Siva Kumar
Management Skills Development Trainer, Dubai

നമ്മുടെ ജീവിതത്തിലെ തന്നെ കാര്യങ്ങളാണ്, അല്ലാതെ  ജോനാഥന്‍ സ്വിഫ്റ്റ് എഴുതിയ, ഗള്ളിവറുടെ യാത്രകള്‍ എന്ന കഥയല്ല പറഞ്ഞു വരുന്നത്.

75 ഉം 100 ഉം അടി ഒക്കെ ഉയരമുള്ള, വളരെ വലിയ മനുഷ്യര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവരെ നമുക്ക് കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ലെങ്കിലും, മനസ്സുകൊണ്ട്  നന്നായി കാണാം. ഇത്തരത്തില്‍ ഭീമാകാരന്‍മാരായ മനുഷ്യരെ,  മനസ്സുകൊണ്ട് ദിനം തോറും കണ്ടു കൊണ്ടിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.

ആരാണവര്‍ ?

സമ്പന്നര്‍, കലാ കായിക താരങ്ങള്‍, നേതാക്കള്‍, അസുലഭ നേട്ടങ്ങള്‍ കൈവരിച്ചവര്‍, പ്രശസ്തര്‍, IAS കാര്‍ തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട് നമുക്ക് ചുറ്റും. വലിയ വലിയ ആളുകള്‍, നമ്മളെപ്പോലെയുള്ളവര്‍ക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന അമാനുഷിക ശക്തിയുള്ളവര്‍.

അവരെല്ലാം വലിയ ആളുകളാണ്, എന്നൊരു ധാരണ പരക്കേയുണ്ട് താനും.

സത്യത്തില്‍ അവരും നമ്മളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത് ? കയ്യും കാലും കണ്ണും മൂക്കും ഉയരവും വലിപ്പവുമൊക്കെ ഏകദേശം ഒരു പോലെ തന്നെയല്ലേ ?  പിന്നെങ്ങിനെ അവര്‍ മാത്രം നമ്മളില്‍ നിന്നും വ്യത്യസ്തരും വലിയവരുമായത് ? അവരോടൊപ്പം സെല്‍ഫിയെടുക്കാന്‍ നമ്മളാഗ്രഹിക്കുന്നതെന്തുകൊണ്ടാവാം ? നമ്മളെല്ലാം സാധാരണ മനുഷ്യരും, അവര്‍ നമ്മുടെ മനസ്സില്‍ അതീവ വലുപ്പമുള്ള ആളുകളുമായി എങ്ങിനെ മാറി ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയാല്‍ നമുക്കും അതു പോലെയാവാന്‍ കഴിയുമോ?

തീര്‍ച്ചയായും കഴിയും എന്നതാണ് സത്യം. നമുക്കും അവരെപ്പോലെയോ, അതിലും വലിയവരോ ആയി വളരാന്‍ കഴിയും. ഏറിയോ കുറഞ്ഞോ, നമ്മെപ്പോലെ തന്നെയിരിക്കുന്ന ആളുകള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും, ചെയ്യാന്‍ തീര്‍ച്ചയായും നമുക്കും സാധിക്കും.

നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകള്‍ കാണാനെത്തുന്ന, ഒരു ഓട്ട മത്സരത്തില്‍, പക്ഷേ  പങ്കെടുക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. നല്ല ആരോഗ്യമുള്ള ആളുകളില്‍ 99 ശതമാനവും ട്രാക്കിലിറങ്ങി ഓടാന്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. ഓട്ടമത്സരത്തില്‍ ഏറ്റവും അവസാനമെത്തുന്നയാള്‍ പോലും, ഓടാന്‍ തയ്യാറാവാതെ ഗാലറിയില്‍ ഇരിക്കുന്നയാളെക്കാള്‍ മികച്ച അത് ‌ലറ്റ്  ആണ് എന്നതില്‍ സംശയമില്ലല്ലോ ? എന്തുകൊണ്ട് നാം ഓടിയില്ല, എന്ന് ചോദിച്ചാല്‍ നമുക്കൊന്നും നന്നായി ഓടാന്‍ കഴിയില്ല എന്നു നമ്മള്‍ സ്വയം തീരുമാനിച്ചു അഥവാ വിശ്വസിച്ചു, അത്ര തന്നെ. പട്ടിയോ മറ്റോ ഓടിച്ചാലല്ലാതെ, വെറുതെ ഓടി നോക്കാന്‍ പോലും തയ്യാറല്ലാത്തവരാണ് നമ്മളില്‍ മിക്കവരും.

നമുക്ക് കഴിയാത്തത് കൊണ്ടല്ല, മറിച്ച് ശ്രമിക്കാത്തത് കൊണ്ടാണ് നമ്മള്‍ നന്നാവാത്തത് എന്ന് വ്യക്തമാണല്ലോ?

