Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിനായി വിദേശത്ത് പഠിക്കാൻ വളരെക്കാലമായി വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന ഒന്നാണ്. വിദേശത്ത് പഠിക്കുന്നത് വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അന്തർദ്ദേശീയ എക്സ്പോഷർ, ലോകപ്രശസ്ത ഫാക്കൽറ്റിയിൽ നിന്ന് പഠിക്കാനുള്ള അവസരം, മികച്ച തൊഴിൽ എന്നിവയൊക്കെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ലക്‌ഷ്യം വയ്ക്കുന്നത്. കോവിഡ് -19 ലോകത്തെ മുഴുവൻ നാം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ബാധിച്ചുവെന്നത് ശരിയാണ്, പക്ഷേ ഇപ്പോഴും അന്താരാഷ്ട്ര വിദ്യാഭ്യാസം കൂടുതൽ ആകർഷണീയമായി നിലകൊള്ളുന്നു.

ലോകം ഓൺലൈനിൽ

ഇത്രയും ദുഷ്കരമായ സമയയത്ത് , ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾ അവരുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വിദ്യാർത്ഥികളെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരായി. ഇത്തരം യൂണിവേഴ്സിറ്റികൾ അതിൽ വളരെ മികച്ച പ്രവർത്തനം നടത്തിയെന്നു തന്നെ പറയേണ്ടി വരും.വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ലോകമെമ്പാടും സ്വീകരിച്ച ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഓൺലൈനിൽ പോകുക എന്നതായിരുന്നു.

വലുതോ ചെറുതോ ആയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ പ്രവർത്തന രീതികളിൽ സമഗ്രമായ മാറ്റത്തിന് വിധേയമാവുകയും , ക്ലാസ്സുകൾ വെർച്വൽ മോഡിലേക്ക് മാറ്റുകയും ചെയ്തു. ക്ലാസുകളും പ്രഭാഷണങ്ങളും ഇപ്പോൾ ഓൺലൈനിലൂടെയാണ്. പതിവ് വെബിനാറുകളുണ്ട്, കൂടാതെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഫാക്കൽറ്റികളെ എന്നത്തേക്കാളുംകൂടുതലായി ആക്സസ് ചെയ്യാനാകുന്നുമുണ്ട്. ഈ മാറ്റം പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അവരുടെ ജീവിതത്തിലെ ഒരു സുപ്രധാന വർഷം പാഴാക്കുന്നതിൽ നിന്ന് സഹായിച്ചു. കൂടാതെ, വീടുകളിലിരുന്ന് സുരക്ഷിതമായി പഠിക്കാനും, പഠഭാഗങ്ങൾ ഡിജിറ്റലായി ആക്സസ് ചെയ്യാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. മിക്കവാറും പ്രമുഖ സ്ഥാപനങ്ങളും സർക്കാരുകളും, മുഴുവൻ സമയ ക്യാമ്പസ് വിദ്യാർത്ഥിയെന്ന നിലയിൽ ഓൺലൈൻ പാഠ്യപദ്ധതികൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയതിന് ശേഷം, തൊഴിൽ നേടിയെടുക്കുന്നതിനു ഓഫ്‌ലൈൻ ആയി പഠിച്ചിറങ്ങിയ വിദ്യാർഥികളെ പോലെ തന്നെ അവകാശം നൽകുന്നു എന്നത് പ്രശംസനീയമായ ഒരു കാര്യമാണ്.

വിവിധ രാജ്യങ്ങളിലെ പലതരത്തിലുള്ള വെല്ലുവിളികളും യാത്രാ നിയന്ത്രണങ്ങളും മനസിലാക്കിയ സർവകലാശാലകൾ അവരുടെ അപേക്ഷാ സമർപ്പണവും ഫീസ് പേയ്മെന്റ് സമയപരിധിയും നീട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന ഇന്റേക്കുകളിൽ വിദ്യാർത്ഥികൾക്ക് കഷ്ടപ്പെടേണ്ടതില്ലെന്ന് ഉറപ്പാക്കുന്ന മാതൃകാപരമായ ചുവടു വായ്പുകളാണിവയെല്ലാം. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ചേരുന്നവർക്ക് ചില സാമ്പത്തിക സഹായങ്ങളും, പ്രത്യേക സ്കോളർഷിപ്പ് നൽകാനും യൂണിവേഴ്സിറ്റികൾ തയ്യാറാകുന്നുണ്ട്.

വാസ്തവത്തിൽ, ഓൺലൈൻ – ഓഫ്‌ലൈൻ മിശ്രിത പഠനം എന്ന ആശയം ഇപ്പോൾ മിക്കവാറും എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളിലും പ്രയോഗത്തിൽ വന്നിരിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ സ്വന്തം വീടുകളിൽ സുരക്ഷിതരായിരുന്ന് പ്രോഗ്രാം ഓൺലൈനിൽ നടത്തുകയും, യാത്രാ നിരോധനം പിൻവലിക്കുന്ന സാഹചര്യത്തിൽ ക്യാമ്പസ് പഠന അന്തരീക്ഷത്തിലേക്ക് മാറാനും കഴിയും. ഇത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു, ലോകം കോവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് പിൻവാങ്ങിയാൽ വിദ്യാർത്ഥിക്ക് ക്യാമ്പസ് ജീവിതം ആസ്വദിക്കാനുള്ള അവസരവും നൽകുന്നു.

ഭദ്രമായ ഭാവിയാണ് വിദ്യാർത്ഥികളുടെ ചോയിസ്

നിലവിലെ ഈ അവസ്ഥയുടെ പോസിറ്റിവ് വശം എന്തെന്നാൽ, വിദ്യാർത്ഥികൾ അവരുടെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു എന്നതാണ്. അവരുടെ ഭാവിയെ അതീവ ശ്രദ്ധയോടെ നോക്കിക്കാണാനും ശ്രമിക്കുന്നു. അതായത്, വിദ്യാർത്ഥികൾ അവരുടെ ഭാവിയെ ഭദ്രമാക്കുന്നതിലേക്ക് നയിക്കുന്ന കോഴ്സുകൾക്ക് പ്രാധാന്യം നൽകി, അവയെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള മറ്റൊരു അടിയന്തരാവസ്ഥ സംഭവിച്ചാൽ പോലും അവരുടെ തൊഴിൽ / സംരംഭകത്വ സാധ്യതകളെ ബാധിക്കാത്ത മേഖലകൾ തിരഞ്ഞെടുക്കാനാണ് തയ്യാറാകുന്നത്. ഉദാഹരണത്തിന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസസ്, മെഷീൻ ലേണിംഗ്, മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, മെഡിക്കൽ സേവനങ്ങൾ മുതലായവയിലെ കരിയറാണ് നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ സാധ്യതകൾ തുറന്നു കൊടുക്കുന്നത്.

ഭാവിയിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് ഒരു വലിയ സാധ്യതയാനുള്ളത്. ജീനോമിക്സ്, വൈറോളജി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകൾ വലിയൊരു കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ്. അതുവഴി ജനറിക് ബിരുദങ്ങൾ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.

അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുന്നതിന് യൂണിവേഴ്സിറ്റികളും കോളേജുകളും സർക്കാരുകളും പരമാവധി സംവിധാനങ്ങൾ ഒരുക്കാൻ ശ്രമിക്കുമ്പോൾ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരും അതത് രാജ്യത്തെ ആരോഗ്യ സേവനങ്ങളെ ഒരു പ്രധാന മാനദണ്ഡമായി പരിഗണിച്ച് അവരുടെ തിരഞ്ഞെടുപ്പുകൾ നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!