Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

സാധാരണക്കാരന്‍ സര്‍ക്കാര്‍ ജോലി, സാമ്പത്തികമായി ഉയര്‍ന്ന ന്യൂജനറേഷന്‍ കുട്ടികള്‍ ബഹരാഷ്ട്ര കമ്പനി. ഇങ്ങനെയാണ് പലപ്പോഴും യുവതലമുറയുടെ കരിയര്‍ സ്വപ്നങ്ങള്‍ കാണാറുള്ളത്. എന്നാല്‍ ആഗോള കരിയറായ ഐക്യരാഷ്ട്ര സഭയിലൊരു ജോലി പലപ്പോഴും സ്വപ്നങ്ങളിലേ ഉണ്ടാവാറില്ല. ഉള്ളവര്‍ക്ക് തന്നെ അതെങ്ങനെ നടത്തിയെടുക്കണമെന്നറിയാറില്ല. ലോകത്തില്‍ പലയിടങ്ങളിലും സഞ്ചരിക്കുവാനുള്ള അവസരം, യുദ്ധത്തിന്‍റേയും ദുരന്തത്തിന്‍റേയും നടുവില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുവാനുള്ള സാധ്യത, ഉയര്‍ന്ന ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുമ്പോഴുള്ള അനുഭവ സമ്പത്ത് ഇവയൊക്കെയും ഐക്യരാഷ്ട്ര സഭയിലെ ജോലിയെ ആകര്‍ഷകമാക്കുന്നു. എന്നിരുന്നാലും സ്ംഘര്‍ഷ ഭൂമിയലേക്ക് എപ്പോള്‍ വേണമെങ്കിലും പോകേണ്ടി വരുമെന്നും ഓര്‍ക്കേണ്ടതുണ്ട്.

എന്താണ് ഐക്യരാഷ്ട്ട്ര സഭ?

ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനയാണ് ഐക്യരാഷ്‌ട്ര സംഘടന അഥവാ യുണൈറ്റഡ്‌ നേഷന്‍സ്‌ ഓർഗനൈസേഷന്‍. യു. എൻ (UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും പ്രാന്തവത്‌കരിക്കപ്പെട്ട ജനങ്ങളുടെയും അവികസിത സമൂഹങ്ങളുടെയും സാമ്പത്തിക- സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സ്ഥാപനമായും ആധുനിക ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന ഒരു സംഘടനയാണ്‌ ഐക്യരാഷ്‌ട്ര സഭ. ഐക്യരാഷ്ട്ര സഭ എന്നത് ഒരു ഒറ്റ സ്ഥാപനമല്ല.

അന്താരാഷ്ട്ര തൊഴില്‍ സംഘടന മുതല്‍ ഐക്യരാഷ്ട്ര സര്‍വകലാശാല വരെ അന്‍പതിലധികം സ്ഥാപനങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്ട്ര സഭ എന്നത്. ഇത് കൂടാതെ ലോക ബാങ്ക്, ഐ എം എഫ് എന്നിവയും അന്തര്‍ദേശീയ സിവില്‍ സര്‍വീസിന് കീഴില്‍ വരുന്നതാണ്. എന്നാല്‍ എല്ലാ സ്ഥപനങ്ങളും ക്രോഡീകരിച്ച് നിയമനം നടത്തുവാന്‍ ഒരു ഏകീകൃത സംവിധാനമിവിടെയില്ലാത്തതിനാല്‍ ഐക്യരാഷ്ട്ര സഭയിലെ ജോലി ലക്ഷ്യമിടുന്നവര്‍ സ്ഥിരമായി ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ്സൈറ്റും പത്ര മാസികകളും ശ്രദ്ധിക്കേണം.

എങ്ങനെ ജോലി ലഭിക്കാം?

യുദ്ധം മുതല്‍ സമാധാനം വരെ, ദുരന്തം മുതല്‍ ആരോഗ്യ പരിപാലനം വരെ, പോസ്റ്റല്‍ സര്‍വീസ് മുതല്‍ ശൂന്യാകാശം വരെയുള്ള കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭക്ക് താല്‍പര്യമുള്ളതിനാല്‍ ഒട്ടുമിക്കവാറും കോഴ്സുകള്‍ പഠിച്ചവര്‍ക്കുള്ള അവസരങ്ങളുണ്ടിവിടെ. 193 അംഗ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കുവാനവസരമുള്ളതിനാല്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ താല്‍പര്യമുള്ളവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ജോലി കിട്ടുവാനുള്ള സാധ്യത കൂടും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടാവുക എന്നതും, ഇംഗ്ലീഷ് അല്ലാത്ത യു എന്‍ ഭാഷകള്‍ ഏതെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്നതും ജോലി സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

