കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള റീബൂട്ട് കേരള ഹാക്കത്തോണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്തുവെച്ചുനടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ ടി ജലീൽ ഹാക്കത്തോണിന്റെ ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ അസാപ്പ് സിഇഒ ഡോ. വീണ .എൻ. മാധവൻ, AlCTE – SAGY കേരള സംസ്ഥാന നോഡൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ അഹമ്മദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസി.ഡയറക്ടർ സോജു എസ്.എസ്., അസാപ്പ് ഡയറക്ടർ അനിൽ കുമാർ ടി.വി., ഐടി ഹെഡ് വിജിൽ കുമാർ, ടി.വി.ഫ്രാൻസിസ്, ആര്യ പണിക്കർ, സുനീഷ് കുമാർ എന്നിവർ സന്നിഹിതരായി.

സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ വളരെ ഫലപ്രദമായ, ചെലവുകുറഞ്ഞ ആശയങ്ങളും പരിഹാരമാർഗങ്ങളും കണ്ടെത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. ഇതിനായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നൽകുന്നു. വിദ്യാർത്ഥികൾക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പരിഹാരമാർഗം നിർദ്ദേശിക്കാവുന്നതാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അടുത്തറിയാനും, അതിനോടൊപ്പം സർക്കാർ ഡിപ്പാർട്മെന്റുകളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള ഒരവസരമാണ് സർക്കാർ ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ പത്തു ഹാക്കത്തോൺ മത്സരങ്ങൾ സംസ്ഥാനത്തുടനീളം നടത്താൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോൺ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളായിരിക്കും ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുക. ജനുവരിയിൽ തുടങ്ങുന്ന ഹാക്കത്തോൺ മത്സരങ്ങളിൽ നിന്നും വിജയിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗ്രാൻഡ് ഫിനാലെ മാർച്ചിൽ നടത്തും.
ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർഥികളുടെ പ്രായോഗിക പരിജ്ഞാനം കേരളത്തിലെ വിവിധ വകുപ്പുകളുടെ പുരോഗതിക്കായി വിനിയോഗിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി കെ ടി ജലീൽ പറഞ്ഞു.