താറുണ്ടോ? നിങ്ങളുടെ നേട്ടങ്ങളെ വേണ്ട രീതിയില്‍ അഭിനന്ദിക്കുന്നില്ല എന്ന് തോന്നാറുണ്ടോ? നിങ്ങളുടെ ശമ്പളം അപര്യാപ്തമാണെന്ന് തോന്നുന്നുണ്ടോ? കമ്പനി അത്രയ്ക്ക് പോര എന്ന അഭിപ്രായമാണോ? ഒരു കാര്യം ഞാന്‍ പറയട്ടെ, ഇതെല്ലാം വെറും താല്‍ക്കാലികം മാത്രമായ സാഹചര്യങ്ങളാണ്. ഇതൊന്നും തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യ നിര്‍ണ്ണയ ഘടകങ്ങള്‍ അല്ല എന്ന് മനസ്സിലാക്കുക. നിങ്ങളുടെ ജോലി നിങ്ങള്‍ ഭംഗിയായി ചെയ്യുക.

ഒരു പ്രത്യേക ജോലി അല്ലെങ്കില്‍ തൊഴില്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമല്ല എന്ന തോന്നലുണ്ടെങ്കില്‍ പോലും നിങ്ങളുടെ തൊഴില്‍ രീതികള്‍  മെച്ചപ്പെടുത്തി നിങ്ങള്‍ക്കവയെ പ്രണയിച്ചു തുടങ്ങാം. ഞാനും സെയില്‍സ് രംഗത്തെ പ്രണയിച്ചു തുടങ്ങിയത് മെല്ലെ മെല്ലെയായിരുന്നു.

ഇതിനര്‍ത്ഥം, അസഹനീയമായ തൊഴില്‍ സാഹചര്യങ്ങളില്‍ തുടരണമെന്നല്ല.  പ്രവര്‍ത്തന മേഖലയിലെ പരിചയ സമ്പന്നത, ബന്ധങ്ങള്‍, നേട്ടങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തെ ഉറച്ച രീതിയില്‍ കരുപിടിപ്പിക്കുന്നതിന് സഹായകമാകും.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ ലഭിച്ചില്ലയെങ്കില്‍, ലഭിച്ച തൊഴില്‍ ഇഷ്ട്ടപ്പെട്ട രീതിയില്‍ ചെയ്യുക.”

തൊഴില്‍ ചെയ്യുന്ന രീതികളില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം തിരക്ക് പിടിച്ച ജീവിതത്തില്‍ നിങ്ങള്‍ വ്യക്തിപരമായി നടപ്പില്‍ വരുത്തേണ്ടുന്ന ഒരു ചെറിയ ടെക്നിക്ക് പറഞ്ഞു തരാം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനും, തൃപ്തമാക്കുന്നതിനും നിങ്ങള്‍ തയ്യാറെടുക്കുക. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ നിങ്ങളെ ആനന്ദിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി മനസ്സ് തേടി തുടങ്ങും; അത് നിങ്ങളുടെ ജോലി സ്ഥലത്ത് തന്നെയാകണമെന്നില്ല, വീട്ടിലോ അല്ലെങ്കില്‍ മറ്റെവിടെങ്കിലുമോ ആയിരിക്കും.

നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമാണോ? പഠിപ്പിക്കാന്‍ ഇഷ്ടമാണോ? പാചകം, ഡ്രൈവിംഗ്, സ്പോര്‍ട്ട്സ്, കാറുകള്‍ എന്നിവയിലേതിലെങ്കിലും കൂടുതലായി താല്‍പ്പര്യവും ഇഷ്ടവുമുണ്ടോ? കുടുംബം ,സുഹൃത്തുക്കള്‍, യാത്രകള്‍ എന്നിവ അതിയായ സന്തോഷം നല്‍കുന്നുണ്ടോ? ഉത്തരം യസ് എന്നാണെങ്കില്‍, അഭിനന്ദനങ്ങള്‍!! അവയെല്ലാം നിങ്ങളുടെ മനസ്സിന്‍റെ സന്തോഷത്തിലേക്കുള്ള വഴിത്തിരിവുകളാണ്. ഈ ഇഷ്ടങ്ങളെ, നിങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ഞെരിച്ചു കൊല്ലാനുള്ളതല്ല, മറിച്ച് ജീവിതത്തില്‍ ചെറു സമയക്രമീകരണത്തോടു കൂടി നടപ്പില്‍ വരുത്താനുള്ളവയാണ്. അതിനായി ഓരോ ദിവസവും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് സമയം മാറ്റി വയ്ക്കാവുന്നതാണ്.

നിങ്ങളുടെ തൊഴില്‍ ഏത് രംഗത്തായാലും,  ആത്മവിശ്വാസത്തോടെ ഉദ്യമങ്ങള്‍ ഏറ്റെടുക്കാനും,  ഒരു ചെറു പുഞ്ചിരിയോടെ അത് ഭംഗിയായി നടപ്പില്‍ വരുത്താനും സാധിക്കട്ടെ.

Also Read: ജോലി കണ്ടെത്താന്‍ ലിങ്ക്ഡ് ഇൻ സഹായിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here