Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

ആധുനിക തലമുറക്ക് കരിയർ എന്നാൽ എഞ്ചിനിയറിംഗ് മാത്രമാണോയെന്ന് തോന്നിപോകുന്ന തരത്തിലാണ് കരിയർ ക്ലാസ്സുകളിലെ നേരനുഭവം. അതു കൊണ്ട് തന്നെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിന്റെ സാധ്യതകളും ലോകോത്തര സ്ഥാപനങ്ങളും പലരും ശ്രദ്ധിക്കാറില്ലായെന്നതാണ് വസ്തുത. വിഷയത്തിൽ അടിയുറച്ച അറിവ്, ഭാവന, പഠന ഗവേഷണ വിഷയങ്ങളിൽ ആണ്ടു മുഴുകുവാനുള്ള അഭിവാഞ്ച, ഏകാന്തമായി പ്രവർത്തിക്കുവാനും കൂട്ടായ്മയിൽ ചേരാനുമുള്ള സന്നദ്ധത, ലക്ഷ്യ പ്രാപ്തിയിലെത്തും വരെ അക്ഷീണം പരിശ്രമിക്കുവാനുള്ള അഭിപ്രേരണ ഇവയൊക്കെ ശാസ്ത്ര ഗവേഷണത്തിന് ആവശ്യമാണ്.

അടിസ്ഥാന ശാസ്ത്രത്തിലൂന്നിയുള്ള ഗവേഷണത്തിന്  പ്രാമുഖ്യം കൊടുക്കുന്ന ലോകോത്തര സ്ഥാപനമാണ് ആണവോർജ്ജ വകുപ്പിന്റെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച് (TIFR).  ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് തുടങ്ങിയവയിൽ ഉന്നത ഗവേഷണം നടത്തുകയും ശാസ്ത്രജ്ഞന്മാരായി രൂപാന്തരപ്പെടുവാൻ സൗകര്യമൊരുക്കുകയുമാണിവിടെ.

ഇന്ത്യയുടെ ആദ്യ കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തതിവിടെയാണ്.  സെന്റർ ഫോർ ബയോളജിക്കൽ സയൻസ് ബാഗ്ലൂർ, നാഷണൽ സെന്റർ ഫോർ റേഡിയോ ആൻഡ് അസ്ട്രോ ഫിസിക്സ് പൂനൈ എന്നിവയും ക്യാമ്പസുകളാണ്.  മാഹി, ഊട്ടി, ഗൗരിബിദാനൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫീൽഡ് സ്റ്റേഷനുകളുണ്ട്.  കൂടാതെ ശാസ്ത്രം വിദ്യാഭ്യാസം പ്രൈമറി തലം മുതൽ എങ്ങനെ വേണമെന്ന് ഗവേഷണം നടത്തുകയും, ശാസ്ത്രം ഒളിമ്പിക്സുകൾ നടത്തുകയും ചെയ്യുന്ന ഹോമി ഭാമ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ ഇന്ന് മുംബൈയിൽ മറ്റൊരിടത്തായി പ്രവർത്തിക്കുന്നു.

ബിരുദ പഠനത്തിന് ഇവിടെ അവസരമില്ല. ബിരുദാനന്തര ബിരുദം, ഗവേഷണം, ഗവേഷണ ബിരുദാനന്തര ബിരുദം (Post Doctoral Research) എന്നിങ്ങനെയാണ് പഠനാവസരങ്ങൾ. സ്കൂൾ ഓഫ് മാത്തമാറ്റിക്സ്,  സ്കൂൾ ഓഫ് നാച്ചുറൽ സയൻസ്, സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് ഇന്നിവയാണ് ഇവിടുത്തെ വകുപ്പുകൾ.  സ്കൂൾ ഓഫ് നാച്ചുറൽ സയൻസിൽ അസ്ട്രോണമി, അസ്ട്രോ ഫിസിക്സ്, ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ഹൈ എനർജി ഫിസിക്സ്, കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ന്യൂക്ലിയർ ആൻഡ് അറ്റോമിക് ഫിസിക്സ്, തീയററ്റിക്കൽ ഫിസിക്സ് എന്നീ വകുപ്പുകളാണുള്ളത്.

