Ravi Mohan

RAVI MOHAN

Editor-in-Chief 

ഷോപ്പിങ്ങിനായി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുന്നത് മനോഹരമായ പാക്കിംഗില്‍ ഡിസ്പ്ലേ ചെയ്തിട്ടുള്ള ഉത്പന്നങ്ങളാണ്. നമുക്കാവശ്യമുള്ള ഉത്പന്നം തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ തീരുമാനത്തെ ഏറ്റവും പ്രഥമമായി സ്വാധീനിക്കുന്നതും അതിന്‍റെ ആകര്‍ഷണീയമായ കവര്‍ തന്നെയാണെന്നതാണ് സത്യം. പറഞ്ഞു വരുന്നത് വിപണന മേഖലയിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘടകമാണ് പാക്കേജിംഗ് എന്നത്. ഉത്പന്നങ്ങളുടെ വലിപ്പവും സ്വഭാവവും മാറുന്നതിനനുസരിച്ച് പാക്കേജിംഗും മാറുന്നു. ഒരു പ്രൊഡക്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും പൊതിഞ്ഞു എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കേടുപാടുകള്‍ കൂടാതെ ഉപഭോക്താവിന്‍റെ കയ്യില്‍ എത്തുന്നത് വരെയുള്ള പ്രക്രിയയാണ് പാക്കേജിംഗ് എന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഈ രംഗത്ത് കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ചില്ലറയല്ല. ഒരു ഉത്പന്നത്തെ സംരക്ഷിക്കല്‍, കേടുപാട് കൂടാതെ ഉപഭോക്താവിന് എത്തിച്ചു കൊടുക്കുക, ആകര്‍ഷണം ജനിപ്പിക്കുക, തിരിച്ചറിയുക, അതിന്‍റെ ഗുണനിലവാരവും പ്രത്യേകതകളും മനസ്സിലാക്കി കൊടുക്കുക തുടങ്ങി ഒട്ടേറെ ധര്‍മ്മങ്ങള്‍ പാക്കേജിംഗ് മേഘലയ്ക്ക് നിര്‍വ്വഹിക്കാനുണ്ട്.

വലിയ പേപ്പര്‍ കാര്‍ട്ടനുകളില്‍ തുടങ്ങി സാങ്കേതിക വിദ്യയും പാരിസ്ഥിക മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള പാക്കേജിംഗ് രീതികള്‍ വരെ നിലവിലുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ സ്വഭാവവും സാഹചര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ മികച്ച ഗവേഷണങ്ങള്‍ നടന്നു വരുന്ന ഈ രംഗത്ത് തൊഴിലവസരങ്ങള്‍ അനേകമാണ്.

നിരവധി ഘടകങ്ങള്‍ പാക്കേജിംഗ് രംഗത്തെ സ്വാധീനിക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കാണ് അവയുടെ പാക്കേജിംഗ് എന്നത്. എത്രത്തോളം പാക്കേജിംഗ് ചെലവ് കുറയുന്നുവോ അത്രയും ഉത്പന്നത്തിന്‍റെയും വില കുറയ്ക്കാന്‍ സാധിക്കുമെന്നത് പല കമ്പനികളെയും ഫ്ലെക്സിബിള്‍ പാക്കിംഗ് പോലുള്ള രീതികളിലേക്ക് ആകര്‍ഷിക്കാറുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ, ഒരു ഉപഭോക്താവിനെ ആദ്യം ആകര്‍ഷിക്കുന്നത് ഉത്പന്നത്തിന്‍റെ പാക്കിംഗ് ആണ്. അത് മാത്രമല്ല ഉത്പന്നം കൈകാര്യം ചെയ്യുന്നതിനും അത് സൂക്ഷിച്ചു വയ്ക്കുന്നതിനുമുളള എളുപ്പവും ഉപഭോക്താവിനെ അതിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന വസ്തുതകള്‍ പാക്കേജിംഗിനെ സ്വാധീനിക്കുന്നുണ്ട്. പാക്കിംഗ് മെറ്റീരിയലുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജുകളും വര്‍ദ്ധിക്കും. കമ്പനികള്‍ ഈ വിഷയം ഗൌരവകരമായി ശ്രദ്ധിക്കുന്ന കാര്യമാണ്.

