Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി, കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തം കെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍, എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്.
‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല, എന്ന തരത്തില്‍ ഒരിക്കലും ലേബല്‍ ചെയ്യരുത്. നിങ്ങളുടെ മനസ്സിലെ മാതൃക ലേബലായി വീണുകഴിഞ്ഞാല്‍ അതനുസരിച്ച് ഒരാത്മബിംബം കുട്ടി രൂപപ്പെടുത്തും. അതോടെ സ്വാഭാവികമായ സര്‍ഗ്ഗശേഷി നശിച്ച് നിങ്ങള്‍ ഒട്ടിച്ച ലേബലിലെ ബിംബമായിത്തീരും കുട്ടികള്‍.

ഓര്‍ക്കുക, ആത്മബിംബം കുട്ടിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണ് അത് നെഗറ്റീവ് ആക്കാതെ പോസിറ്റീവ് ആക്കണം. എല്ലാ കുട്ടികള്‍ക്കും നിരവധിയായ നല്ല ഗുണങ്ങളും പെരുമാറ്റ രീതികളും ഉണ്ടാകും. നല്ല സ്വഭാവഗുണങ്ങള്‍ എടുത്തുകാട്ടി പ്രശംസിച്ചാല്‍ ആത്മബിംബം പോസിറ്റീവ് ആകും. കുട്ടി ഗുണം പിടിക്കും.

ഉയര്‍ന്ന ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് കുട്ടികളെ വളരാന്‍ സഹായിക്കുന്നത്. ഡോ.എറിക്‌ബേണ്‍ പറയുന്നു; “ഒരു മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത് കേവലം ആറുവയസ്സു പോലും തികയാത്ത കുഞ്ഞാണ്”. ആറു വയസ്സുവരെ ഒരു കുട്ടിക്ക് ഉണ്ടാകുന്ന ജീവിതാനുഭവങ്ങളാണ് ആ വ്യക്തിയുടെ സ്വഭാവത്തിന്റെ അടിത്തറ പാകുന്നത്.

ഈ കാലയളവില്‍ ആ കുട്ടിക്കുണ്ടാകുന്ന പോസിറ്റീവും നെഗറ്റീവുമായ അനുഭവങ്ങള്‍ ആ കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ സാരമായി ബാധിക്കും. ചെറുപ്പത്തില്‍ വളരെയധികം പ്രോത്സാഹനങ്ങളും സ്‌നേഹലാളനകളും അംഗീകാരവും പരിഗണനയും ലഭിച്ചിട്ടുള്ള കുട്ടികളാണ് വിജയികളായിത്തീരുന്നത്.

അമിതമായ ശിക്ഷകള്‍, കുറ്റപ്പെടുത്തല്‍, പരിഹാസം, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, കളിയാക്കല്‍ തുടങ്ങിയവ അനുഭവിച്ചവരാണ് പരാജിതരാകുന്നവര്‍. നിന്നെ എന്തിനുകൊള്ളാം, നീ നന്നാവില്ല, മണ്ടന്‍, കഴിവില്ലാത്തവന്‍, ചട്ടമ്പി, കുടുംബം മുടിക്കാന്‍ പിറന്നവന്‍, തുടങ്ങിയ വാക്കുകള്‍ കേട്ട് വളര്‍ന്നവര്‍ക്ക് കിട്ടുന്നത് പരാജിതരുടെ തലേലെഴുത്തായിരിക്കും.

ഇത് കേള്‍ക്കുന്ന കുട്ടികള്‍ തങ്ങള്‍ അങ്ങനെയാണെന്ന് വിശ്വസിക്കും. ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാത്തവരും നേടിയ നേട്ടങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തവരും പരാജിതരുടെ തലേലെഴുത്ത് (സ്‌ക്രിപ്റ്റ്) ഉള്ളവരാണ്. ആത്മ ബിംബം നെഗറ്റീവ് ആയാല്‍ പ്രത്യേക ലക്ഷ്യമില്ലാത്ത ജീവിതമാകും ഉണ്ടാകുക. ഒരിനം പൊങ്ങന്‍ ജീവിതം. ഇവര്‍ പിന്നീട് അലസ ജീവിതത്തിനുടമകളാകും.

