രാജ്യം റിപ്പബ്ലിക്കായതിന്റെ 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭരണഘടനയെയും അതിന്റെ ചരിത്രത്തേയും ഓര്‍ക്കേണ്ടതുണ്ട്.

200 വര്‍ഷത്തിലധികം ബ്രീട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിച്ച ഇന്ത്യന്‍ ജനത സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ 1947 ആഗസറ്റ് 15 ന് സ്വതന്ത്രമായി. അപ്പോഴും ഒരു ഭരണഘടനയ്ക്കായുള്ള ശ്രമം നടന്ന് കൊണ്ടിരിന്നു. 1946 ഡിസംബര്‍ 9 ന് ഭരണഘടനാ അസംബ്ലി ആദ്യമായി ന്യൂഡല്‍ഹിയില്‍ ഭരണഘടനാ ഹാളില്‍ യോഗം ചേര്‍ന്നു. അതിനുശേഷം ഒരു കരട് സമിതിയെ നിയോഗിക്കുകയും സമിതിയുടെ ചെയര്‍മാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഏകദേശം മൂന്ന് വര്‍ഷമെടുത്തു. കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം. അവസാനം  1949 നവംബര്‍ 26-ന് ഭരണഘടനാ സഭ ഇത് അംഗീകരിക്കുകയും 1950 ജനുവരി 26-ന് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ലിഖിത ഭരണ ഘടന നിലവില്‍ വരുകയും ചെയ്തു.  1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ പിന്‍വലിച്ചാണ് ഭരണഘടന രൂപപ്പെട്ടത്.

ആദ്യ റിപ്പബ്ലിക് ദിനം

1950 ജനുവരി 26 ന് രാവിലെ 10:18 ന് ഇന്ത്യ റിപ്പബ്ലിക്കായി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം 10:24 ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയ്യക്ഷരപ്രതിയായിരുന്നു. 1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലി അംഗങ്ങള്‍ ഇതില്‍ ഒപ്പുവച്ചു.

ആഘോഷങ്ങള്‍

ജനുവരി 26 ന് ദിവസം രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തുകയും തുടര്‍ന്ന് 9.30 ന് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുകയും ചെയ്യുന്നു. കരസേന, നാവികസേന, വ്യോമസേന പരേഡ് എന്നിവ കൂടാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണാഭമായ ഫ്ലോട്ടുകള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതയാണ്. പരേഡിന് മുമ്പ്, യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി പ്രധാനമന്ത്രി ഇന്ത്യാ ഗേറ്റിനടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തുന്നു. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന വ്യക്തികളെ വിശിഷ്ടാതിഥിയായി ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. 1950 ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു അതിഥി. എന്നാല്‍ ഈ വര്‍ഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശിഷ്ടാതിഥി ഇല്ലാതെയാണ് റിപ്പബ്ലിക് ദിനാഘോഷം.

ഭരണഘടനയും അതിന്റെ മൂല്യങ്ങളും അമിതമായി ചര്‍ച്ച ചെയ്യപ്പെടുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ ഭരണഘടനയുടെ ആധികാരികതയും അര്‍ഥവും സൂചിപ്പിക്കുന്ന ആമുഖത്തെയെങ്കിലും അറിയേണ്ടതുണ്ട്.  ഭരണഘടനയുടെ ആശയങ്ങളുടെ രത്‌നചുരുക്കമാണ് ആമുഖമെന്നത്.

“ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാവരുടെയുമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണ ഘടനനിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍  ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. “

ഇന്ത്യ റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മകളില്‍ ഭരണഘടനയും അതിന്റെ ചരിത്രവും ആമുഖവുമെല്ലാം അറിയലും വായിക്കലുമെല്ലാം നിര്‍ബന്ധമായിടത്താണ് എല്ലാവര്‍ഷവും ഇന്നിനെ നമ്മള്‍ ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!