ബി.സി. ഏഴാം ശതകത്തിലെ ആഥൻസിൽ ജീവിച്ചിരുന്ന ഡ്രാക്കോൺ ആവിഷ്കരിച്ച നിയമത്തെയാണ് ഡ്രാക്കോണിയൻ നിയമം എന്നറിയപ്പെടുന്നത്. ഈ നിയമത്തിൽ വളരെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്തിരുന്നു. നിസാര കുറ്റത്തിന് പോലും വധശിക്ഷ ആയിരുന്നു. ഇന്നും ഇത്തരം കടുത്ത നിയമങ്ങളെ ലോകമെങ്ങും ഡ്രാക്കോണിയൻ നിയമം എന്നാണ് വിളിക്കുന്നത്. ചെറിയ കുറ്റങ്ങൾക്കു പോലും അതികഠിനമായ ശിക്ഷ വിധിക്കുന്ന കരിനിയമത്തിന്റെ പര്യായമായിട്ടാണ് ഡ്രാക്കോണിയൻ നിയമം എന്ന സംജ്ഞ വിവക്ഷിക്കപ്പെടുന്നത്.

ജനാധിപത്യ സമ്പ്രദായം നിലവിലുള്ള സമൂഹത്തിൽ അത്തരം നിയമങ്ങൾ സ്വേഛാധിപത്യമെന്നും അപലപിക്കപ്പെടും. ബി.സി. 610- ൽ സൈലോൺ എന്ന പ്രഭുകുമാരന്റെ നേതൃത്വത്തിൽ ആഥൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അന്നത്തെ ഭരണാധികാരികൾക്ക് കലാപം അടിച്ചമർത്താൻ കഴിഞ്ഞുവെങ്കിലും ജനങ്ങൾക്കിടയിലെ അസംതൃപ്തി പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല, ഈ അസംതൃപ്തി പുതിയ കലാപങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഭരണാധികാരികൾ ഭയപ്പെടുകയും ചെയ്തു.

അതിനാൽ, കൂടുതൽ കർക്കശമായ നിയമങ്ങൾക്ക് രൂപം കൊടുക്കാനും അത് ലളിതമായി ക്രോഡീകരിക്കാനും ആഥൻസിലെ ഭരണാധികാരികൾ തീരുമാനിച്ചു. ഡ്രാക്കോണിനെയാണ് ഈ ചുമതല ഏല്പിച്ചത്. ഡ്രാക്കോൺ ആവിഷ്കരിച്ച നിയമ സംഹിത അതികഠിനവും, ക്രൂരവുമായിരുന്നു. നിസ്സാര കുറ്റകൃത്യങ്ങൾക്കു പോലും വധശിക്ഷ വിധിക്കുന്ന നിയമങ്ങളാണ് ഡ്രാക്കോൺ ആവിഷ്കരിച്ചത്. തോട്ടത്തിൽ നിന്ന് ആപ്പിൾ മോഷ്ടിക്കുന്ന കുറ്റത്തിനുപോലും വധശിക്ഷ നല്കണമെന്നാണ് ഡ്രാക്കോൺ അനുശാസിച്ചത്. ചെറിയ കുറ്റങ്ങൾ ചെയ്താൽ പോലും വധിക്കപ്പെടുമെന്ന സ്ഥിതി വന്നാൽ, ജനങ്ങൾ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിയുമെന്ന് ഡ്രാക്കോൺ വിശ്വസിച്ചു. ഡ്രാക്കോണിന്റെ നിയമ സംഹിത ‘രക്തത്തിൽ രചിച്ച നിയമങ്ങൾ ‘ എന്നാണ് അക്കാലത്ത് തന്നെ അറിയപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്തതും, കർക്കശവുമായ നിയമങ്ങൾ പിൽക്കാലത്ത് ‘ഡ്രാക്കോണിയൻ നിയമം’ എന്ന് കുപ്രസിദ്ധി നേടി.

ക്രൂരമായ ഡ്രാക്കോണിയൻ നിയമങ്ങൾക്കു പോലും ആഥൻസിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല. സൈലോണിന്റെ സുഹൃത്തുക്കൾ ഭരണാധികാരികൾക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മാത്രവുമല്ല, പ്രകൃതി ദുരന്തങ്ങളും, മെഗാര നഗരവുമായുള്ള യുദ്ധത്തിലെ പരാജയവും ആഥൻസിന്റെ പ്രതാപം തകർത്തെറിഞ്ഞു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ നിയമങ്ങൾ പരിഷ്കരിക്കാൻ സൊളോൺ എന്ന നിയമവിദഗ്ദ്ധൻ നിയോഗിക്കപ്പെട്ടത്.

ഡ്രാക്കോണിയൻ നിയമങ്ങളിൽ നിന്ന് സോളോൺ ഉൾപ്പെടെയുള്ള പില്ക്കാല നിയമ പരിഷ്കർത്താക്കൾ സ്വീകരിച്ച ഏക നിയമം കൊലപാതകത്തെ സംബന്ധിച്ചള്ളത് മാത്രമാണ്. നാടു കടത്തൽ, പൗരത്വം എടുത്തുകളയൽ എന്നിവയൊക്കെ ഡ്രാക്കോണിയൻ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷാവിധികളാണ്. കൂടുതൽ മാനുഷികവും, ഉദാരവുമായ നിയമ വ്യവസ്ഥകൾക്ക് രൂപം നല്കുകയെന്ന ഉത്തരവാദിത്തമാണ് സൊളോണിൽ നിക്ഷിപ്തമായത്. കൂടുതൽ ഉദാര മനസ്കതയും, മാനുഷികതയും പുലർത്തുന്ന ഒരു നീതി ന്യായ സംവിധാനത്തെയാണ് സൊളോണിന്റെ നിയമവ്യവസ്ഥ വിഭാവന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here