സ്വഭാവദോഷങ്ങള്‍ക്കെതിരെ സ്വഭാവഗുണങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ വളര്‍ത്തുവാന്‍ പരിശ്രമിക്കണം. നല്ലത് പറയുമ്പോള്‍ അതിനെതിയരായത് തനിയെ മാറിക്കൊള്ളും. എന്ത് ചെയ്യരുത് എന്നതിനേക്കാള്‍ എന്ത് ചെയ്യണം എന്നതിന്റെ വ്യക്തമായ രൂപരേഖ കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കണം.
തിരുത്താന്‍ വേണ്ടി സ്‌നേഹത്തിന്റെ ഭാഷയാണ് ഉപയോഗിക്കേണ്ടത്. തോളത്ത് തട്ടി അഭിനന്ദിക്കല്‍, മെല്ലെ ഒരാലിംഗനം, കവിളില്‍ തലോടല്‍, ഒരു പുഞ്ചിരി, നെറ്റിയില്‍ ഒരു ചുംബനം, അര്‍ത്ഥവത്തായ ഒരു നോട്ടം, ഇതുമതി സ്‌നേഹവും വാത്സല്യവും കുട്ടി തിരിച്ചറിയാന്‍.

അത് കുട്ടിയെ നന്മയില്‍ വളരാന്‍ സഹായിക്കും. നീ മിടുക്കനാണ്, നീ ഭാവിയില്‍ വല്യ ആളാകും, നല്ലൊരു ഭാവിയുണ്ട്, നിന്റെ ചിരി മനോഹരമാണ് നീ എത്ര ഭംഗിയായി പെരുമാറുന്നു. നീ എന്റെ പൊന്നുമോനല്ലേ, ചക്കര മുത്തല്ലേ, നീ ധീരനാണ്, ശക്തനാണ് എത്ര മനോഹരമായി നീ വസ്ത്രം ധരിക്കുന്നു. നീ വൃത്തിയായി ഷൂ പോളീഷ് ചെയ്തിട്ടുണ്ട്. നിന്റെ മോണോ ആക്ട് അസ്സലായി, പാട്ട് മനോഹരമായിരുന്നു, പ്രസംഗം അടിപൊളി, എത്ര മനോഹരമായ ശബ്ദമാണ് നിന്റേത്, പ്രതീക്ഷക്കൊത്ത് നീ ഉയരുന്നുണ്ട്, കുറവുകള്‍ പരിഹരിച്ച് നല്ല മാര്‍ക്ക് വാങ്ങും, നീ ചുണക്കുട്ടിയാണ് എന്നിങ്ങനെ പോസിറ്റീവായ വാക്കുകളാണുപയോഗിക്കേണ്ടത്. മറ്റുള്ളവരുടെ മുന്നില്‍വച്ചും മക്കളെക്കുറിച്ച് നന്മകള്‍ എടുത്തു പറയണം. അതവര്‍ക്ക് വലിയ പ്രോത്സാഹനമാണ്, ഉത്സാഹം വളര്‍ത്തും. തളര്‍ത്തുന്ന, തകര്‍ക്കുന്ന വാക്കുകള്‍ മുറിവുകള്‍ സൃഷ്ടിക്കും അവ പെരുമാറ്റ വൈകല്യങ്ങളിലേക്ക് കുട്ടിയെ നയിക്കും.

പാരമ്പര്യം , വൈയക്തിക, പ്രകൃതം , സാഹചര്യങ്ങളുടെ സ്വാധീനം എന്നിവയാണ് ഒരു വ്യക്തിയുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍. വികാരങ്ങളെ മുറിപ്പെടുത്തുന്ന വാക്കുകള്‍ സ്വാഭാവികമായും വ്യക്തിത്വത്തെ സ്വാധീനിക്കും. വാക്ക് ഊര്‍ജ്ജമാണ്. വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ. അതുവഴി ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ദ്ധിക്കട്ടെ. കുട്ടികള്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!