അടുത്തിടെ ഇന്ത്യയിലെ മികച്ച വൈൽഡ് ലൈഫ് ഫോട്ടോകൾക്കായി കൊൽക്കത്ത ആസ്ഥാനമായുള്ള NATURE LOVERS CLUB (NLC) നടത്തിയ മത്സരത്തിൽ ശ്രദ്ധേയമായ ഒരു മലയാളി മുഖമാണ് ഷാരോൺ ജെയിംസിന്റേത്. ഇന്ത്യയൊട്ടാകെ നിന്നുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് NLC ക്ഷണിച്ച എൻട്രികളിൽ നിന്നും ഈ ഇടുക്കിക്കാരി സ്വന്തമാക്കിയത് 2018 ലെ മികച്ച വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ എന്ന ബഹുമതിയാണ്. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ സ്വർഗം എന്ന് വിളിക്കപ്പെടുന്ന കെനിയയിൽ നിന്നും പകർത്തിയ ഒരു ജിറാഫിൻ്റെ ചിത്രമാണ് ഷാരോൺ ജെയിംസ് എന്ന എഞ്ചിനീയർക്ക് ഈ ബഹുമതി നേടിക്കൊടുത്തത്.

ഇക്കാലത്തു ഒട്ടുമിക്ക ആളുകളുടെയും ഹോബി ഫോട്ടോഗ്രാഫി ആയിരിക്കും. വളരെയധികം ചെലവു വരുന്ന SLR ക്യാമറകളിൽ നിന്നും കൈപ്പിടിയിലൊതുങ്ങുന്ന മൊബൈൽ ഫോൺ ക്യാമറകളിലേക്ക് വന്നു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ആർക്കും ഫോട്ടോഗ്രാഫർ ആവുക എന്നത് അത്ര അസാധ്യമായ ഒന്നല്ല. എന്നാൽ, മലയാളികൾക്കിടയിൽ ക്യാമറകൾ അത്ര സജീവമല്ലാതിരുന്ന കാലത്തു തന്നെ ഫോട്ടോഗ്രാഫി രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു ഇടുക്കിക്കാരിയാണ് ഷാരോൺ ജെയിംസ്. ഇടുക്കി കല്ലാറിൽ നിന്നും ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഷാരോൺ, ക്യാമറകളുടെ സന്തതസഹചാരിയായതിനു പിന്നിലെ കഥ ഇതാണ്. 

സ്കൂൾ പഠനകാലത്തു തന്നെ പത്രത്തിൽ വരുന്ന ഫോട്ടോകൾ ശ്രദ്ധിക്കുമായിരുന്ന ഷാരോൺ, ചിത്രത്തിലെ സബ്ജെക്റ്റിനെക്കാളുപരി അതെടുത്തിരിക്കുന്ന ഫ്രെയിം എത്രത്തോളം മെച്ചപ്പെടുത്താനാവുമെന്ന് കണക്കുകൂട്ടുമായിരുന്നു. ഇടുക്കിയിലെ ഏതൊരു ഉൾനാടൻ ഗ്രാമം പോലെയും നഗരവൽക്കരണം തീരെ എത്തിയിട്ടില്ലാത്ത ഇടമായിരുന്നു ഷാരോൺ ജനിച്ചു വളർന്ന നാടും. അതിനാൽ തന്നെ എഞ്ചിനീയറിംഗ് പാസ് ആകുന്നത് വരെ ഒരു കാമറ ഉപയോഗിക്കുക എന്നത് ഷാരോണിനെ സംബന്ധിച്ചിടത്തോളം ഒരു ആർഭാടം തന്നെയായിരുന്നു. സ്കൂൾ പഠന കാലത്തു തന്നെ, മറ്റുള്ളവർ ക്ലിക്ക് ചെയ്ത ഫോട്ടോകൾ കാണുമ്പോഴും ഓരോ പുതിയ ആശയങ്ങൾ മനസ്സിൽ മിന്നിമായുമായിരുന്നു. എങ്കിലും പിന്നീട് വർഷങ്ങൾ എടുത്തു, ഒരു ക്യാമറ നേരിൽ തൊടാനുള്ള അവസരത്തിനായി. 

എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കുമ്പോൾ അമ്മാവൻ കൊണ്ട് വന്ന ഒരു ക്യാമറയിലാണ് ആദ്യമായി ഫോട്ടോ എടുക്കുന്നത്. അത് വരെ ക്യാമറകൾ ഒന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും മറ്റു ഫോട്ടോകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മനസ്സിൽ കുറിച്ചിട്ടിരുന്ന ഫ്രെയിം പകർത്തിയെടുക്കാൻ ഷാരോൺ ശ്രദ്ധിച്ചിരുന്നു. ഏലത്തോട്ടത്തിൽ നിന്നും ക്ലിക്ക് ചെയ്ത ഫോട്ടോകൾക്ക് ബന്ധുക്കളിൽ നിന്നും ലഭിച്ച അംഗീകാരമാണ് ഷാരോൺ ജെയിംസ് എന്ന ഫോട്ടോഗ്രാഫറെ വളർത്തിയത്. ഒരു എഞ്ചിനീയറിംഗ് ബിരുദധാരി എന്നതിനപ്പുറത്തേക്ക് ഫ്രെയിമിലെ കരവിരുത് തനിക്ക് സാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നു ഷാരോൺ ഓർത്തെടുക്കുന്നു. എന്നിരുന്നാലും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കേണ്ടതായി വന്നു, സ്വന്തമായി ഒരു കാമറക്കായി.

കാമറക്കണ്ണിലൂടെ ലോകം പകർത്തണമെന്നുള്ള ഷാരോൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായി നിന്നത് സ്വന്തമായി ഒരു കാമറ എന്നത് തന്നെയായിരുന്നു. 2007 – 2009 കാലയളവിലുണ്ടായ ആഗോളമാന്ദ്യം മൂലം, എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നിട്ട് കൂടി ഒരു ജോലി ലഭിക്കുന്നതിന് ഒട്ടേറെ തടസങ്ങൾ നേരിടേണ്ടി വന്നു. ആയിടക്കാണ് ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ തുശ്ചമായ ശമ്പളത്തിൽ ജോലിക്ക് കയറുന്നത്. ഓരോ മാസവും കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാൽ പോലും സ്വന്തമായി ഒരു ക്യാമറ വാങ്ങണമെന്നുള്ളത് ഒരു വിദൂരസ്വപ്നമായി അവശേഷിക്കുമെന്ന് തോന്നി. താല്പര്യമില്ലാതിരുന്ന ജോലിയായിട്ടു കൂടിയും ഒരു ക്യാമറ വാങ്ങുകയെന്ന ആഗ്രഹം ഈ ഇടുക്കിക്കാരിയെ മുന്നോട്ട് നയിച്ചു. നാല് വർഷങ്ങൾക്ക് ശേഷം, ഒരു സുഹൃത്തിൻ്റെ സഹായത്തോടെയാണ് ആദ്യമായി ഒരു കാമറ വാങ്ങുന്നത്. സുഹൃത്തുക്കൾ തന്നെയായിരുന്നു അക്കാലത്തു ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയതും. പിന്നെയും നാല് വർഷങ്ങളെടുത്തു സാങ്കേതിക മികവോടെ ദൃശ്യങ്ങൾ പകർത്താൻ. ഇതേ സമയത്തു തന്നെയാണ് യാത്രകളോടും, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയോടുമുള്ള കമ്പം കയറുന്നത്. സുഹൃത്തുക്കളുടെ നിർദേശമനുസരിച്ച് പുതിയൊരു ക്യാമറയിലേക്ക് തിരിയാനും മികച്ച ഫോട്ടോകളെടുക്കാനും ഇത് പ്രേരിപ്പിച്ചു. പിന്നീടിങ്ങോട്ട് പ്രകൃതിയെ അതിൻ്റെ മനോഹാരിതയിൽ പകർത്തുന്നതിൽ ഷാരോൺ ഒരു കുറവും വരുത്തിയിട്ടില്ല.

