Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
Facebook.com/ravi.mohan.12

 

ജിയോ-ഇൻഫോർമാറ്റിക്സ് എന്ന പഠനമേഖല പരിസ്ഥിതി വിശകലനത്തിനും, കാലാവസ്ഥ വ്യതിയാനങ്ങൾ പഠിക്കാനും, ദുരന്തനിവാരണത്തിനും, ടെലികമ്യൂണിക്കേഷനും ഒക്കെ ഒട്ടേറെ സഹായിക്കുന്നതാണ്. പക്ഷേ ജിയോ-ഇൻഫോർമാറ്റിക്സ് എന്ന വാക്ക് ഒട്ടേറെ പേർക്ക് ഇന്നും അപരിചിതമാണ്. അതേസമയം ഗൂഗിൾ പോലുള്ള GPS ഉപയോഗിക്കുന്ന ആപ്പുകളായ യൂബർ, ഓല എന്നിവയും ഇന്ന് വലിയ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്.

വളർന്നുകൊണ്ടിരിക്കുന്ന ഈ സാങ്കേതികമേഖല തുറന്നിടുന്ന തൊഴിലവസരങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിനുമുൻപായി ജിയോ-ഇൻഫോർമാറ്റിക്സ് എന്താണ് എന്ന് ആദ്യം മനസിലാക്കാം. ലളിതമായി പറയുകയാണെങ്കിൽ ഭൂമിയെയും അതിലെ വസ്തുക്കളെയും ബഹിരാകാശത്തിനിന്നുകൊണ്ട് വീക്ഷിക്കാനും വിശകലനം ചെയ്യാനും ചിത്രീകരിക്കാനുമാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമടങ്ങിയ സംവിധാനമാണ് ജിയോ-ഇൻഫോർമാറ്റിക്സ് എന്നുപറയുന്നത്. ഉദാഹരണത്തിന് നമ്മുടെ ഭൂമിയുടെയും, സമുദ്രങ്ങളുടെയും, നിർമ്മിതികളുടേയുമൊക്കെ ജിയോഗ്രഫിക്കൽ സ്ഥാനങ്ങൾ നിശ്ചയിക്കാൻ ജിയോ-ഇൻഫോർമാറ്റിക്സ് സഹായിക്കും.

ലോകത്തെ എല്ലാ മേഖലയിലും പല ആവശ്യങ്ങൾക്കായും ജിയോ-ഇൻഫോർമാറ്റിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നഗര-ഗ്രാമീണ ആസൂത്രണങ്ങൾ, ഭൂവിനിയോഗപ്രവർത്തനങ്ങൾ, കൃഷി, പ്രതിരോധമേഖല, അടിസ്ഥാനസൗകര്യനിർമ്മാണം തുടങ്ങിയവക്കെല്ലാം ജിയോ-ഇൻഫോർമാറ്റിക്സ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഗതാഗതമേഖലയെടുത്താൽ കാറിനുള്ളിലെ നാവിഗേഷനും ഇത് ലോകമാകമാനം ഉപയോഗിക്കുന്നു. ഇതുകൂടാതെ, സമുദ്രഗതാഗതം, വ്യോമയാനം, നെറ്റ്‌വർക്ക് പ്ലാനിംഗ്, തുടങ്ങിയവയ്ക്കും ജിയോ-ഇൻഫോർമാറ്റിക്സ് ഉപയോഗിക്കുന്നു. ജിയോഗ്രഫിയും ഭൗമശാസ്ത്രവും ജിയോ-ഇൻഫോർമാറ്റിക്സ് ഡാറ്റ ഉപയോഗിച്ചാണ് നിലനിൽക്കുന്നത്.

വിദ്യാഭ്യാസയോഗ്യത

ജിയോ-ഇൻഫോർമാറ്റിക്സിൽ കരിയർ പടുത്തുയർത്താനുള്ള അടിസ്ഥാനയോഗ്യത സയൻസ് വിഷയങ്ങളിലെ ബിരുദം ആണ്. ജിയോഗ്രഫി, അഗ്രിക്കൾച്ചർ, എഞ്ചിനീയറിംഗ്, ഐ ടി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദവിദ്യാർത്ഥികൾക്കും ജിയോ-ഇൻഫോർമാറ്റിക്സിലും റിമോട്ട് സെൻസിങ്ങിലും MSc. അല്ലെങ്കിൽ M.Tech കോഴ്സുകളിൽ അഡ്മിഷൻ നേടാം. അതുകൂടാതെ Ph.D പ്രോഗ്രാമുകളും ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ചെയ്യുന്നവരുണ്ട്.

വിദ്യാഭ്യാസയോഗ്യതക്കപ്പുറം ഈ മേഖലയിൽ ശോഭനമായ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് വിഷയത്തിലെ താല്പര്യവും അഭിരുചിയുമാണ്. പ്രശ്നപരിഹാര നൈപുണ്യവും വിശകലനം ചെയ്യാനുള്ള അതീവ താല്പര്യവും ഈ മേഖലയിൽ അത്യാവശ്യമാണ്.

