Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

 

കുറഞ്ഞ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങണം. അതിനായി എന്താണ് ചെയ്യേണ്ടത്? വീട്ടിലിരുന്നു ചെയ്യാവുന്ന ബിസിനസ് എന്തെങ്കിലുമുണ്ടോ? ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ വരാറുണ്ട്. അതിനുള്ള മറുപടിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കോവിഡ് കാലമാണ്, പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾക്ക് നന്നേ പരിമിതിയുള്ള സമയം. എന്നാൽ തങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവു തെളിയിക്കുന്നതിനുള്ള ഒരു ശ്രമം നടത്താൻ പറ്റിയ സമയം കൂടിയാണിത്. വീട്ടമ്മമാർക്കും സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്കും അവരുടെ സമയത്തെ കൃത്യമായി ക്രമീകരിച്ച്, ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന ചില അവസരങ്ങൾ സൂചിപ്പിക്കട്ടെ.

1. സാരി ഡിസൈനിങ്

7 businesses that you can-do-from your home in malayalam - Saree Design

സാരി വാങ്ങി അതില്‍ പല വര്‍ക്കുകള്‍ ചെയ്ത് ഡിസൈന്‍ ചെയ്തു നൽകുന്നത് ഒരു മികച്ച വരുമാന മാർഗ്ഗമാണ്. ബോര്‍ഡറുള്ളതോ ഇല്ലാത്തതോ ആയ സാരിയില്‍ സീക്വന്‍സ്, സ്‌റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്ത് മനോഹരമാക്കിയാല്‍ നല്ല വിലക്ക് വില്‍ക്കാനാകും. കുറച്ച് കലാബോധവും മാറുന്ന ട്രെന്‍ഡുകളേക്കുറിച്ചുള്ള അറിവുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണിത്. ഫാബ്രിക് പ്രിന്റിംഗ് സാരികളില്‍ മികച്ച ഫലം നല്‍കും. പുത്തൻ ട്രെൻഡുകൾ അറിഞ്ഞിരിക്കണം എന്നത് ഈ ബിസിനസ്സിൽ അത്യന്താപേക്ഷിതമായ ഒന്നാണ്. അതിനായി ഫാഷൻ ലോകത്തെ വാർത്തകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. തുടക്കത്തിൽ ഇത്തരത്തിൽ തയ്യാറാക്കുന്ന സാരികൾ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് / ബന്ധു വലയങ്ങളിൽ വിൽക്കാൻ ശ്രമിക്കാവുന്നതാണ്. ആത്മവിശ്വാസം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ വേദികളിലൂടെയും, പ്രാദേശികമായ ബൊട്ടീക്കുകളിലൂടെയും വിൽപ്പന ആരംഭിക്കാം. ഡിസൈനുകൾ മാർക്കറ്റ് ചെയ്യുന്നതിന് സമൂഹ മാധ്യമങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

2. പോട്ട് ആര്‍ട്ട് വര്‍ക്ക്

7 businesses that you can-do-from your home in malayalam - Pot Art

സാരീ ഡിസൈനിങ് പോലെ വരുമാനമുണ്ടാക്കാവുന്ന മറ്റൊരു ജോലിയാണ് പോട്ട് ആര്‍ട്ട് വര്‍ക്ക്. മണ്‍പാത്രങ്ങളിലും കളിമണ്‍ശില്‍പ്പങ്ങളിലും ഉള്ള മനോഹരമായ വര്‍ക്കുകള്‍ക്ക് ഇന്റീരിയര്‍ ഡിസൈനിംഗിനു പ്രാധാന്യം വര്‍ധിക്കുന്ന ഇക്കാലത്തു ആവശ്യക്കാര്‍ ഏറെയാണ്. പുതിയ വീടുകൾ, കടകൾ ,ഓഫീസുകൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ വർക്ക് ചെയ്ത പോട്ടുകൾക്ക് സാധ്യതയുണ്ട്. ഡെക്കോ പേജ് ആര്‍ട്ട് പരീക്ഷിക്കുന്നത് നല്ലതാണ്. പോട്ട് ആര്‍ട്ട് വര്‍ക്കിനെക്കാള്‍ മനോഹരമായി ഡെക്കോപേജിലൂടെ ചിത്രങ്ങള്‍ കളിമണ്‍പാത്രങ്ങളില്‍ ചെയ്‌തെടുക്കാനാവും. മണ്‍പാത്രത്തില്‍ ചിത്രങ്ങള്‍ ഒട്ടിച്ചതിനുശേഷം അനുയോജ്യമായ പശ്ചാത്തലം വരച്ചുചേര്‍ക്കുന്നതാണ് ഡെക്കോ പേജ് ആര്‍ട്ട്. ഏതുതരം ചിത്രങ്ങളും മികച്ച ഫിനിഷോടുകൂടി മണ്‍പാത്രങ്ങളില്‍ വരച്ചുചേര്‍ക്കാന്‍ ഡെക്കോപേജിലൂടെ സാധിക്കും. മണ്‍കൂജകളിലും പാത്രങ്ങളിലും ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച് പെയിന്റ് ചെയ്‌തെടുക്കുന്നതാണ്. ഇന്റീരിയർ ഡിസൈനർമാർ, ഫാൻസി വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവരുമായി ബന്ധം സ്ഥാപിച്ചാൽ ഓർഡർ ലഭിക്കും. ഇവിടെയും, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്നത് മാർക്കറ്റ് ലഭിക്കാൻ സഹായകരമാണ്.

