Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

‘ നേതൃത്വം ഒരു പദവിയല്ല; പ്രവര്‍ത്തനമാണ് ‘ എന്ന് നിര്‍വചിച്ചത് ഡൊണാള്‍ഡ് എച്ച് മഗ്നന്‍ എന്ന ചിന്തകനാണ്. നേതാക്കളായി തെരഞ്ഞെടുക്കപ്പെടാനാഗ്രഹിക്കുന്നവര്‍ എന്താണ് നേതൃത്വമെന്നും നേതാവ് ആരായിരിക്കണമെന്നുമുള്ള അവബോധം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സ്ഥാനപ്പേരുകള്‍ക്കപ്പുറം വളരാത്തവര്‍ സ്ഥാനം ഒഴിയുമ്പോള്‍ അപ്രസക്തരാകും. പദവികളുടെ ഊടും പാവും താത്ക്കാലികം മാത്രമാണ്.

ഒരു സ്ഥാനത്തിന്റെ വലിപ്പത്തേക്കാള്‍ ആ സ്ഥാനത്തിരിക്കുന്നവരുടെ സ്വഭാവമഹിമയും പ്രവര്‍ത്തനതനിമയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അങ്ങനെയുള്ളവര്‍ സ്ഥാനം ഒഴിഞ്ഞാലും ജന ഹൃദയങ്ങളില്‍ മായാത്ത മുദ്ര പതിപ്പിക്കും. പദവികള്‍ നല്‍കുന്ന ആദരം പെരുമാറ്റച്ചട്ടങ്ങളുടെ പേരിലും വ്യക്തികള്‍ക്കു ലഭിക്കുന്ന ആദരം പ്രവര്‍ത്തന വൈശിഷ്ട്യത്തിന്റെ പേരിലുമായിരിക്കും.

സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിര്‍വഹിക്കുന്നതിനും നയിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനുമുള്ള നൈസര്‍ഗീകമോ ആര്‍ജിതമോ ആയ കഴിവാണ് നേതൃത്വം.

വീക്ഷണങ്ങളും ദര്‍ശനങ്ങളും ഒരു പകുതിയിലും മറുപകുതിയില്‍ കൃത്യമായ നിര്‍വഹണവും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കാഴ്ചപ്പാടുകളേയും ദര്‍ശനങ്ങളെയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കലാണ് നേതൃത്വം എന്ന് വിവക്ഷിക്കുന്നത്.

ആശയതലത്തെ അനുഭവതലത്തില്‍ പ്രായോഗികമായി എത്തിക്കാനാകണം. ‘മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവാണ് നേതൃത്വത്തിന്റെ വൈഭവമെന്ന് ‘ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുണ്ട്.

നിതാന്ത സ്വാധീനം ചെലുത്താന്‍ കഴിയുകയെന്നത് നേതൃത്വത്തില്‍ നിര്‍ണായകമാണ്. നേതൃത്വം ഒരു കലയാണ്. വ്യക്തിബന്ധങ്ങളെ വ്യത്യസ്തതയോടെ ആകര്‍ഷിച്ചു കൂടെ നിര്‍ത്താന്‍ കഴിയുന്ന കല.

ചുരുക്കത്തില്‍ ഒരു പൊതുലക്ഷ്യത്തിന്റെ പ്രാപ്തിക്കായി തന്റെ സഹപ്രവര്‍ത്തകരുടെയും അനുയായികളുടെയും സ്‌നേഹവും സഹകരണവും വിശ്വാസവും വിധേയത്വവും ആദരവുമാര്‍ജിച്ച് അവരില്‍ സ്വാധീനം ചെലുത്തി നിയന്ത്രിച്ച് നയിക്കാന്‍ കഴിയുകയെന്നതാണ് നേതൃത്വം.

വഴി അറിയുകയും വഴി കാണിച്ചുകൊടുക്കുകയും ആ വഴിയിലൂടെ നടക്കുകയും ചെയ്യുന്ന വ്യക്തിയാകണം നേതാവ്. സ്വയം അറിയുകയും മെച്ചപ്പെടുത്തുകയും വേണം.

