വിദ്യാർത്ഥികളിൽ നിന്ന് നൂതനാശയങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 ൻ്റെ ഗ്രാൻഡ് ഫിനാലെ മത്സരം മാർച്ച് രണ്ടിന് നടക്കുന്നു. കേരളത്തിൽ NIT കാലിക്കറ്റ്, പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിങ് ടെക്നോളജി, ആലപ്പുഴ ശ്രീ ബുദ്ധ കോളേജ്  എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നോഡൽ സെന്ററുകൾ ആയി പ്രവർത്തിക്കുക. ഏറ്റവും വലിയ ഹാക്കത്തോൺ എന്ന പേരിൽ ലോക റെക്കോർഡ് നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഒരുപാട് വിദ്യാർത്ഥി സംരംഭകരെ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. രാജ്യത്തെ അരക്കോടിയോളം വരുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികളിൽ നിന്നും വിവിധ ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുകയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രേഷൻ ഓപ്പൺ ചെയ്ത ഹാക്കത്തോണിന്റെ ആദ്യ ഘട്ട എൻട്രികൾ ജനുവരിയിൽ പൂർത്തിയായിരുന്നു. അവയിൽ നിന്നും തിരഞ്ഞെടുത്ത മിടുക്കന്മാരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് ഹാക്കത്തോണ്‍ ലാബ് ഉദ്ഘാടനവും ശേഷം മാർച്ച് രണ്ടിന് തുടങ്ങി ഒന്നര ദിവസം നീളുന്ന തുടർച്ചയായ മത്സരം രാജ്യമെമ്പാടുമുള്ള 48 നോഡൽ സെന്ററുകളിൽ വെച്ചു സംഘടിപ്പിക്കപ്പെടുന്നു. മാർച്ച് ഒന്നിന് ടീം രെജിസ്ട്രേഷൻ തുടങ്ങി, മാർച്ച് രണ്ടിന് രാവിലെ 7:30 നു പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിങ് ടെക്നോളജിയില്‍ നടക്കുന്ന ചടങ്ങിൽ AICTE ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു കേരളത്തിലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ 2019 ഉദ്ഘാടനം ചെയ്യും. അതേ സമയം തന്നെ മുഴുവൻ നോഡൽ സെന്ററുകളിലെയും ടീമുകളെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര മാനവ വികസന വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ വീഡിയോ കോൺഫെറൻസിലൂടെ സംസാരിക്കും. ഉദ്ഘാടനചടങ്ങിന് പിന്നാലെ തന്നെ ഏകദേശം 8:30 ഓടു കൂടി തന്നെ ഹാക്കത്തോൺ ആരംഭിക്കുന്നതാണ്. തുടർന്ന് 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രോഗ്രാമിങ് യുദ്ധം. കൃത്യമായ ഇടവേളകളിൽ മൂല്യനിർണ്ണയം, ട്രെയിനിങ് സെഷനുകൾ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മാർച്ച് രണ്ടിന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ്. ഹാക്കത്തോൺ പൂർത്തീകരിച്ചു മണിക്കൂറുകൾക്കകം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. ഓരോ പ്രോബ്ലം സ്റ്റേറ്റ്മെന്റിലും ഒരു ടീം ആയിരിക്കും വിജയിക്കുക. പ്രോബ്ലെത്തിന്റെ സങ്കീര്‍ണക്കനുസരിച്ച് 1,00,000 രൂപ, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാന തുകകൾ. വിവിധ വിഭാഗങ്ങളിലായി 2.5 കോടി രൂപയാണ് ആകെ സമ്മാനത്തുക, കൂടാതെ വിദ്യാർത്ഥികൾക്കുള്ള മുഴുവൻ ചിലവുകളും കേന്ദ്രസർക്കാർ വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Tentative Schedule for the Grand Finale of SIH2019 Software Edition

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!