Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇന്ത്യയിലെ മാനേജ്മെന്‍റ് പഠനത്തിന്‍റെ അവസാന വാക്കാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകൾ (ഐ ഐ എം). മാനേജ്മെന്‍റ് പഠനം ലക്ഷ്യമിടുന്ന ഏതൊരു വിദ്യാര്‍ഥിയുടേയും സ്വപ്ന ലക്ഷ്യ സ്ഥാനമാണിത്. സാധാരണ ഡിഗ്രിക്ക് ശേഷം പൊതു പ്രവേശന പരീക്ഷയിലൂടെയാണ് ഇവിടുത്തെ 2 വര്‍ഷത്തെ കോഴ്സിലേക്കുള്ള പ്രവേശനം. എന്നാല്‍ ഇപ്പോള്‍ പ്ലസ് ടുക്കാര്‍ക്ക് 5 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാനേജ്മെന്‍റ് പ്രോഗ്രാമിന് അവസരമുമായി ഇന്‍ഡോര്‍ ഐ ഐ എം രംഗത്ത് വന്നിരിക്കുന്നു. 2011 ലാണ് ഇത്തരമൊരു പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടത്. 120 സീറ്റാണുള്ളത്.

പ്രവേശനം എങ്ങനെ

പ്ലസ് ടു, പത്ത് തലങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോട് കൂടി വിജയിച്ചവര്‍ക്ക് ഈ കോഴ്സിനപേക്ഷിക്കാം. അഖിലേന്ത്യതലത്തില്‍ പ്രവേശന പരീക്ഷയുണ്ടാകും. ആപ്റ്റിറ്റ്യൂഡ്, റീസണിങ്ങ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് തുടങ്ങിയവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. തുടര്‍ന്ന് അഭിമുഖവുമുണ്ടാകും. ഒ ബി സി, എസ് സി, എസ് ടി, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതിയാകും. ജനറല്‍ വിഭാഗക്കാര്‍ക്ക് 20 വയസും സംവരണ വിഭാഗക്കാര്‍ക്ക് 22 വയസുമാണ് ഉയര്‍ന്ന പ്രായ പരിധി.

കോഴ്സ് ഘടന

ഒരു വര്‍ഷം മൂന്ന് മാസം നീളുന്ന മൂന്ന് ടേമുകള്‍ എന്ന കണക്കില്‍ 15 ടേമുകളാണ് അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന്‍റെ ഭാഗമായി ഉണ്ടാവുക. ആദ്യത്തെ 3 വര്‍ഷം ഫൌണ്ടേഷനും പിന്നീടുള്ള 2 വര്‍ഷം മാനേജ്മെന്‍റും ആണ് പഠിക്കുവാനുണ്ടാവുക. ഫൌണ്ടേഷന്‍ മൂന്നായി തിരിച്ചിരിക്കുന്നു. മാത്തമാറ്റിക്സും, സ്റ്റാറ്റിസ്റ്റിക്സും, ഇക്കോണോമിക്സും ആണ് ആദ്യത്തെ ഭാഗം. സൈക്കോളജി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, മാനേജേരിയല്‍ ഇക്കണോമിക്സ് എന്നിവ രാണ്ടാമത്തെ ഭാഗത്തും, സയന്‍സ്, എഞ്ചിനിയറിങ്ങ്, ഹ്യുമാനിറ്റിക്സും, സാഹിത്യവും, ഫൈന്‍ ആര്‍ട്സും മൂന്നാം ഭാഗത്തും പഠിക്കുവാനുണ്ട്.

തുടര്‍ന്ന് പി ജി സ്റ്റുഡന്‍സിന്‍റെ കൂടെ അടുത്ത 2 വര്‍ഷം പൂര്‍ത്തിയാക്കാം. ലീഡര്‍ഷിപ്പ് ഡവലപ്മെന്‍റ്, ടീം വര്‍ക്ക്, ആശയ വിനിമയം, അക്കൌണ്ടിങ്ങ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്മെന്‍റ്, മാര്‍ക്കറ്റിങ്ങ്, ഇക്കണോമിക്സ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ബിസിനസ്സ് നിയമവശങ്ങള്‍, കോര്‍പ്പറേറ്റ് ഭരണം, സാമൂഹിക ഉത്തരവാദിത്വങ്ങള്‍, ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് തുടങ്ങിയവ പഠിക്കുവാനുണ്ടാകും.

വിദേശ പരിശീലനം ഉള്‍പ്പെടെയുള്ള ഇന്‍റേണ്‍ഷിപ്പുമുണ്ടാകും. മൂന്നാം വര്‍ഷത്തിന്‍റെ അവസാനം ഒരു സോഷ്യല്‍ ഇന്‍റേണ്‍ഷിപ്പുണ്ടാകും. അവസാനം രണ്ട് വര്‍ഷം ബിസിനസ്സ് ഇന്‍റേണ്‍ഷിപ്പുണ്ടാകും. മൂന്ന് വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ പഠനം അവസാനിപ്പിക്കാം. ഇവര്‍ക്ക് ബിരുദം ലഭിക്കും. ബാക്കിയുള്ള രണ്ട് വര്‍ഷം ഐ ഐ എമ്മിന്‍റെ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ പ്രവേശനം നേടുന്നവര്‍‌ക്കൊപ്പമാവും പൂര്‍ത്തിയാക്കുക.

ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന്‍റെ ഓരോ വര്‍ഷവും കര്‍ശനമായ മൂല്യനിര്‍ണ്ണയവും വിശകലനവും ഉണ്ടാകും. നിശ്ചിത നിലവാരം പുലര്‍ത്താത്തവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കില്ല. നിലവാരം പുലര്‍ത്താത്തവര്‍ കോഴ്സ് വിടുകയോ മുന്‍വര്‍ഷം ആവര്‍ത്തിക്കുകയോ ചെയ്യേണ്ടതുണ്ട്.

5 വര്‍ഷവും പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ മാനേജ്മെന്‍റ് ബിരുദമാവും ലഭിക്കുക.

ഫീസും മറ്റ് സൌകര്യങ്ങളും

ആദ്യ മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 3 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ഫീസ്. തുടര്‍ന്നുള്ള 2 വര്‍ഷം പി ജി പ്രോഗ്രാമിന് തുല്യമായ ഫീസാണുണ്ടാവുക. താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചിലവ് പുറമേയാണ്.

മികച്ച സൗകര്യങ്ങള്‍ ലഭ്യമായ കാമ്പസാണ് ഇന്‍ഡോര്‍ ഐ ഐ എമ്മിന്‍റേത്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ രീതിയിലാണ് കോഴ്സ്. ആദ്യ മൂന്ന് വര്‍ഷം ഒന്നിലേറെ വിദ്യര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണുണ്ടാവുക. അടുത്ത രണ്ട് വര്‍ഷം സിംഗിള്‍ റൂം ലഭിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iimidr.ac.in/ സന്ദര്‍ശിക്കുക.

Leave a Reply