ഉത്തരവാദിത്വവും ചുമതലയും പിഴവുകള്‍ കൂടാതെ നിര്‍വഹിക്കാനാകണം. പ്രശ്‌നങ്ങളില്‍ അവരോടൊപ്പം നിന്ന് പ്രശ്‌നപരിഹാരം കണ്ടെത്തണം. നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കണം. യാതൊരുവിധ  വിവേചനവും പാടില്ല. ഇതെല്ലാം നേതൃത്വത്തിന്റെ ഗുണസ വിശേഷതയാണ്. സ്വയം വിലയിരുത്തി, തിരുത്തേണ്ടിടത്ത് തിരുത്തിയാകണം മുന്നേറേണ്ടത്.

സ്വഭാവ മഹിമയോടൊപ്പം പ്രാപ്തിയും കാര്യക്ഷമതയും പ്രധാനമാണ്. കാര്യക്ഷമത ചില ഗുണങ്ങളുടെ സമന്വയമാണ്. ചുറ്റുമുള്ള കാര്യങ്ങള്‍ സൂക്ഷ്മതയോടെ അറിയുക, വിലയിരുത്തുക, വസ്തുതകളുടെ വിശദാംശങ്ങളില്‍ ശ്രദ്ധപതിയുക, ഭാവനാശക്തിയുണ്ടാവുക, മായാത്ത ഓര്‍മശക്തി കൈവരിക്കുക, ക്ഷണത്തില്‍ തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും കഴിയുക ഇവയെല്ലാം ചേരുന്നതാണ് കാര്യക്ഷമത.

ഇവ സ്വായത്തമാക്കണം. നിസ്വാര്‍ത്ഥത, സത്യസന്ധത, അര്‍പ്പണബോധം, സദാചാര തീക്ഷ്ണത, നീതി ബോധം, നിഷ്പക്ഷത, വ്യക്തി സ്വാതന്ത്ര്യം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തികളില്‍ ഉണ്ടാകണം. വാക്കിനേക്കാള്‍ പ്രധാനം പ്രവൃത്തിയാണെന്ന് മറക്കരുത്.

മദ്യം, മയക്കുമരുന്ന്, അസന്മാര്‍ഗിക പ്രവൃത്തികള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍ കേസുകള്‍ എന്നിവയെല്ലാം നേതാക്കളുടെ വിശ്വാസ്യതയ്ക്കും മേന്മയ്ക്കും കളങ്കമാകും. ജനങ്ങളില്‍നിന്ന് അകറ്റും.

നേതാവ് മാതൃകയാകണം. ചില മൂല്യ ദര്‍ശനങ്ങളും ധാര്‍മികതയും നേതാവിന് മുതല്‍ക്കൂട്ടായി എപ്പോഴും ഉണ്ടാകണം. പൊതുജീവിതം ഒരു തുറന്ന പുസ്തകം പോലെ ആകണം. പൊതുജനക്ഷേമമാകണം മുഖ്യ അജണ്ട. വ്യക്തിപരമായ താല്‍പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ തന്റെ പൊതു പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ അനുവദിക്കരുത്. ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ ആകാത്ത വിധത്തിലായിരിക്കണം നേതാവ് പെരുമാറേണ്ടത്.

ഗാന്ധിജി പറഞ്ഞുവച്ച ഏഴ് തിന്മകള്‍ ഇവിടെ പ്രസക്തമാണ്.
  1. ജോലി ചെയ്യാതെയുള്ള സമ്പാദനം
  2. മന:സാക്ഷിയില്ലാത്ത സുഖം
  3. സ്വഭാവ ശുദ്ധിയില്ലാത്ത അറിവ്
  4. ധാര്‍മികതയില്ലാത്ത കച്ചവടം
  5. മനുഷ്യത്വമില്ലാത്ത ശാസ്ത്രം
  6. ഹൃദയം ഉയര്‍ത്താതെയുള്ള പ്രാര്‍ത്ഥന
  7. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം

ഈ ഏഴ് തലത്തില്‍പെട്ട ദോഷങ്ങളില്‍നിന്നും നേതാവ് മുക്തനാകണം. ആര്‍ദ്രതയാല്‍ ജ്വലിക്കുന്ന സ്‌നേഹത്തോടും സേവനത്തോടും കൂടെ ജീവിതം തന്നെ സന്ദേശമാക്കി മുന്നേറിയാല്‍ എന്നും സ്മരിക്കപ്പെടും, വിജയിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!