Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

സ്ഫടികത്തിലെ ചാക്കോ മാഷും ആട് തോമയും വെറും കഥാപാത്രങ്ങള്‍ മാത്രമല്ല, ഒരു ശാസ്ത്രജ്ഞനാകേണ്ടിയിരുന്ന കുട്ടി ആട് തോമയായി മാറിയത് വലിയൊരു പാഠമായിരുന്നു.

മാര്‍ക്ക് കുറഞ്ഞവരെ മണ്ടനെന്ന് വിളിക്കരുത് ! മള്‍ട്ടിപ്പിള്‍ ഇന്‍റലിജന്‍സില്‍ ഒന്‍പതാമതൊരു വിഭാഗം കൂടിയുണ്ട് – നിലനില്‍പ്പിനായുള്ള ബുദ്ധിവൈഭവമാണിത്!

നിങ്ങളുടെ കുട്ടി മണ്ടനല്ല, ജീനിയസാണെന്ന് തിരിച്ചറിയുന്നതെങ്ങനെ ?

കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവന് കിട്ടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റു പല കഴിവുകളുണ്ടായാലും മാര്‍ക്ക് കുറഞ്ഞവനെ മണ്ടനെന്ന് വിളിച്ച് പരിഹസിക്കും.

ബുദ്ധിശക്തിയുടെ പ്രത്യേകതകള്‍ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. 1983 ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയന്‍സ് പ്രഫസറുമായ ‘ഹോവാര്‍ഡ് ഗാര്‍ഡ്നര്‍’ മള്‍ട്ടിപ്പിള്‍ ഇന്‍റലിജെന്‍സ് എന്ന ആശയം മുന്നോട്ടുവച്ചു. ബുദ്ധിശേഷിയെ പല വിഭാഗങ്ങളായി കണക്കാക്കിയാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജൻസിനെ അദ്ദേഹം വിശദീകരിച്ചത്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. അതില്‍ ചിലതിന് മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താത്പര്യവും രൂപപ്പെടുന്നത്. ചിലര്‍ക്ക് കണക്ക്, മറ്റുചിലര്‍ക്ക് ഭാഷാവിഷയങ്ങള്‍, ചിലര്‍ക്ക് സാഹിത്യമാകും, മറ്റു ചിലര്‍ക്ക് കല/സ്പോർട്സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഇന്റലിജൻസിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അഭിരുചികള്‍ വ്യത്യസ്തമാകും. ആ അഭിരുചി കണ്ടെത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അത്ഭുതങ്ങള്‍ കാണിക്കും.

എട്ട് തരത്തിലാണ് മള്‍ട്ടിപ്പിള്‍ ഇന്‍റലിജെന്‍സ് കണാക്കിയിരിക്കുന്നത്.
  1. വെര്‍ബല്‍/ ലിംഗ്വിസ്റ്റിക് ഇന്‍റലിജെന്‍സ് (ഭാഷാപരമായ കഴിവുകള്‍)
  2. ലോജിക്കല്‍/മാത്തമാറ്റിക്കല്‍ (യുക്തി, ശാസ്ത്രീയവിശകലനം, കണക്ക് എന്നിവയില്‍ വൈഭവം)
  3. വിഷ്വല്‍/സ്പെഷ്യൽ  (ചിത്രരചന, മാപ്പ്, ചാര്‍ട്ട്, ദൃശ്യവത്കരണം, സിനിമ)
  4. ബോഡിലി/കിനസ്തെറ്റിക് (കായികശേഷി , സ്പോര്‍ട്സ്, നാടകം, നൃത്തം, അഭിനയം)
  5. നാച്യുറലിസ്റ്റിക് (ചെടി, മൃഗങ്ങള്‍, ധാതുക്കള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, വാനനിരീക്ഷണം, മൃഗഡോക്ടര്‍, മൃഗസംരക്ഷകര്‍, കൃഷി, ജിയോളജിസ്റ്റ്, നേച്ചര്‍ ഫോട്ടോഗ്രാഫര്‍, ഇക്കോളജിസ്റ്റ്)
  6. മ്യൂസിക്കല്‍ (താളം, വിതാനങ്ങള്‍, ടോണ്‍, സംഗീത സംവിധാനം, ഉപകരണവാദ്യക്കാര്‍, പക്കമേളം)
  7. ഇന്‍റര്‍ പെഴ്സണല്‍ (മറ്റ് വ്യക്തികളുമായോ സംഘങ്ങളുമായോ ബന്ധപ്പെടാനുള്ള കഴിവ്. സോഷ്യല്‍ വര്‍ക്കര്‍, രാഷ്ട്രീയക്കാര്‍, കൗണ്‍സിലിംഗ്, എച്ച് ആർ)
  8. ഇന്‍ട്രാ പെഴ്സണല്‍ (അവനവനെത്തന്നെ മനസിലാക്കാനുള്ള കഴിവ് – സ്വയം ഉള്ളിലേക്ക് നോക്കുന്ന അവസ്ഥ,  ശാസ്ത്രജ്ഞര്‍, ആത്മകഥ എഴുതുന്ന പ്രതിഭകള്‍).

ഈ എട്ട് വിഭാഗങ്ങള്‍ക്കും പുറമേ ‘എക്സിസ്റ്റന്‍ഷ്യല്‍ ഇന്‍റലിജെന്‍സ്’ എന്ന ഒന്‍പതാമതൊരു ബുദ്ധിവിഭാഗത്തെയും ഇന്ന് മനശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നു. നിലനില്പിനായുള്ള ബുദ്ധി വൈഭവമാണിത്. ഇതിനുപുറമേ നിരവധി ഇന്‍റലിജെന്‍സുകള്‍ ഉണ്ടെന്നാണിപ്പോള്‍ പറയുന്നത്.

അഭിരുചി കണ്ടെത്തി, അഭിരുചിക്കനുസൃതമായി തുടര്‍വിദ്യാഭ്യാസം നേടുകയും അതിന് ചേര്‍ന്ന ജോലി സ്വീകരിക്കുകയും ചെയ്താല്‍ മക്കള്‍ ഉന്നതവിജയം നേടും. ഒരു വിഷയത്തിനെങ്കിലും എ പ്ലസ് ഉണ്ടെങ്കില്‍ അതിലാണവന്‍റെ അഭിരുചി. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു; “ആള്‍ ആര്‍ ജീനിയസ്”.

നിങ്ങളുടെ കുട്ടി മണ്ടനല്ല, ജീനിയസാണ്. മക്കളില്‍ അഭിമാനം കൊള്ളുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!