സ്കൂൾ ഓഫ് മാത്തമാറ്റിക്സ്

ഗണിതത്തിലും എഞ്ചിനിയറിങ്ങിലും ബിരുദം നേടിയവർക്ക് പഞ്ചവൽസര ഇന്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം.  എം എസ് സി. എം ടെക് കാർക്ക് പി എച്ച് ഡി ക്ക് നേരിട്ടും.  അസാധാരണ കഴിവുകൾ കാണിക്കുന്ന ബി എ, ബി എസ് സി, ബിടെക്, എം എ ക്കാർക്കും പി എച്ച് ഡിക്ക് ചേരാം. ആൾജിബ്ര, ആൾജിബ്രായിക് ജ്യോമെട്രി, കോമ്പിനെട്ടോറിയൽ മാത്തമാറ്റിക്സ്, ഡിഫൻഷ്യൽ ഇക്വേഷൻസ്, ലൈ തിയറി, നമ്പർ തിയറി എന്നിവയാണ് ഇവിടുത്തെ പഠന വിഷയങ്ങൾ.

സ്കൂൾ ഓഫ് നാച്ചുറൽ സയൻസ്

ബാച്ചിലർ ഡിഗ്രിക്കാർക്ക് ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം. എം എസ് സി (അഗ്രിക്കൾച്ചർ), ബി വി എസ് സി, ബി ഫാം, എം ബി ബി എസ്, ബി ഡി എസ് എന്നിവ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരാം. വന സംരക്ഷണം, വന്യ മൃഗ സംരക്ഷണം എന്നിവയിൽ എം എസ് സി പ്രോഗ്രാം ഇവിടെയുണ്ട്.  ഈ രംഗത്ത് സജീവ താല്പര്യമുള്ള ഏതു ബിരുദക്കാർക്കും ഇതിനു ചേരാം.  ഫിസിക്സിലും കെമിസ്ട്രിയിലും ബിരുദം നേടിയവർക്ക് ബയോളജിയിലേക്ക് തിരിയണമെങ്കിലും തിരിച്ചു വേണമെങ്കിലും ഇവിടെ സൗകര്യമുണ്ട്.

സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്

ബിരുദധാരികൾക്ക് ഇന്റഗ്രേറ്റഡ് പി എച്ച് ഡി ക്ക് ചേരാം, എം എസ് സി. എം ടെക് കാർക്ക് പി എച്ച് ഡി ക്കും.  ഇതര വിഷയങ്ങളിൽ ബിരുദം നേടിയവർക്കും കമ്പ്യൂട്ടർ സയൻസിൽ മികച്ച പാടവം കാണിക്കുന്നുവെങ്കിൽ ഇവിടെ ചേരുവാൻ കഴിയും.  അൽഗോരിതമിക്സ്, റോബോട്ട് മോഷൻ കമ്പ്യൂട്ടേഷണൽ മാത്സ്, പ്രോഗ്രാം ലോജിക്, സ്പീച്ച് ആൻഡ് സിഗ്നൽ പ്രോസസിങ്ങ് എന്നിവയാണിവിടുത്തെ ഗവേഷണ വിഷയങ്ങൾ

എല്ലാ പ്രോഗ്രാമുകൾക്കും പ്രവേശന പരീക്ഷയും ഇന്റർവ്യൂവും ഉണ്ട്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റിയടക്കം 22 കേന്ദ്രങ്ങൾ.  2 മണിക്കൂർ ദൈർഖ്യം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

വിസിറ്റിങ്ങ് സ്റ്റുഡൻറ്റ്സ് റിസേർച്ച് പ്രോഗ്രാം (VSRP)

ഇവിടുത്തെ ഗവേഷണ രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാനായി ഇതര സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് ഒരു മാസക്കാലം മുംബൈയിലോ പൂനയിലോ ഉള്ള ക്യാമ്പസുകളിൽ കഴിയാം.  ജൂൺ, ജൂലൈ മാസങ്ങളിലാണ് ഈ അവസരം.

വിശദ വിവരങ്ങൾക്ക് http://www.tifr.res.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!