അതിവേഗത്തിലുള്ള വളർച്ചയും ഒട്ടനവധി തൊഴിൽസാധ്യതകളും

ഇന്ന് ജിയോ-ഇൻഫോർമാറ്റിക്സ് പ്രൊഫഷണലുകൾക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സംവിധാനങ്ങളും ഉപകരണങ്ങളും ലഭ്യമാണ്. ഗൂഗിൾ മാപ്‌സ് പോലുള്ള ഇന്റർനെറ്റ് ഓഫ് തിങ്സ് സംവിധാനങ്ങൾ വഴി ലഭിക്കുന്ന ജിയോസ്പേഷ്യൽ ഡാറ്റയുടെ വർദ്ധിച്ച ലഭ്യതകാരണമാണ് ഇത് സാധ്യമായത്. ഈ വളർച്ച മറ്റുള്ള മേഖലകളായ നാഗരാസൂത്രണത്തിനും രോഗനിയന്ത്രണത്തിനും മറ്റ് ബിസിനസ് മേഖലകളിലും വളരെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്.

P&S Market Research നടത്തിയ പഠനത്തിൽ പറയുന്നത് 2023 ആകുമ്പോൾ $17.5 billion ആയിരിക്കും ജിയോ-ഇൻഫോർമാറ്റിക്സ് ഇൻഡസ്ട്രിയുടെ മൊത്തം മാർക്കറ്റ് വില. ഈ ഉയർച്ച ഈ മേഖലയിലെ തൊഴിലവസരങ്ങൾ വളരെയധികം ഉയർത്തുമെന്നാണ് വിദഗദ്ധർ സൂചിപ്പിക്കുന്നത്.

മികച്ച പ്രതിഫലം

ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകൾക്ക് വളരെ ഉയർന്ന ശമ്പളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, അനുദിനം സംഭവിക്കുന്ന പുരോഗമനങ്ങളും പുതിയ ടെക്നോളജിയുടെ കടന്നുവരവും പ്രൊഫഷണലുകളുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു. കഴിവുള്ള മികച്ച വിദഗ്ദ്ധരുടെ അഭാവവും ഈ മേഖലയിലെ പ്രതിഫലങ്ങൾ ഉയരുന്നതിനു കാരണമാകുന്നു. മികച്ച പ്രതിഫലം ഉറപ്പാക്കുന്ന ജിയോ-ഇൻഫോർമാറ്റിക്സ് തൊഴിൽ മേഖലകൾ ചുവടെ ചേർക്കുന്നു.

കൃഷി

ഇന്ത്യ കൃഷിയെ ആശ്രയിച്ചുകൊണ്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ്. പക്ഷെ ഇന്നത്തെകാലത്ത് കൃഷിരീതികൾക്കും പ്രവർത്തനങ്ങൾക്കും ഒട്ടേറെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കായികാധ്വാനത്തിൽ നിന്നും മാറി ടെക്നിക്കൽ കൃഷിരീതികൾക്കാണ് ഇന്ന് പ്രചാരം കൂടുതൽ. മണ്ണ് പരിശോധനമുതൽ വിദൂരതയിൽ നിന്നുള്ള നിരീക്ഷണത്തിനുമൊക്കെ ഇന്ന് ജിയോ-ഇൻഫോർമാറ്റിക്സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്.

ഐ ടി

ഐ ടി മേഖലയിൽ ജിയോ-ഇൻഫോർമാറ്റിക്സ് സ്പെഷ്യലിസ്റ്റുകൾക്ക് വൻ ഡിമാൻഡാണ് ഇപ്പോൾ കണ്ടുവരുന്നത്. സ്പെഷ്യലിസ്റ്റുകൾക്ക് ഈ ടെക്നോളോജിയുള്ള ആഴത്തിലുള്ള അറിവും പരിചയവും വിവിധ ഐ ടി കമ്പനികൾക്ക് അത്യാവശ്യമാണ്. ജിയോ-ഇൻഫോർമാറ്റിക്സ് അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടനവധി സോഫ്ട്‍വെയറുകളും ആപ്പ്ളിക്കേഷനുകളും ഇന്ന് നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഐ ടി മേഖലയിൽ തൊഴിൽസാധ്യതകൾ ഏറെയാണ്.

വ്യോമയാനം

ജിയോ-ഇൻഫോർമാറ്റിക്സ് ഇല്ലെങ്കിൽ ലോകത്തു ഒറ്റ വിമാനംപോലും പ്രവർത്തിക്കില്ല. റിമോട്ട് സെൻസിംഗ് പോലുള്ള GIS സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വിമാനങ്ങളുടെ പറക്കലിന്റെ ഗതിനിയന്ത്രണവും ദിശ നിശ്ചയിക്കുന്നതും. അതുകൊണ്ടുതന്നെ ജിയോ-ഇൻഫോർമാറ്റിക്സിന് ഏറ്റവും കൂടുതൽ സാധ്യതകൾ ഈ മേഖലയിലാണ്.

തീർന്നിട്ടില്ല, മുകളിൽപ്പറഞ്ഞിട്ടില്ലാത്ത ഒട്ടേറെ മേഖലകളിൽ ജിയോ-ഇൻഫോർമാറ്റിക്സ് വിദഗ്ധർക്ക് വൻ ഡിമാൻഡാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഒട്ടും ആശങ്കയില്ലാതെ തിരഞ്ഞെടുക്കാവുന്ന ഒരു കരിയർ ആണ് ജിയോ-ഇൻഫോർമാറ്റിക്സ്.

Leave a Reply