പലപ്പോഴും നമ്മൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി ഡെന്റിസ്റ്റ് എന്നു വിളിക്കുമെങ്കിലും വ്യത്യസ്തമായ അനവധി ശാഖകൾ ഇതിനു താഴെ ഉൾപ്പെടും. അതിൽ ഒന്നാണ് പ്രോസ്‌ത്തോഡോന്റിസ്റ്റ്.
ക്ഷയം സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പല്ലുകൾ മാറ്റി പുതിയവ വെയ്ക്കുക എന്നതാണ് പ്രോസ്‌ത്തോഡോന്റിസ്റ്റുമാരുടെ പ്രധാന ജോലി. ഡൻചർ, ഡെന്റൽ ഇമ്പ്ലാൻറ്റുകൾ, ബ്രിഡ്ജ്, ക്രൗൺ മുതലായ മനുഷ്യരൂപീകൃതമായ ചികിത്സാപ്രക്രിയകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന് പുറമേ, മുഖത്തിലെ ആകൃതിയിലെ കുറവുകളും കേടുകളും കുറയ്ക്കുന്നതിലും വായയുടെ ഘടന മാറ്റുന്നതിലും പ്രോസ്‌ത്തോഡോന്റിസ്റ്റുമാർക്ക് പങ്കുണ്ട്.
മേൽപ്പറഞ്ഞ ശാസ്ത്ര പ്രക്രിയകളൊക്കെ അനുയോജ്യവും ആവശ്യവുമായ സ്ഥലത്തു ഉപയോഗിക്കുക, ഉറക്ക-കൂർക്കം വലി പ്രശ്നങ്ങൾക്ക് കാരണമാകുന്ന ടി.എം.ഡി. (ടെമ്പറോമാൻഡിബുലാർ ജോയിന്റ് ഡിസോർഡർ) തകരാറുകൾ പരിഹരിക്കുക, ഓറൽ കാൻസർ സംഭവിച്ച വ്യക്തിയുടെ വായുടെ ഘടന വീണ്ടെടുക്കൽ, എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്. കണക്കുകളനുസരിച്ച് അമേരിക്കയിൽ മാത്രം പ്രതിവർഷം 3 ലക്ഷത്തിലേറെപ്പേരാണ് ഇത്തരം ചികിത്സാകൾക്ക് വിധേയരാകുന്നത്. അപകടങ്ങളുടെ ഫലമായി ഉണ്ടാകുന്ന ക്ഷതങ്ങൾ കൊണ്ടോ, ജന്മവൈകല്യങ്ങൾ കൊണ്ടോ, പ്രായം വർധിക്കുമ്പോൾ ദേഹത്തുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ – എന്ത് തന്നെ ആയാലും ശരി ഡെന്റിസ്‌ട്രീ വിഭാഗത്തിലെ ഇത്തരം സ്പെഷ്യലൈസേഷനുകൾ നേടിയ ഡോക്ടർമാരെ കാണുവാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചു വരികയാണ്.
മാത്രമല്ല, ഇപ്പോൾ കോളേജ് വിദ്യാര്തഥികളിലും മറ്റും ഈ മേഖലയിലേക്ക് തിരിയുവാനുള്ള ആഗ്രഹവും താത്പര്യവും കൂടി വരുന്നതായി കാണാം. ബയോളജി, ഫിസിയോളജി, കെമിസ്ട്രി, ഫിസിക്സ്, ഹ്യൂമൻ അനാട്ടമി എന്നീ വിഷയങ്ങളിലെ അറിവ് ജോലിക്കാവശ്യമാണ്. സൈക്കോളജി, സോഷ്യോളജി കോഴ്‌സുകൾ പോലും നല്ലതാണ് – വരുന്ന വ്യക്തികൾക്ക് ഉണ്ടാകുന്ന സാധാരണ പേടികളും, മനോനിലകളും മനസിലാക്കുവാനും അതിനനുസരിച്ച് പെരുമാറുവാനും ഇത് സഹായിക്കും. ആൾക്കാരുമായി പെരുമാറാനുള്ള കഴിവ്, ആശയവിനിമയ മികവ്, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, ഏകാഗ്രത, എന്നിവയും അറിവിന് പുറമെ ഈ ജോലിക്ക് ആവശ്യമാണ്.
ഹരിയാണയിലെ അമിറ്റി യൂണിവേഴ്സിറ്റി, ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസേർച്ച്, തമിഴ്‌നാട്ടിലെ ആദിപരാശക്തി ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, കർണാടകയിലെ എ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, ഡൽഹി, ജോധ്പുർ എന്നിവിടങ്ങളിലെ എയിംസ്, എന്നിവിടയൊക്കെ എം.എസ് സി., എം.ഡി.എസ്. കോഴ്‌സുകൾ ലഭ്യമാണ്.