Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

കോളേജുകള്‍‌ നിന്ന് അത് പ്രൊഫഷണൽ കോളേജുകളില്‍ നിന്നാണെങ്കില്‍ പോലും പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികള്‍ വൻകിട കമ്പനികളില്‍ ജോലി നേടുന്നതിൽ പരാജയപ്പെടുന്നത് കാണുന്നുണ്ട്. അതിന് പ്രധാന കാരണം പഠിച്ചിറങ്ങിയ വിഷയവും കമ്പനികളിലെ സാഹചര്യവും തുലോം വ്യത്യസ്തമാണെന്നതാണ്. എന്നാല്‍‌ ഇത് പരിഹരിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ ചില പ്രത്യേക കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. പലപ്പോഴും നാമിത് അറിയാറില്ല. അല്ലായെങ്കില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാവാറില്ല. യൂണിവേഴ്സിറ്റി അംഗീകാരത്തോടെയുള്ള കോഴ്സുകള്‍ മാത്രമേ തിരഞ്ഞെടുക്കാവു എന്ന് പറയുമ്പോൾ തന്നെ, വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് നാം അറിയണം. ഇന്ത്യൻ റെയിൽവേ, ഒ എന്‍ ജി സി തുടങ്ങിയ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന ശമ്പളത്തോട് കൂടിയുള്ള ജോലി, ഇത്തരം കോഴ്സുകള്‍ കഴിഞ്ഞവരെ കാത്തിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം ഹ്രസ്വകാല കോഴ്സുകള്‍‌ കഴിഞ്ഞവർക്ക് വിദേശങ്ങളിലും ജോലി സാധ്യതയുണ്ട് എന്നും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള ഒന്നാണ് നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്ങ് കോഴ്സുകള്‍.

Image credit: https://www.indiamart.com/

എന്താണ് നോണ്‍ ഡിസ്ട്രക്ടീവ് ടെസ്റ്റിങ്ങ് ?

ടെസ്റ്റ് നടത്തേണ്ട വസ്തുക്കൾക്ക് കേടുപാടുകള്‍ വരുത്താതെ അതിന്റെ തകരാറുകള്‍ പരിശോധിക്കുന്ന രീതിയാണ് Non Destructive Testing (NDT). പൈപ്പുകളുടെ ജോയിന്റുകള്‍, വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ടുള്ള കപ്പലുകളുടെ ജോയിന്റുകള്‍, തീവണ്ടിപ്പാളങ്ങളുടെ ജോയിന്റുകള്‍ എന്നിവയിലൊക്കെ പുറമേ നിന്ന് നോക്കിയാല്‍ ഒരു പക്ഷേ കണ്ട് പിടിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള വിള്ളലുകള്‍, പോടുകള്‍, സുഷിരങ്ങള്‍ മുതലായവ ഉണ്ടായേക്കാം. ഉയർന്ന മർദ്ദത്തില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളില്‍ ഒരു ചെറിയ തകരാറ് പോലും വലിയൊരു സ്ഫോടനത്തിന് കാരണമായേക്കാം. അത് മുന്‍ കൂട്ടി കണ്ട് പിടിച്ചാല്‍ മാത്രമേ ആ ഉപകരണത്തിനും അതിനോടനുബന്ധിച്ച് ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ കഴിയു. ഇന്ന് പല കൂറ്റന്‍ എണ്ണക്കപ്പലുകളിലും കിലോമീറ്ററുകള്‍ നീളത്തില്‍ പൈപ്പുകള്‍ വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ഇതിലൊക്കയും കുറ്റമറ്റ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള വിവിധ രീതികളും ടെസ്റ്റുകളുമാണ് Non Destructive Testingല്‍ പഠിപ്പിക്കുന്നത്.

നിരവധി തരത്തിലുള്ള NDTരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

1. റേഡിയോഗ്രാഫി ടെസ്റ്റിങ്ങ് (RT)
2. അൾട്രാസോണിക് ടെസ്റ്റിങ്ങ് (UT)
3. മാഗ്നറ്റിക് പാർട്ടിക്കിള്‍ ടെസ്റ്റിങ്ങ് (MPT)
4. ലിക്വിഡ് പെനട്രന്റ് ടെസ്റ്റിങ്ങ് (LPT)

എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇതില്‍ റേഡിയോഗ്രാഫി എന്നത് എക്സറേ, ഗാമ റേ എന്നിവ കടത്തിവിട്ട് വസ്തുക്കളുടെ അകവശത്തിന്റെ ഫോട്ടോ എടുക്കുന്ന രീതിയാണ്. നമ്മുടെ മെഡിക്കല്‍ എക്സ്റേ എടുക്കുന്നതിന് സമാനമാണ് ഈ ടെസ്റ്റുകള്‍. പക്ഷേ എക്സ്റേയുടേയും ഗാമാറേയുടേയുമൊക്കെ തീവ്രത കൂടുമെന്ന് മാത്രം.