എന്നിട്ടോ, നമ്മള്‍ വിജയിച്ചയാളുടെ  കൂടെ നിന്ന് സെല്‍ഫിയെടുക്കും.  എല്ലാ മേഖലകളിലും നമ്മള്‍ ചെയ്യുന്നത് ഇങ്ങിനെയൊക്കെത്തന്നെയാണ്. ഫലമോ, നമ്മള്‍ സാധാരണക്കാരും, പ്രയത്‌നിച്ചവര്‍ വലിയ വലിയ  ആളുകളുമാവുന്നു.

നമുക്ക് സാധിക്കാത്തത് കൊണ്ടല്ല, മറിച്ച് ശ്രമിക്കാത്തത് കൊണ്ടാണ്, നമ്മള്‍ സാധാരണക്കാരായിത്തന്നെ നിലനില്‍ക്കുന്നത് എന്ന സത്യം നാം തിരിച്ചറിയണം.

സിവില്‍ സര്‍വ്വീസുകാര്‍ ഇന്നത്തെ തലമുറയുടെ ആവേശമാണ്. നല്ല കാര്യം. പക്ഷേ നമ്മളില്‍ എത്ര പേര്‍ സിവില്‍ സര്‍വ്വീസില്‍ എത്താന്‍ ശമിച്ചിട്ടുണ്ട്/ ശ്രമിക്കുന്നുണ്ട് ?

300 ല്‍ പരം ഒഴിവുകള്‍ പറയുന്ന LD ക്ലാര്‍ക്ക് ആവാന്‍, PSC പരീക്ഷ എഴുതുന്ന മലയാളികളില്‍ 14 ലക്ഷത്തോളം പേര്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരാണ്. എന്നാല്‍, അഖിലേന്ത്യ സര്‍വ്വീസും  കേന്ദ്ര സര്‍വ്വീസും അടക്കം  1200 ന് മുകളില്‍ ഒഴിവുകളുള്ള  സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് ഇന്ത്യയിലെമ്പാടും നിന്ന് അപേക്ഷിക്കുന്നവരുടെ എണ്ണം 10 ലക്ഷവും പരീക്ഷ എഴുതുന്നവര്‍ വെറും 5 ലക്ഷത്തില്‍ താഴെയും മാത്രം.

പ്രൈവറ്റായോ, വിദൂര വിദ്യാഭ്യാസം വഴിയോ ആണെങ്കില്‍ പോലും ഏതെങ്കിലും വിഷയത്തില്‍  നേടിയ ബിരുദമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള യോഗ്യത. വേണമെങ്കില്‍, മലയാള മടക്കം 23 പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാം. കേരളാ PSC പോലെയല്ല. എല്ലാ വര്‍ഷവും കൃത്യമായി പരീക്ഷ ഉണ്ടാവുകയും ചെയ്യും. ജനറല്‍ കാറ്റഗറിക്ക് 6 ഉം OBC ക്ക് 9 ഉം തവണയും SC/ST വിഭാഗത്തിന് 37 വയസ്സുവരെയും പരീക്ഷ എഴുതാം.

എന്നിട്ടും ബൃഹത്തായ ഇന്ത്യാ മഹാരാജ്യത്തില്‍ നിന്നും, എല്ലാ സ്റ്റേറ്റുകളിലും കൂടി,  പരീക്ഷയെഴുതുന്നവരുടെ എണ്ണം 5 ലക്ഷത്തില്‍ താഴെ മാത്രം. കാരണം വ്യക്തമാണല്ലോ.

ഇതിനോടൊപ്പം പറയേണ്ടതായ വേറൊരു കാര്യമുണ്ട്. കേരളാ പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുറച്ചു ചെറുപ്പക്കാരെ, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സിവില്‍ സര്‍വ്വീസിന് വഴി തിരിച്ചു വിട്ടു. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ എല്ലാവരും പ്രിലിമിനറി പാസായെങ്കിലും, മെയിന്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും തട്ടി വീണ് ആര്‍ക്കും തന്നെ സിവില്‍ സര്‍വ്വീസ് കിട്ടിയില്ല. പക്ഷേ സിവില്‍ സര്‍വ്വീസ് നേടാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അതിനുള്ള പരിശീലനം അവരെ എത്തിച്ചത്, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ്, ഐ ബി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയിലെ ഉയര്‍ന്ന പദവികളിലാണ്.

Arunima Sinha

നമ്മളോരോരുത്തരും കഴിവുകളുടെ അക്ഷയ ഖനികളാണ്. ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമാവാം. പക്ഷേ കഴിവുകള്‍ ഇല്ലാത്ത ആരും തന്നെയില്ല. പക്ഷേ നമ്മുടെ കഴിവുകള്‍ തിരിച്ചറിയാന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല. ജീവിതത്തില്‍ തിരിച്ചടി കിട്ടുമ്പോള്‍ മാത്രമാണ്, പലരും സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നത്.