വിവിധ തരം ജോലികള്‍

ഇവിടെ ജോലികള്‍ പല തരത്തിലുണ്ട്. അതും പല ഗ്രേഡില്‍. പൊതുവേ പറഞ്ഞാല്‍ പ്രൊഫഷണല്‍ ആയിട്ടുള്ളവര്‍ക്ക് P ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കുള്ള G ജോലികലഉമായി രണ്ടായി തരം തിരിച്ചിരിക്കുന്നു. P ജോലികളില്‍ത്തന്നെ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ അപേക്ഷിക്കാവുന്ന P2 മുതല്‍ 15 വര്‍ഷം പരിചയം വേണ്ട P5 വരെയുണ്ട്. G ജോലികളിലും ഇത്തരം തരം തിരിവുണ്ട്. എല്ലാ തരം ജോലികളിലും സ്ഥിരമായുള്ളതും താല്‍ക്കാലികമായുള്ളതുമുണ്ട്. സ്ഥിരമായ ജോലികളില്‍ മിക്കതും സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ കൂടിയാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ജോലികള്‍ക്ക് ഇത് നിര്‍ബന്ധമില്ല.

പുതുതായി ബിരുദാനന്തര ബിരുദം നേടിയവരെ യങ്ങ് പ്രൊഫഷണല്‍ ആയി തിരഞ്ഞെടുന്ന സംവിധാനമുണ്ട്. എല്ലാ വര്‍ഷവും ഈ തിരഞ്ഞെടുപ്പുണ്ടെങ്കിലും എല്ലാ വര്‍ഷവും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കുവാന്‍ അവസരമില്ല. രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനായിട്ടാണിത്. ആയതിനാല്‍ ഓരോ വര്‍ഷവും ഇത് ശ്രദ്ധിക്കണം.

ജോലിയുടെ സ്വഭാവം

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹ്റൈന്‍, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ വലിയ ഓപീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ ആ രാജ്യത്തിന് വേണ്ടിയുള്ള ഓഫീസുകളുണ്ട്. ഇവിടെയെല്ലാം ജോലി സാധ്യതകളുണ്ട്. ഐക്യ രാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് മാത്രം നാഷണല്‍ സ്റ്റാഫ് എന്ന പേരില്‍ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാള്‍ ശമ്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശമ്പളത്തേക്കാള്‍ മികച്ചതായിരിക്കുമിത്. ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതിന്‍റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകള്‍ക്ക് മാത്രം അപേക്ഷിക്കാവുന്നതിനാല്‍ മല്‍സരം കുറവായിരിക്കും. ഐക്യരാഷ്ട്ര സഭയില്‍ കുറച്ച് കാലം സേവനം അനുഷ്ടിക്കണം എന്നുള്ളവര്‍ക്കായി ഒരു ഐക്യരാഷ്ട്ര വോളന്‍റിയര്‍ സര്‍വീസുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഈ ജോലി ചെയ്യാം. ചെറിയ അലവന്‍സുണ്ട്. ജോലി വളരെ മികച്ചതായിരിക്കും. എന്നാല്‍ ശമ്പളം കുറവായതിനാല്‍ അപേക്ഷകരും കുറവാണ്.

കണ്‍സള്‍ട്ടന്‍റ്

ഐക്യരാഷ്ട്ര സഭയിലെ അവസാനത്തെ തരം ജോലി സാധ്യത ആണിത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് കണ്‍സള്‍ട്ടന്‍റ്മാരെയാണ് തിരഞ്ഞെടുക്കുന്നത്. താല്‍ക്കാലികമായ ജോലിയും ദിവസക്കൂലിയമാണ്. പക്ഷേ മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കുവാനുള്ള അവസരം എന്നിങ്ങനെ ഇത് നല്ലയൊരു സാധ്യത തന്നെയാണ്.

എന്തു ചെയ്യണം?

ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് താല്‍പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് https://inspira.un.org എന്ന വെബ്സൈറ്റില്‍ കയറി ബയോഡേറ്റാ ഉണ്ടാക്കുക എന്നുള്ളതാണ്. ശ്രദ്ധിച്ചും സമയമെടുത്തും സത്യസന്ധമായും ഇത് ചെയ്യുക. എന്നാല്‍ സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ച് കാണിക്കേണ്ടതില്ല. അതിന് ശേഷം പറ്റിയ ജോലിക്ക് (അത് കണ്‍സള്‍ട്ടന്‍റ് മുതല്‍ സ്ഥിരം ജോലി വരെ ആകാം) അപേക്ഷിച്ച് കൊണ്ടിരിക്കുക. പി എസ് സി പോലെ ഒരു സംവിധാനമില്ലാത്തതിനാല്‍ അപേക്ഷകരെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുവാനുള്ള സംവിധാനമില്ല. ആയതിനാല്‍ 10 അപേക്ഷകള്‍ തള്ളിപ്പോയാലും പതിനൊന്നാമത് അപേക്ഷിക്കാതിരിക്കേണ്ടതില്ല. 193 രാജ്യങ്ങളിലെ ആളുകളാണ് ഇതിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://careers.un.org സന്ദര്‍ശിക്കുക.

Leave a Reply