വിപണിയില്‍ കമ്പനികളുടെ മത്സരങ്ങളുടെ കാലമാണ്. വ്യത്യസ്തവും നൂതനവും ഒപ്പം ആകര്‍ഷകവുമായ ഒട്ടേറെ രീതികള്‍ പാക്കിംഗ് രംഗത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. പെട്ടെന്ന് കസ്റ്റമറുടെ ശ്രദ്ധ കിട്ടുന്ന രീതിയിലുള്ള ഹോളോഗ്രാഫിക് ഇഫക്റ്റ്, ചൂട് / തണുപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന തരത്തിലുള്ള പാക്കിംഗ്, ഉത്പന്നത്തിന്‍റെ ഗുണനിലവാരം നഷ്ട്ടപ്പെടാതെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്ന പാക്കിംഗ്, കെമിക്കലുകള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ഒഴിവാക്കി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ പാക്കിംഗ് ഇങ്ങനെ തുടങ്ങി സ്മാര്‍ട്ട് ആയ നിരവധി രീതികള്‍ അവലംബിച്ചാണ് പാക്കേജിംഗ് രംഗം കടന്നു പോകുന്നത്.

പാക്കേജിംഗ് കോഴ്സുകള്‍

അനുയോജ്യമായ ആവരണങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കു വാനും നാശനഷ്ടം സംഭവിക്കാതെ വിതരണം ചെയ്യുവാനും അനുയോജ്യമായ ആവരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുവാനും അവ ഉല്‍പ്പാദിപ്പിക്കാനും പാക്കേജിംഗ് കോഴ്സ് പരിശീലനം നല്‍കുന്നു. ഫുഡ് സയന്‍സ്, ഇഞ്ചിനീയറിംഗ്, മൈക്രോബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് പാക്കേജിംഗ് പഠനം പ്രയോജനം ചെയ്യും. പാക്കേജിംഗില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളാണുള്ളത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഉണ്ട്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാം. മുംബൈ ആസ്ഥാനമായും ദില്ലി, ചെന്നൈ, കൊല്ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശാഖകളുമുള്ള ഇന്‍ഡ്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ആണ് പാക്കേജിംഗ് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം. ബി.എസ്.സി / ബിടെക് ബിരുദധാരികള്‍ക്കായുള്ള രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമയാണ് ഇവിടുത്തെ പ്രധാന കോഴ്സ്. മിന്‍സ്ട്രി ഓഫ് കൊമേഴ്സ്‌ ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇത്. അതുകൊണ്ട് തന്നെ താരതമ്യേന ഫീസ്‌ കുറവാണിവിടെ. ബി.എസ്.സി / ബിടെക് ബിരുദമുള്ളവര്‍ക്ക് 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും 18 മാസത്തെ വിദൂര വിദ്യാഭ്യാസ കോഴ്സും ഇവിടെ ലഭ്യമാണ്.

ഭക്ഷണ പദാര്‍ഥങ്ങള്‍, ഫാര്‍മസി, എന്‍ജിനീയറിങ്, മുഖ്യ വ്യവസായ മേഖലകള്‍ എന്നിവയില്‍ ഉപയോഗിച്ചു വരുന്ന അടിസ്ഥാന പാക്കേജിങ് വസ്തുക്കളായ പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റല്‍ കണ്ടെയ്നര്‍, ഫിലിം, ലാമിനേറ്റുകള്‍, കുഷനിങ്, അനുബന്ധ മെറ്റീരിയലുകള്‍, പരമ്പരാഗതവും ആധുനികവുമായ പാക്കേജിങ് രീതികള്‍, പ്രക്രിയകള്‍, സ്റ്റാന്‍ഡേഡൈസേഷന്‍, പാക്കേജിങ് ചെലവ്, അതിന്റെ സാമ്പത്തിക വശം, ഗുണനിലവാര പരിശോധന തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ പെടുന്നു. (വിശദവിരങ്ങള്‍ക്ക് http://www.iip-in.com സന്ദര്‍ശിക്കുക.)

മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള SIES സ്കൂള്‍ ഓഫ് പാക്കേജിംഗ് (പാക്കേജിംഗ് ടെക്നോളജി സെന്‍റര്‍) ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമാണ്‌. രണ്ടു പാക്കേജിംഗ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വര്‍ഷത്തെ ഫുള്‍ ടൈം പോസ്റ്റ്‌ ഗ്രാജുവേറ്റ് കോഴ്സ്, ഒരു വര്‍ഷത്തെ ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സും വിദൂര വിദ്യാഭ്യാസ കോഴ്സും ഇവിടെ ലഭ്യമാണ്. (വിശദവിരങ്ങള്‍ക്ക് http://www.siessop.edu.in/)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!