3. ഡിറ്റർജന്റ് നിർമ്മാണം

7 businesses that you can-do-from your home in malayalam - Making Detergents

സോപ്പ്, സോപ്പു പൊടി, ലിക്വിഡ് സോപ്പ്, ഫ്‌ളോര്‍ ക്ലീനര്‍, സോപ്പു പൊടി, ഫിനോയില്‍, ഫിനോയില്‍ കോണ്‍സണ്‍ട്രേറ്റ്, സാരി ഷാംപു, കാര്‍ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നിര്‍മാണം ഈ കോവിഡ് കാലത്ത് വളരെ സാധ്യതയുള്ള ഒരു സംരംഭമാണ്. എന്നാൽ വൻകിട കമ്പനികളുമായി മാർക്കറ്റിൽ മത്സരിക്കേണ്ടി വരുന്നു എന്നത് ഈ ജോലി നേരിടുന്ന പ്രശ്‌നമാണ്. ഗുണമേന്മയുള്ള പ്രോഡക്ട് ആണെങ്കിൽ, പ്രാദേശിക സ്റ്റോറുകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കുമെങ്കിൽ മികച്ച ഒരു വരുമാന മാർഗ്ഗമാണ് ഇത്. ഈ സംരംഭത്തിൽ നിങ്ങളുടെ മാർക്കറ്റിങ്ങ് കഴിവുകൾ കണിശമായും പ്രയോജനപ്പെടുത്തേണ്ടതാണ്.

4. ഓൺലൈൻ ജോലികൾ

വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍ ഒട്ടനവധിയാണ്. ഓണ്‍ലൈന്‍ അക്കൗണ്ടിങ്, ഓൺലൈൻ ട്യൂഷൻ, കണ്ടന്റ് റൈറ്റിങ്, പ്രൂഫ് റീഡിങ്, DTP ജോലികൾ, ഓൺലൈൻ ടെസ്റ്റിങ് തുടങ്ങിയ അവസരങ്ങൾ ഈ മേഖലയിൽ ഉണ്ട്. അതിൽ തന്നെ എടുത്ത് പറയാവുന്ന ഒരു അവസരമാണ് ബ്ലോഗ്ഗ് എഴുത്ത്. അത്യാവശ്യത്തിനു വായനക്കാരെ സൃഷ്ടിക്കാൻ നിങ്ങൾക്കായാൽ, വരുമാനം ലഭിച്ചു തുടങ്ങും. സാങ്കേതികം, ഇലക്ട്രോണിക്ക് ഗാഡ്‌ജെറ്റുകൾ, പാചകം, ഫാഷൻ, യാത്രാ വിവരണം, ആത്മീയം, സിനിമ, സംഗീതം തുടങ്ങി അഭിരുചിയുള്ള വിഷയങ്ങളെക്കുറിച്ച് ആകർഷകമായി എഴുതാനാറിയാവുന്ന ആർക്കും ബ്ലോഗിങ്ങ് ആരംഭിക്കാം. സ്വന്തമായി കമ്പ്യൂട്ടറും വേഗതയുള്ള ഇന്റർനെറ്റ് സൗകര്യവും അത്യാവശ്യമാണ്. ഇതിൽ മിക്കവയും രാത്രിയോ പകലോ, നിങ്ങളുടെ സമയത്തിനനുസരിച്ച് ക്രമീകരിച്ച് ചെയ്യാവുന്നവയുമാണ്.

5. അലങ്കാര മത്സ്യകൃഷി

7 businesses that you can-do-from your home in malayalam - Ornamental Fish Farming

ഓർണമെന്റൽ ഫിഷ് വളർത്തുന്നത് ഇഷ്ടമില്ലാത്ത ആളുകൾ നന്നേ കുറവാണ്. അത്കൊണ്ട് തന്നെ അലങ്കാര മത്സ്യകൃഷിയുടെ വളർച്ച വളരെ വേഗത്തിലാണ്. വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കിൽ ആർക്കും ഈ ബിസിനസ്സിലേക്ക് വരാം. ഇനി അങ്ങനെയൊരു സൗകര്യം ഇല്ലെങ്കിൽ കൂടി നിരാശപ്പെടേണ്ട. കോൺക്രീറ്റ് ടാങ്കുകൾ, കൃത്രിമ കുളങ്ങൾ എന്നിവ വളരെ കുറഞ്ഞ മുടക്കിൽ വീട്ടു വളപ്പിൽ തയ്യാറാക്കാൻ സാധിക്കും.

