അബ്ദുള്ള ബിൻ മുബാറക്

കേരള സ്റ്റാർട്ട്അപ്പ്  മിഷൻ സംരംഭകർക്കായി നിർമ്മിച്ച ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് നാടിനു സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുമ്പ് തന്നെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇന്നോവേഷൻ ഹബ് എന്ന ഖ്യാതി കരസ്ഥമാക്കിയ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സ് കളമശ്ശേരി കിൻഫ്ര പാർക്കിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.

എട്ടു നിലകളിലായി ഒരു ലക്ഷത്തി എൺപത്തിരണ്ടായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പരന്നു കിടക്കുന്ന സ്റ്റാർട്ട്അപ്പ് കോംപ്ലക്സ് വഴി രണ്ടായിരത്തിലധികം ലോകോത്തര നിലവാരമുള്ള സ്റ്റാർട്ട്അപ്പുകളെ ഉയർത്തിക്കൊണ്ടുവരാനാണ് ആദ്യഘട്ടത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്. ഹാർഡ്‌വെയർ അധിഷ്ഠിതമായിട്ടുള്ള സ്റ്റാർട്ടപ്പുകൾ ലക്ഷ്യം വെച്ചുള്ള മേക്കർ വില്ലേജ്, ബയോടെക്നോളജി രംഗത്തെ മികവിനായി BIONEST, കാൻസർ രോഗ നിർണയ-ചികിത്സാ തലത്തിൽ സാങ്കേതിക പുരോഗതി കൈവരിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച BRIC, ലോകോത്തര ഹാര്‍ഡ്‌വെയര്‍ അക്സെലറെറ്ററായ BRINC തുടങ്ങിയവയാണ് നിലവിൽ സ്റ്റാർട്ട്അപ്പ് കോംപ്ലക്സ് ഒരു കുടക്കീഴിൽ അണിനിരത്തുന്നത്.

ഇതിനോടനുബന്ധിച്ചു തന്നെ സംരംഭകർക്കായുള്ള പ്രാഥമിക സൗകര്യങ്ങൾ, കോവർക്കിങ് സ്പേസുകൾ, സ്‌കെയ്‌ലിങ് സ്പേസ്, ട്രെയിനിങ് സെന്ററുകൾ, സോഫ്റ്റ്‌വെയർ ലാബ്,  സെന്റർ ഓഫ് എക്സലൻസ് മുതലായവയും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. മൊത്തം എട്ടു നിലകളിൽ മൂന്നെണ്ണമാണ് നിലവിൽ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള അഞ്ചെണ്ണം ഈ വർഷത്തോടെ തന്നെ പ്രവർത്തന സജ്ജമാക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

മുഖ്യമന്ത്രി ഉദ്ഘാടകനായി പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന ഐ.ടി. സെക്രട്ടറി ശിവശങ്കർ ഐ എ എസ് സ്വാഗത പ്രഭാഷണം നടത്തി. സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലകസിന്റെ പൂർത്തീകരണം കേരളത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുമെന്നു അദ്ദേഹം വിലയിരുത്തി. ഇത് പോലൊരു വേദി സംസ്ഥാനത്തുടനീളമുള്ള സംരഭകരിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കുമെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു.

CMO Kerala Launching Integrated Startup Complex
CMO Kerala Launching Integrated Startup Complex