അൾട്രാസോണിക് ടെസ്റ്റിങ്ങ് എന്നാല്‍ തീവ്രത കൂടിയ ശബ്ദ തരംഗങ്ങള്‍ പരിശോധനക്ക് വിധേയമാക്കേണ്ട വസ്തുവിലൂടെ കടത്തി വിട്ട് തകരാറുകള്‍ കണ്ട് പിടിക്കുന്ന രീതിയാണ്. കേടുപാടുകളുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുവാന്‍ സാധിക്കുന്ന ഈ രീതിക്ക് ശബ്ദത്തിന്റെ പ്രതിധ്വനിയാണ് ഉപയോഗിക്കുന്നത്.

ശക്തി കൂടിയ കാന്തിക തരംഗങ്ങള്‍ പരിശോധന നടത്തേണ്ട വസ്തുവിലൂടെ കടത്തി വിട്ട് തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണ് മാഗ്നറ്റിക് പാർട്ടിക്കിള്‍ ടെസ്റ്റിങ്ങ് എന്നത്. ഉപരിതലത്തിലുള്ള കേടുപാടുകള്‍ കണ്ട് പിടിക്കുന്നതിന് വളരെ ലളിതമായ രീതിയാണിത്.

Image credit: https://www.bk-werkstofftechnik.com/

ലിക്വിഡ് പെനിട്രന്റ് ടെസ്റ്റിങ്ങ് നടത്തുന്നത് ഉപരിതലങ്ങളിലെ സൂക്ഷ്മമായ കേടുപാടുകള്‍ കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ്. ഇതില്‍ കടും നിറത്തിലുള്ള ചായങ്ങള്‍ ഉപയേോഗിക്കുന്നു. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ടെസ്റ്റിങ്ങാണിത്.
ഇവ കൂടാതെ Visual Testing, Eddy Current Testing, Leak Testഎന്നിവയൊക്കെ NDT യുടെ പരിധിയില്‍ വരുന്നതാണ്.
NDTക്ക് മൂന്ന് ലെവലുകളുണ്ട്. ഇതില്‍ Level 1, Level 2 എന്നിവ ഒരുമിച്ച് പഠിച്ച് ജോലി നേടുവാന്‍ കഴിയും. Level 3എന്നത് കുറേക്കൂടി ഉയർന്ന കോഴ്സാണ്. ഈ ലെവലില്‍ എത്തുന്ന വ്യക്തിക്ക് ഉന്നത ജോലി ലഭിക്കും. മേല്‍ പറഞ്ഞ കോഴ്സുകള്‍ പഠിച്ച് പാസായവർക്ക് ഓരോ വിഭാഗത്തിലും ഓരോ സർട്ടിഫിക്കറ്റ് വീതം ലഭിക്കും.

എങ്ങനെ പഠിക്കാം

ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതിന് ചില സ്ഥാപനങ്ങളിലെങ്കിലും നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍ പ്രത്യേക യോഗ്യതകള്‍ പറയാറുമുണ്ട്. എന്നിരുന്നാലും ബി ടെക്, ഡിപ്ലോമ, ഐ ടി ഐ എന്നിവയില്‍ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ പഠിച്ചവർക്ക് ഈ മേഖലയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ കഴിയും.

തൊഴില്‍ സാധ്യത

ഈ സർട്ടിഫിക്കറ്റുകള്‍ അമേരിക്കന്‍ സൊസൈറ്റിയുടേയോ (American Society For Non Destructive Testing – ASNT), ബ്രിട്ടന്ററയോ ഒക്കെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാണ്. അതിനാല്‍ ഈ സർട്ടിഫിക്കറ്റുകള്‍ ഉള്ളവർക്ക് ലോകത്തിന്റെ് ഏത് കോണിലും തൊഴിലവസരങ്ങള്‍ ലഭ്യമാണ്.

Leave a Reply