6. ചോക്ലേറ്റ് മേക്കിങ്

7 businesses that you can-do-from your home in malayalam - Chocolate Making

ഹോം മേഡ് ചോക്ലേറ്റുകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുള്ള പരിശീലനം നേടിയാൽ ഈ വിഷയത്തിൽ അഭിരുചിയുള്ളവർക്ക് ചോക്ലേറ്റ് നിർമ്മാണം ആരംഭിക്കാവുന്നതാണ്. വ്യത്യസ്തവും ആകർഷകവുമായ ചോക്ലേറ്റുകൾ നിർമ്മിക്കുന്നവർ പതിനായിരങ്ങളാണ് മാസ വരുമാനമായി നേടുന്നത്.

7. കൂൺ കൃഷി

7 businesses that you can-do-from your home in malayalam - Mushroom Cultivation

കേരളത്തിൽ പതിയെ പ്രചാരത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു സംരംഭമാണിത്. ഇതിനായി ഒരുപാട് സ്ഥല സൗകര്യമൊന്നും ആവശ്യമില്ല. വീട്ടിലെ ഒരു മുറി മാറ്റിവച്ചാൽ ആരംഭിക്കാവുന്ന എളുപ്പത്തിലുള്ള ബിസിനസ് ആണ് കൂൺ കൃഷി. സംസ്ഥാന സർക്കാരിന്റെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്ന് ഇതിനായുള്ള പരിശീലനം ലഭിക്കും. സൂപ്പർ മാർക്കറ്റുകളിലൂടെയും സമാന സ്റ്റോറുകളിലൂടെയും വിൽപ്പന നടത്താവുന്നതാണ്.

ജില്ല വ്യവസായിക കേന്ദ്രങ്ങള്‍ വനിത സംരംഭകര്‍ക്ക് അഞ്ചു ശതമാനം സബ്‌സിഡി കൂടുതല്‍ നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സംരംഭകത്വ പരിശീലന പരിപാടികളും ജില്ല വ്യവസായിക കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പരമാവധി 30 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. പുതിയ തൊഴില്‍ പദ്ധതികള്‍, സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവക്ക് സബ്‌സിഡിയോടുകൂടിയ സഹായങ്ങളാണ് പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതിയിലൂടെ നല്‍കുന്നു.

എന്ത് ബിസിനസ്സ് തുടങ്ങണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. മറ്റുള്ളവരുടെ ആശയങ്ങൾ ഒരു പക്ഷെ നിങ്ങൾക്ക് യോജിച്ചതും വിജയിപ്പിച്ചെടുക്കാൻ സാധിക്കുന്നതും ആകണമെന്നില്ല. അത് കൊണ്ട് നിങ്ങളുടെ കഴിവുകൾ, താൽപ്പര്യങ്ങൾ, സാഹചര്യങ്ങൾ, സമയം എന്നിവയെല്ലാം തീരുമാനത്തിൽ എത്തിച്ചേരാനുള്ള ഘടകങ്ങൾ ആകണം. നിങ്ങളുടെ പ്രോഡക്ട് അല്ലെങ്കിൽ സേവനം മികച്ചതാക്കാൻ നിങ്ങളുടെ കഠിന പ്രയത്നം ആവശ്യമാണ്. മാർക്കറ്റിൽ ദിനം പ്രതി നടക്കുന്ന മാറ്റങ്ങളെ കുറിച്ച് സൂക്ഷ്മവും കൃത്യവുമായ വിലയിരുത്തൽ അത്യാവശ്യമാണ്. ചുറ്റുപാടുകളെ മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടം ബിസിനസ്സിൽ ദോഷം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ ചുറ്റുപാടുകളെ നിരീക്ഷിക്കുക, അതിനാവശ്യമായ പ്രോഡക്റ്റ് അല്ലെങ്കിൽ സേവനം ആയിരിക്കണം നിങ്ങൾ അവതരിപ്പിക്കേണ്ടത്. എന്ത് തുടങ്ങുമ്പോഴും വളരെ ചെറിയ രീതിയിൽ തുടങ്ങുക. വിപണിയിലെ നേട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് പടി പടിയായി ബിസിനസ്സ് വളർത്താനുള്ള മാനസികാവസ്ഥയാണ് നിങ്ങൾക്കുണ്ടാകേണ്ടത്.

Also Read കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന 5 ബിസിനസുകൾ

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!