കെനിയ യാത്രയും അവാർഡും 

2016 – ൽ പരിചയപ്പെട്ട സുഹൃത്തുക്കളോടൊപ്പം വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുമ്പോൾ ഇത്തരമൊരു ബഹുമതി പിന്നീട് തന്നെ തേടിയെത്തുമെന്ന് ഷാരോൺ നിനച്ചിരുന്നില്ല. രണ്ടു വർഷങ്ങൾക്ക് മുൻപാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ പറുദീസയായ കെനിയയിലേക്കു യാത്ര ചെയ്യാൻ ഇതേ സുഹൃത്തുക്കളുമായി പ്ലാൻ ചെയ്യുന്നത്. യാത്രാച്ചെലവ് സംഘടിപ്പിക്കുന്നതും, പുതിയൊരു ക്യാമറ വാങ്ങുന്നതിലുമായി ഏകദേശം ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു. സ്വപ്നസാക്ഷാത്കാരമെന്നോണം, 2018 ൽ സൃഹുത്തുക്കളോടൊപ്പം ഷാരോൺ കെനിയയിലേക്കു തൻ്റെ ആദ്യ വിദേശയാത്ര നടത്തി. ഒരാഴ്‌ചയോളം നീണ്ട യാത്രയിൽ പകർത്തിയ ചിത്രങ്ങൾ പ്രകൃതിയുടെ പലഭാവങ്ങളെ പറഞ്ഞറിയിക്കുന്നതായിരുന്നു. 

വന്യജീവികൾ ഇരയെ വേട്ടയാടി കൊല്ലുന്നതും അവയെ കൂട്ടത്തോടെ കഴിക്കുന്നതുമായ ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാവാത്തതാണ്,” ഷാരോൺ പറയുന്നു. 

കെനിയ പര്യടനം കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണ് കൊൽക്കത്ത ആസ്ഥാനമായുള്ള Nature Lovers Club – ന്റെ ഫോട്ടോഗ്രാഫി മത്സരത്തെക്കുറിച്ചു അറിയാനിടയായത്. കെനിയയിൽ നിന്ന് പകർത്തിയതിൽ വെച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഷാരോൺ തൻ്റെ എൻട്രിയായി അയച്ചത്. ഒരു ജിറാഫ്, കുഞ്ഞിനെ പ്രസവിക്കുന്ന ചിത്രമായിരുന്നു അത്. ഫോട്ടോക്ക് ലഭിച്ച പിന്തുണ കൊണ്ട് 2018 – ലെ മികച്ച ഫോട്ടോഗ്രാഫർ ആയി തിരഞ്ഞെടുക്കപ്പെടുക്കപ്പെട്ടപ്പോൾ ഷാരോൺ ബാംഗ്ലൂരിലെ ഓഫീസിൽ തൻ്റെ പതിവ് ജോലിയിലായിരുന്നു. ക്യാമറ കൈകൊണ്ട് തൊടാൻ ആഗ്രഹിച്ച ആ പഴയ വിദ്യാർത്ഥിനി ഇന്ന് ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുന്നു എന്നത് ചെറിയൊരു കാര്യമല്ല. 

നിനച്ചിരിക്കാതെ ലഭിച്ച അംഗീകാരത്തിൻ്റെ ബലത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് സഞ്ചരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ യുവ എഞ്ചിനീയർ. വീക്കെന്റുകളിലും മറ്റും ക്യാമറയുമായി പ്രകൃതിയുടെ ചെറിയ ചലനങ്ങളെപ്പോലും ഒപ്പിയെടുക്കാൻ ഇറങ്ങുമെങ്കിലും ഇതൊരു മുഴുവൻസമയ തൊഴിലായി ഏറ്റെടുക്കാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. ഉടനെയുണ്ടാകില്ലെങ്കിലും, ഐടിയിലുള്ള കരിയർ വിട്ടു തൻ്റെ പാഷൻ്റെ പുറകെ ചലിക്കാൻ തന്നെയാണ് ഷാരോൺ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സാമ്പത്തികമായി നേട്ടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെങ്കിലും അതിൻ്റെ സാധ്യതകളെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ യാത്രകൾ ചെയ്യാനും പ്രകൃതിയുടെ മനോഹാരിതയെ ലെൻസിലൂടെ ഒപ്പിയെടുക്കാനും ഇത്തരം നേട്ടങ്ങൾ തന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു ഷാരോൺ പറയുന്നു. 

യാത്രകൾ ഫോട്ടോകൾ പകർത്താൻ മാത്രമല്ല, പ്രകൃതി സംരക്ഷണവും അതിൻ്റെ ആവശ്യകതയും മറ്റുള്ളവരിലേക്കെത്തിക്കാനുളള ഒരു മാധ്യമമായി കൂടിയാണ് ഈ ചെറുപ്പക്കാരി നോക്കിക്കാണുന്നത്. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ധാരാളം ചെറുപ്പക്കാർക്ക് പ്രചോദനമേകുന്നതോടൊപ്പം, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരേണ്ട ആവശ്യകതയുണ്ടെന്നു തെളിയിക്കുകയാണ് ഷാരോൺ.

 

1 COMMENT

Leave a Reply