Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

ഈ കോവിഡ് കാലം കുട്ടികള്‍ക്കു നല്‍കിയ മാനസിക സംഘര്‍ഷം അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അവരില്‍ ചിലരെയെങ്കിലും വല്ലാതെ തളര്‍ത്തുകയും ജീവിതത്തോട് തന്നെ പിണങ്ങിപ്പിരിയാന്‍ ഇടവരുത്തുകയും ചെയ്തു.

2020 മാര്‍ച്ച് 25 മുതല്‍ ജൂലൈ 10 വരെ 18 വയസ്സിനു താഴെയുള്ള, കൗമാരം കടക്കാത്ത 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. ജീവിതം എന്തെന്നറിയും മുമ്പേ മരണം തെരഞ്ഞെടുക്കുകയാണ് കേരളത്തിലെ കുട്ടികള്‍. കോവിഡ് കാലത്തെ അനിശ്ചിതത്വവും മാനസികസംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നത് ഗൗരവത്തോടെ കാണണം.

190 രാജ്യങ്ങളിലായി 160 കോടി കുട്ടികളുടെ വിദ്യാഭ്യാസം കോവിഡ് കാരണം മുടങ്ങിക്കിടക്കുകയാണെന്നാണ് യുനെസ്‌കോയുടെ കണക്ക്. അനിശ്ചിതമായി നീളുന്ന സ്‌കൂള്‍ തുറപ്പ്, സഹപാഠികളെയും അധ്യാപകരെയും കാണാനും സംസാരിക്കാനും കഴിയാത്ത അവസ്ഥ, നീണ്ട അവധിക്കാലം നല്‍കുന്ന മടുപ്പും ഏകാന്തതയും, പരീക്ഷാഫലത്തെയും തുടര്‍പഠനങ്ങളെയും ഭാവിയേയും കുറിച്ചുള്ള ചര്‍ച്ചകള്‍, സ്വയം ചിന്തകള്‍, രക്ഷിതാക്കളുടെ തൊഴില്‍നഷ്ടവും നാളെയെക്കുറിച്ചുള്ള ആകുലതകളും, വീട്ടിലിക്കുമ്പോള്‍ ഉണ്ടാകുന്ന മാതാപിതാക്കളുടെ അമിതമായ ഇടപെടലുകള്‍, പെരുമാറ്റങ്ങള്‍, മനസ്സിലേല്‍ക്കുന്ന മുറിവുകള്‍ തുടങ്ങി പല കാരണങ്ങളാല്‍ സങ്കീര്‍ണ്ണമാണ് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും അവസ്ഥ.

കുട്ടികളില്‍ ചിലരെങ്കിലും കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുണ്ടാകാം. ഇത് തുറന്നു പറയാനാകാത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നു. ഇതെല്ലാം ആത്മഹത്യയിലേക്ക് കുട്ടികളെ നയിക്കാം. കൃത്യസമയത്ത് അവരുടെ ജീവിതത്തിന്റെ താളം വീണ്ടെടുത്തു കൊടുക്കുവാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. നന്മ ആഗ്രഹിച്ചുകൊണ്ടാണെങ്കിലും കുട്ടികളോടു പെരുമാറുമ്പോള്‍ അവരുടെ മാനസികാവസ്ഥ അറിഞ്ഞുവേണം മാതാപിതാക്കള്‍ ഇടപെടേണ്ടത്. മനസിന് മുറിവേല്‍പ്പിക്കാതിരിക്കുവാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കണം.

ശാരീരിക പീഡനത്തേക്കാള്‍ ആപത്കരമാണ് മാനസിക പീഡനങ്ങള്‍. വഴക്കുപറച്ചില്‍, കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, താരതമ്യംചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, പരിഹസിക്കല്‍, അവഗണിക്കല്‍, ശാപവാക്കുകള്‍ പറയല്‍, മുറിയില്‍ അടച്ചുപൂട്ടിയിടല്‍, വീട്ടില്‍ നിന്ന് പുറത്താക്കല്‍, മറ്റുള്ളവരോട് കുറ്റം പറയല്‍ ഇതെല്ലാം മാനസിക പീഡനങ്ങളാണ്. രക്ഷിക്കേണ്ടവര്‍ തന്നെ സംഹാര രൂപം കാട്ടുമ്പോള്‍ പ്രതീക്ഷയുടെ അവസാന കണികയും ഇല്ലാതായെന്ന തോന്നലിലാണ് അവര്‍ ജീവിതം ഹോമിക്കുന്നത്.

പോരായ്മകളില്‍, പരാജയങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി, ‘പോട്ടെ സാരമില്ല, മക്കള്‍ക്കു ഞാനില്ലേ’ എന്നു പറഞ്ഞിരുന്നെങ്കില്‍ ഇളം ജീവിതങ്ങളെ നമുക്കു നഷ്ടപ്പെടില്ലായിരുന്നു.

ലോക്ഡൗണ്‍ കാലത്തും അതിനുശേഷവുമുണ്ടായ വിദ്യാത്ഥികളുടെ ആത്മഹത്യകളെ സംബന്ധിച്ചും അവരുടെ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും പഠിക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന പദ്ധതിയും ആരംഭിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കുന്ന സംവിധാനമാണത്. ലോക്ഡൗണ്‍, പഠനസംബന്ധ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ക്ക് ‘ദിശ’ നമ്പറായ 1056 ലും ജില്ലാ മനസികാരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ അങ്കണവാടി, ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ കണ്ടെത്തി അവശ്യാനുസരണം സഹായത്തിനും കൗണ്‍സലിംഗിനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പ്രശ്‌നങ്ങളുടെ പരിഹാരത്തിന് കൗണ്‍സലിംഗ് സഹായം തേടാന്‍ ഉപേക്ഷ വിചാരിക്കരുത്. മനോസംഘര്‍ഷങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് ആശ്വാസം പകരണം.നമ്മുടെ കുടുംബങ്ങള്‍, സ്‌നേഹം പ്രകടിപ്പിക്കുന്ന ഇടങ്ങളാകണം. സ്‌നേഹവും സഹാനുഭൂതിയുമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. സ്‌നേഹമെന്നാല്‍ സന്തോഷം പകര്‍ന്നു നല്‍കലാണ്. സ്‌നേഹവും പങ്കുവയ്ക്കലും പരസ്പരവിശ്വാസവും നിറയുന്നിടത്താണ് ആനന്ദമുണ്ടാകുന്നത്. പരസ്പരം സ്‌നേഹവും കരുതലും വഴി സുരക്ഷാവലയങ്ങള്‍ തീര്‍ക്കാനാകും. എല്ലാ പ്രതിസന്ധിയിലും ഒപ്പമുണ്ടെന്ന തോന്നല്‍ ജീവിതത്തിന് പ്രകാശവും സൗന്ദര്യവും നല്‍കും. കരുതലും കരുണയും ജാഗ്രതയും നല്‍കി അവരെ നേടാനാകണം. സ്വയം അവസാനിപ്പിക്കാനുള്ളതല്ല; മറിച്ച് ജീവിച്ചുമുന്നേറാനുള്ളതാണ് ജീവിതം എന്ന് അവരെ ബോധ്യപ്പെടുത്തുക.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!