Ramees Kambrath
Ramees Kambrath

Journalist, Editor, Production Manager NowNext

വി  വിജയൻ  മലയാള സാഹിത്യത്തിനു ഒട്ടനവധി സംഭാവനകൾ നൽകിയ എഴുത്തുകാരനാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നോവലാണ് ഖസാക്കിൻ്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യ ചരിത്രത്തെ രണ്ടായിത്തന്നെ  കൃതിക്കുശേഷം സാഹിത്യകാരന്മാർ നിരൂപിക്കാറുണ്ട്

ഖസാക്കിന്റെ പൂർവ്വ ഘട്ടം” എന്നുംഖസാക്കാനന്തര കാലഘട്ടമെന്നും.”

ഖസാക്കിൻ്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഒന്നു രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു പോകാമെന്നു തോന്നുന്നു. പ്രമേയപരമായും സാഹിത്യപരമായും ഖസാക്ക് നടത്തിയ വിപ്ലവത്തേക്കാൾ മികച്ചുനിൽക്കുന്നത്  കഥാപാത്രങ്ങൾ തന്നെയാണ്. പരസ്ത്രീഗമനം, ആഗമ്യഗമനം  നടത്തുന്ന ഇരുണ്ട ഹൃദയങ്ങൾ ഇടങ്ങൾ ഒളിപ്പിച്ച നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേക്കും മലയാളസാഹിത്യത്തിന് അന്യമായിരുന്നു. അക്കാലമത്രയും മലയാളസാഹിത്യത്തിൽ വിരാജിച്ചിരുന്നത് ആദർശ ധീരരായ നന്മയുടെ നായകന്മാരായിരുന്നു. ചരിത്ര ഘട്ടത്തിലേക്കാണ് ഒ.വി, രവി എന്ന, തോന്നിയപോലെ ജീവിതത്തെ കൊണ്ടുപോകുന്ന നായകനെ, ഖസാക്കിലേക്കു ഇറക്കിവിടുന്നത്. ഒരു മാറ്റത്തെ അന്നത്തെ ആധുനികരായിരുന്ന മാധവിക്കുട്ടിക്കും അയ്യപ്പ പണിക്കർക്കു പോലും നോവലിനെ അനുകൂലിക്കാൻ പറ്റിയില്ല. പക്ഷെ ഖസാക്ക് വായനക്കാർ നെഞ്ചിലേറ്റി, അൽപം സമയമെടുത്തെങ്കിലും.

വായനക്കാർ നെഞ്ചേറ്റിയ ഇതിഹാസത്തിൻ്റെ രാഷ്ട്രീയത്തെ കുറിച്ചാവട്ടെ   വായനാവാരത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്.

കരിമ്പനക്കാടുകളും ചെതലിമലയും ഷെയ്ക്കിൻ്റെ പള്ളികൾകൊണ്ടും ഒ.വി. വരച്ചിട്ട അതിമനോഹരമായ ഇതിഹാസ ഗ്രാമമാണ് ഖസാക്ക്. ഗ്രാമത്തിൻ്റെ രാഷ്ട്രീയം തേടി നാം ഇറങ്ങുമ്പോൾ കാലവും ചരിത്രവും വർത്തമാനത്തോടു സംവദിച്ചു തുടങ്ങും. ഇരുപതാം നൂറ്റാണ്ടിൻ്റെ ആറാം ദശകാവസാനത്തിൽ ഒ.വി. ഉണ്ടാക്കിയെടുത്ത ഖസാഖ്, അദ്ദേഹം യാത്രയായി ഒന്നര ദശകം കഴിഞ്ഞിട്ടും മലയാളസാഹിത്യത്തിൽ സജീവ ചർച്ചയായി നിൽക്കുന്നു .

