ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്ന് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം പായല്‍ കേരളത്തിലേക്ക് വരുമ്പോള്‍ വയസ്സ് നാല്. കേരളത്തില്‍ കൊച്ചിയിലാണ് ഈ കുടുംബം താമസമാക്കിയത്. പായലിന്റെ അച്ഛന്‍ പ്രമോദ് കുമാര്‍ മറ്റ് അതിഥി തൊഴിലാളികളില്‍ നിന്നും തികച്ചും വിത്യസ്തനായിരുന്നു. അദ്ദേഹം മറ്റെന്തിനെക്കാളും സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. തന്‍റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരവും കഴിവിന്‍റെ പരമാവധി സൗകര്യങ്ങളും ആ പിതാവ് നല്‍കിയിരുന്നു.

പെരുമ്പാവൂര്‍ മാര്‍ത്തോമ വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായ പായല്‍ കുമാരി മാര്‍ച്ചില്‍ നടന്ന പരീക്ഷകള്‍ക്ക് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിഎ ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററിയില്‍ (മൊഡ്യൂള്‍ രണ്ടാം സ്ഥാനം) 85% മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. അച്ഛന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം മകളുടെ കഠിനാധ്വാനവും ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അഭിമാനര്‍ഹാമായ നേട്ടമാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഒരു വേള തന്‍റെ പഠനം ഉപേക്ഷിക്കാന്‍ വരെ ചിന്തിച്ചിരുന്നതായി പായല്‍ പറയുന്നു. എന്നാല്‍ തന്‍റെ അദ്ധ്യാപകര്‍, കോളേജ് പ്രത്യേകിച്ച് ചരിത്ര അധ്യാപകനായ ബിപിന്‍ സര്‍, ആര്‍ക്കിയോളജി പഠിപ്പിക്കുന്ന വിനോദ് സര്‍, തന്നെ വളരെയധികം പിന്തുണച്ചുവെന്ന് പായല്‍ പറഞ്ഞു.

പായല്‍ കുമാരിയുടെ ഈ നേട്ടം കേരള സംസ്ഥാന മുഖ്യമന്ത്രി എടുത്തു പറയുകയും അഭിനന്ദിക്കുകയും ചെയ്തു. അച്ഛന്‍ പ്രമോദ് കുമാര്‍, അമ്മ ബിന്ദു ദേവി, സഹോദരങ്ങളായ ആകാശ് കുമാര്‍, പല്ലവി കുമാരി എന്നിവരടങ്ങുന്നതാണ് പായലിന്റെ കുടുംബം. പ്രതിസന്ധികളില്‍ തളരാതെ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ ഉറച്ച മനസ്സോടെ പരിശ്രമിച്ചാല്‍ വിജയം സുനിശ്ചയമാണെന്ന് സമൂഹത്തിനു കാട്ടി കൊടുക്കുകയാണ് ഈ കൊച്ചു മിടുക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

Leave a Reply