തുടർന്ന് നടത്തിയ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണത്തിലെ വാക്കുകൾ വളർന്നു വരുന്ന തലമുറക്ക് ഇത്തരമൊരു സ്റ്റാർട്ട്അപ്പ് കോംപ്ലക്സിന്റെ ആവശ്യകതയെ വിളിച്ചോതുന്നവയായിരുന്നു. സംസ്ഥാനത്തെ പൊതുമേഖലാ ഐറ്റി  പാർക്കുകളുടെ മൊത്തം വിസ്തീർണ്ണം 1.3 കോടി ചതുരശ്ര അടിയിൽ നിന്നും 2.3 കോടി ചതുരശ്ര അടിയായി വർധിപ്പിക്കാനുള്ള സർക്കാർ നയം, സാമൂഹ്യനന്മക്ക് ഉതകുന്ന രീതിയിൽ  കേരളത്തിലെ ടെക്നോളജി സ്റ്റാർട്ട്അപ്പുകളെ നയിക്കാൻ സർക്കാർ  കൈക്കൊള്ളുന്ന തീരുമാനങ്ങൾ തുടങ്ങിയവ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം തുടർന്നത്. പ്രളയാനന്തര കാലഘട്ടത്തിലെ കേരള പുനർനിർമാണ പദ്ധതിയിൽ യുവതലമുറയുടെ സ്വാധീനം ചെറുതല്ലെന്നും, ടെക്നോളജിക്ക് അതിൽ മികച്ച പങ്കു വഹിക്കാനാകുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതിനായി സ്കൂളുകൾ, കോളേജുകൾ, സാങ്കേതിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ഇന്നോവേഷനിലും സംരംഭകത്വത്തിലും ഊന്നിയുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമാക്കും.

ഇന്റർനെറ്റ് ലഭ്യത പൗരാവകാശമാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. ഭരണ നിർവ്വഹണത്തിനും, സാമൂഹ്യ ക്ഷേമത്തിനും ഉതകുന്ന മേഖലകളിൽ പ്രവർത്തനം നടത്തുന്ന സ്റ്റാർട്ട്അപ്പുകളെ സർക്കാർ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനും പരിശ്രമിക്കുമെന്ന് ഐടി വകുപ്പിന്റെ തലവൻ കൂടിയായ അദ്ദേഹം പ്രസ്താവിച്ചു.

കാൻസർ ചികിത്സയിലും രോഗ നിർണയത്തിലും സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തുറന്ന BRIC-ന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കൊച്ചിൻ കാൻസർ റിസർച്ച് ഇൻസ്റ്റിട്യൂട്ടുമായി സഹകരിച്ചു കൊണ്ടാണ് BRIC ൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാൻസർ രോഗം പ്രാരംഭഘട്ടത്തിൽ തന്നെ  കണ്ടെത്തി കുറഞ്ഞ  ചിലവിൽ ചികിത്സ ലഭ്യമാക്കുക, കാൻസർ രോഗം മൂലമുള്ള മരണനിരക്ക് കുറക്കുക എന്നിവയാണ്  പരമപ്രധാനമായ ലക്ഷ്യങ്ങൾ. ഇതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പുകൾക്ക്  സർക്കാർ ഫണ്ടിംഗ്, സ്വകാര്യ കോർപറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകൾ (CSR) തുടങ്ങിയവയും സർക്കാർ ഉറപ്പുവരുത്തും. കൂടാതെ, ബിൽ ഗേറ്റ്സ് ആരംഭിച്ച  ബിൽ & മെലിൻഡ-ഗേറ്റ്സ് ഫൌണ്ടേഷൻ സ്റ്റാർട്ട്അപ്പ് മിഷനുമായി സഹകരിച്ചു ഇത്തരം സംരംഭങ്ങളെ പിന്തുണക്കും. ചടങ്ങിനോടനുബന്ധിച്ചു തന്നെ “Prospects & Challenges of Developing a Technology Startup Ecosystem” എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു.

എആർ ടെക്നോളജിയിൽ ലോകോത്തര ഗെയിമിംഗ് രംഗത്തെ അതികായനായ Unity, രാജ്യത്തെ നെറ്റ്‌വർക്കിങ് തലത്തിൽ ലോകശ്രദ്ധയാകർഷിച്ച  Tejas Networks, ഡിജിറ്റൽ ഫാബ്രിക്കേഷൻ സാധ്യതകളിൽ വൻകിട ഗവേഷണങ്ങൾ നടത്തുന്ന MIT യുടെ Fab Labs തുടങ്ങിയവരുമായിട്ടുള്ള സഹകരണം കേരളത്തിലെ സംരംഭകത്വ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നതിനു തെല്ലും സംശയമില്ല. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിലവിലുള്ള സ്ഥലസൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ചു 7 ഏക്കറിൽ 5 ലക്ഷം ചതുരശ്ര അടിയായി ഉയർത്താനാണ് സർക്കാർ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!