ഭിന്നസ്വരങ്ങളുടെയും വിരുദ്ധ ക്രമങ്ങളുടെയും എതിർസ്വര അഭിമുഖീകരണം ഖസാക്കിൻ്റെ സംസ്കാരമാണ്. കൃതിയുടെ രചനാകാലത്തിനു മുമ്പും ശേഷവും നിലനിന്നിരുന്ന സാംസ്കാരിക-രാഷ്ട്രീയ സംഹിതകളെ എതിർക്കുന്ന ഒരു മറു ലോകം ഇതിഹാസത്തിനുണ്ട്. മലയാളസാഹിത്യത്തിൻ്റെ അവതരണ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഏക കേന്ദ്രീകൃത സ്വഭാവത്തെ പൊളിച്ചെഴുതി, ബഹുകേന്ദ്രീകൃതമായിക്കൊണ്ടാണ് ഖസാക്കിൻ്റെ ജീവിത ശൈലി രൂപപ്പെട്ടുവരുന്നത്. ഖസാക്കിൻ്റെ മണ്ണ്, നാഗരികതയിൽ ഊന്നിയോ ശാസ്ത്രീയമായോ വളർന്നു രൂപാന്തരം പ്രാപിച്ചതല്ല, എങ്കിലും ഗ്രാമത്തിനു അവരുടേതായ ഒരു രാഷ്ട്രീയമുണ്ട്. പരിഷ്കൃതിയിലേക്കും ശാസ്ത്രീയജ്ഞാനത്തിലേക്കും പ്രാദേശിക സംസ്കൃതികളെ വീണ്ടെടുക്കാനുള്ള പ്രയത്നങ്ങളെ ചെറുക്കുന്നതാണ് ഖസാക്കിൻ്റെ രാഷ്ട്രീയം. എന്നിരുന്നാലും ഖസാക്കിന് ഒരു ചുംബന സമരത്തെ നേരിടേണ്ട സാഹചര്യമില്ല. ഖസാക്കിൽ വ്യക്തമായ സ്വാതന്ത്ര്യം പ്രദാനംചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ മേലും നിയന്ത്രണാധികാരം ഖസാക്ക് ഒരാൾക്കും പതിച്ചുനൽകുന്നില്ല. ആധുനിക സാംസ്കാരിക വിദ്യാഭ്യാസത്തിനു പുറത്താണ് ഖസാക്ക്. മൊല്ലാക്കയുടെ മതപാഠശാലയും ഹിന്ദുക്കൾ പൂഴിയിൽ എഴുതുന്ന എഴുത്തുപള്ളിയും ഉണ്ടായിട്ടും ശാസ്ത്രീയമായ ആധുനിക വിദ്യാഭ്യാസത്തിനു പുറത്താണ് അതിൻ്റെ നില. ആധുനിക വിദ്യാഭ്യാസത്തിൻ്റെ വക്താവായ രവിയോട് അതിൻ്റെ കാരണം വിശദീകരിക്കുന്നുണ്ട്. 

തങ്ങൾ പഠിക്കേണ്ടതില്ല എന്നാണ് അവരുടെ വാദം. കാരണം, കവറപേച്ച്  എല്ലാ ഭാഷകളെക്കാളും മുന്തിയതാണ്. അതിനു ലിപികളില്ല, പാട്ടുകളില്ല, മലഞ്ചെരുവുകളിൽ കുടുങ്ങി നിന്ന മനുഷ്യാത്മാക്കളുടെ കഥകൾ മാത്രമേയുള്ളു.  അതുകൊണ്ടാവാം പുരോഗമന തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന നൈസാമലി പെട്ടെന്നു അതിൽ നിന്നും തിരിച്ചുകയറി ഖസാക്കിൻ്റെ രാഷ്ട്രീയത്തോടു പൊരുത്തപ്പെടുന്നത്. പരിഷ്കാരത്തെ സ്വീകരിക്കേണ്ട ആവശ്യം ഖസാക്കിനില്ല, എന്നിരുന്നാലും ആഗ്രഹങ്ങളനുസരിച്ചു പാറിപ്പറന്നു നടക്കാനുള്ള അവകാശം ഖസാക്കിലെ പൗരന്മാർക്കുണ്ട്. അതുകൊണ്ടുതന്നെ ഒ.വി. മുന്നിലെക്കുവെക്കുന്ന രാഷ്ട്രീയം തികച്ചും ആധുനികതയുടെ രാഷ്ട്രീയംതന്നെയാണ്. പക്ഷെ, അത് പാശ്ചാത്യമായ ആധുനിക രാഷ്ട്രീയവാദം പിൻ പറ്റിയല്ല. അത് വരും കാലങ്ങൾ ഖസാക്കിനെ മുൻനിറുത്തി ചർച്ച ചെയ്തു കൊണ്ടേയിരിക്കേണ്ടതാണ്.

1 COMMENT

  1. ഇതിഹാസം വായിച്ചിട്ടില്ല…ഈ ഉള്ളടക്കങ്ങൾ വായിച്ചിരിക്കണം എന്ന്‌ തോന്നുന്നു…പുസ്തകം കിട്ടട്ടെ..വായിക്കണം…

Leave a Reply