Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തില്‍ എഴുതിയിട്ടുള്ള ശ്രദ്ധേയമായ വാചകമുണ്ട്, ”ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം,  ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം, എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുക”. അതിശ്രേഷ്ഠവും പാവനവുമായ നിയോഗമാണ് അധ്യാപനം.

ഗുരു അഥവാ ആചാര്യന്‍ ചരിക്കേണ്ട പാത കാണിച്ചു തരുന്നവന്‍ എന്നതാണ് നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. ചിന്തോദ്ദീപകമായ പ്രവര്‍ത്തികളുടെയും ഉദാത്തമായ മാതൃകയുടെയും ബോധപൂര്‍വമായ പരിശ്രമങ്ങളുടെയും ശ്രദ്ധേയമായ പരിഗണനയുടെയും താളാത്മകമായ സ്വാധീനത്തിന്റെയും വിവിധങ്ങളായ നൂതന സംരംഭങ്ങളുടെയും എല്ലാ പ്രകാരമുള്ള പ്രതിഫലനങ്ങളുടെയും ഉടമയാണ് അധ്യാപകര്‍. അധ്യാപകരാണ് യഥാര്‍ത്ഥ രാജശില്പികള്‍.

ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍ പറയുന്നു,  ”അധ്യാപകര്‍ തലമുറകളുടെ ശില്പിയാണ്.” ശിലയില്‍ നിന്ന് ശില്പി, ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ത്ഥിയെയും ഉത്തമ ശില്പങ്ങളായി വാര്‍ത്തെടുക്കാന്‍ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് താത്പര്യമുള്ള പദ്ധതികളില്‍ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗ്ഗശേഷി ഉണരുക.

സര്‍ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന്‍ ത്വരിതപ്പെടുത്തണം. അതിന് അധ്യാപകന്‍ കുട്ടികളെ സ്‌നേഹിക്കണം. മാര്‍ഗ്ഗ ദര്‍ശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദപൂര്‍ണമായ ആശയവിനിമയം നടത്തണം, ബോധ്യാവബോധങ്ങള്‍ ഊട്ടിയുറപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ സഹ സഞ്ചാരിയാകണം, സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളില്‍ ദിശാ സൂചകങ്ങളാകുവാനും കഴിയുമ്പോഴേ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണത കൈവരിക്കുകയുള്ളൂ.

ഞാന്‍ അധ്യാപകനല്ല, ഉണര്‍ത്തുപാട്ടുകാരനാണ് എന്നുപറഞ്ഞത് റോബര്‍ട്ട് ഫ്രോസ്റ്റ് ആണ്. ഒരു ചെറുകോശത്തില്‍ നിന്നാണ് മനുഷ്യന്റെ വളര്‍ച്ച സംഭവിക്കുന്നത്. ഒരു മാസ്റ്റേഴ്‌സ് ഡിഗ്രിയിലേക്ക് ഒരു കോശം വളരുന്നത് കാല്‍നൂറ്റാണ്ടോളം ചെലവിട്ടാണ്. ആ ചെറുകോശത്തിന്റെ നൈസര്‍ഗികശേഷി അളന്നു തിട്ടപ്പെടുത്താനാകില്ല.

സത്യത്തില്‍ വിദ്യാഭ്യാസ ലക്ഷ്യം ആ ചെറുകോശത്തിലെ അപാരമായ സാധ്യതകളെ ഉണര്‍ത്തിവിടുകയാണ്. വിവരശേഖരണത്തിനും വിവരസംസ്‌കരണത്തിനുമപ്പുറം ജീവിതം എന്ന ദിവ്യപ്രകാശത്തിലേക്ക് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുകാരാകണം അധ്യാപകര്‍.

തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവും ശരിയായിട്ടുള്ളത് സ്വീകരിക്കാനുള്ള വിവേകവും കുട്ടികള്‍ക്കു നല്‍കിയാല്‍ സമൂഹം നന്നാകും. കുട്ടികളെ ഭാവിയിലേക്കുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുകയും വേണം.

കുട്ടികളുടെ മനസ്സില്‍ കാഴ്ചപ്പാടുകള്‍ നല്‍കുക, ഹൃദയത്തില്‍ പ്രത്യാശ നല്‍കുക, പ്രവര്‍ത്തികളില്‍ അച്ചടക്കം ഉറപ്പുവരുത്തുക, മനസ്സിന് ശക്തി പകരുക എന്നിവയാണ് അധ്യാപകര്‍ നല്‍കേണ്ട സര്‍വപ്രധാനമായ കാര്യങ്ങള്‍. കുട്ടികളുടെ ബുദ്ധിക്കും ഹൃദയത്തിനും കൊടുക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് അവരുടെ ഭാവി നിശ്ചയിക്കുന്നത്. ഹെലന്‍ കെല്ലര്‍ തന്റെ ജീവിതത്തില്‍ തന്റെ ടീച്ചറായ ആന്‍ സള്ളിവന്‍ (ആനി മാന്‍സ്ഫീല്‍ഡ് സള്ളിവന്‍) വഹിച്ച പങ്കിനെക്കുറിച്ച് പറയുന്നു; ”തുടക്കത്തില്‍ ഞാന്‍ സാധ്യതകളുടെ ഒരു കൊച്ചു പിണ്ഡം മാത്രമായിരുന്നു. അവയെ കുരുക്കുകള്‍ അഴിച്ച് വികസിപ്പിച്ചെടുത്തത് എന്റെ ടീച്ചറാണ്. അവര്‍ വന്നതോടെ എന്റെ ജീവിതത്തിന് അര്‍ത്ഥം കണ്ടു തുടങ്ങി, എന്റെ ജീവിതം മധുരതരവും ഉപകാരപ്രദവുമാക്കി തീര്‍ക്കുവാന്‍ ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഉദാഹരണങ്ങളിലൂടെയും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു”. അന്ധയും ബധിരയുമായിരുന്ന ഹെലന്‍ കെല്ലറെ ലോകപ്രശസ്ത എഴുത്തുകാരിയാക്കി മാറ്റിയത് അവരുടെ അധ്യാപികയാണ്. നമ്മുടെ മുന്നിലിരിക്കുന്ന കൊച്ചു പിണ്ഡങ്ങളെ മഹാന്മാരാക്കുവാനുള്ള ദൗത്യവാഹകരാണ് അധ്യാപകര്‍.

ഓരോ കുട്ടിയിലും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ജ്വാല തെളിയിക്കലാണ് അധ്യാപക ധര്‍മ്മം. ഇത് എല്ലാവരിലും കത്തിപ്പടരുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ജ്വലിക്കും. ഓരോ കുട്ടിയിലുമുള്ള അനന്ത സാധ്യതകള്‍ കണ്ടെത്തി അവയെ ഉണര്‍ത്തി, വളര്‍ത്തി, ജ്വലിപ്പിക്കുക എന്ന കര്‍മ്മമാണ് അധ്യാപകര്‍ ചെയ്യേണ്ടത്.

ചിന്തകനായ ഫ്രോബലിന്റെ അഭിപ്രായത്തില്‍ ശിശുവില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അതിന് അധ്യാപകന്‍ നല്ലൊരു ട്രെയ്‌നറും മെന്ററും ലൈഫ് കോച്ചുമായി മാറണം. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചാല്‍ എല്ലാ കുട്ടികളും ഉന്നത നിലയിലെത്തും. ഈ പരിപോഷണ പ്രക്രിയയാണ് അധ്യാപക ദൗത്യം. ഓര്‍ക്കുക; ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!