23 വയസ്സുകാരിയായ അരുണിമയുടെ ആഗ്രഹം, മറ്റാരെയും പോലെ ഒരു  സര്‍ക്കാര്‍ ജോലി എന്നതായിരുന്നു. ദേശീയ തലത്തില്‍ വോളിബോള്‍ താരമായിരുന്നത് കൊണ്ട്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടാം എന്നാഗ്രഹിച്ചാണ്, CISF കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാനായി ട്രെയിനില്‍ യാത്ര തിരിച്ചത്.  പക്ഷേ, ബാഗും മാലയും തട്ടിപ്പറിക്കാന്‍ ശ്രമിച്ചവരുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ ട്രെയിനില്‍ നിന്നും വീണ, അരുണിമയുടെ ഒരു കാലിലൂടെ അടുത്ത ട്രാക്കിലൂടെ വന്ന ട്രെയിനിന്റെ ചക്രം കയറിയിറങ്ങി.

ഇടതുകാല്‍ മുട്ടിന് താഴെ വച്ച്, മുറിച്ചു മാറ്റപ്പെട്ട അരുണിമയുടെ ഭാവി തന്നെ ചോദ്യ ചിഹ്നമായി. കളിക്കളത്തില്‍ കുതിച്ചുയര്‍ന്നുള്ള സ്മാഷുകള്‍ വേദനിപ്പിക്കുന്ന വെറും സ്വപ്നം മാത്രമായി അവശേഷിച്ചു. കൃത്രിമക്കാലുമായി ആശുപത്രി വിട്ട, അരുണിമ പക്ഷേ തളര്‍ന്നിരിക്കാനല്ല, ജീവിതത്തോട് പൊരുതാനാണ് തീരുമാനിച്ചത്. മോട്ടിവേഷണല്‍ പുസ്തകങ്ങളും ടി വി ഷോകളും  കൗണ്‍സലിംഗും ജീവിതത്തെക്കുറിച്ച് പുതിയൊരു വീക്ഷണം തന്നെ അവള്‍ക്ക് നല്‍കി.

‘കൃത്രിമക്കാലുമായി സ്റ്റെപ് കയറാന്‍ ബുദ്ധിമുട്ടാവില്ലേ ‘, എന്ന് ചോദിച്ചവരോട്, അരുണിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്ന പുതിയ ജീവിത ലക്ഷ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചെങ്കിലും, ഏതൊരു മനുഷ്യന്റെയും നിശ്ചയ ദാർഢ്യത്തിനും, പ്രയത്‌നത്തിനും, സ്വന്തം കഴിവിലുള്ള വിശ്വാസത്തിനും മുന്നില്‍ കൊടുമുടികള്‍ പോലും തല കുനിക്കുമെന്ന് അരുണിമക്കറിയാമായിരുന്നു.

കേവലം രണ്ടു വര്‍ഷത്തിനകം, 2013 മേയ് 21 ന്, 25 കാരിയായ  അരുണിമ സിന്‍ഹ, തന്റെ കൃത്രിമക്കാലുമായി എവറസ്റ്റിന്റെ നെറുകയിലെത്തി, ചരിത്രം കുറിച്ചു. രണ്ടു കാലും ആരോഗ്യവുമുണ്ടായിട്ടും, സ്വന്തം ബില്‍ഡിംഗിലെ രണ്ടാം നില പോലും കയറാന്‍ കഷ്ടപ്പെടുന്നവര്‍ അതറിഞ്ഞപ്പോള്‍ കയ്യടിച്ചു. തുടര്‍ന്ന് ജീവിതം പുതിയൊരു ട്രാക്കിലായി. രാജ്യമെമ്പാടു നിന്നും അനുമോദനങ്ങളും, അഭിനന്ദനങ്ങളും അരുണിമയെ തേടിയെത്തി. CISF ആവട്ടെ, അപേക്ഷിച്ച  കോണ്‍സ്റ്റബിള്‍ തസ്തികക്ക് പകരം SI പോസ്റ്റ് വാഗ്ദാനം ചെയ്തു. UP മുഖ്യമന്ത്രി 25 ലക്ഷം സമ്മാനമായി നല്‍കി.

2014 ല്‍ അരുണിമയുടെ പുസ്തകം പ്രകാശനം ചെയ്തത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഒട്ടനവധി പുരസ്‌ക്കാരങ്ങളോടൊപ്പം പദ്മശ്രീയും അരുണിമയെ തേടിയെത്തി. നമ്മള്‍ പ്രയത്‌നിക്കുക. വിജയവും പ്രശസ്തിയും ഒക്കെ നമ്മളെ തേടി ഇങ്ങോട്ട് വരും എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

Arunima sinha and prime minister Narendra modi

ഇതൊരു സിനിമാക്കഥയല്ല. കഴിഞ്ഞ ആറേഴു വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന സംഭവമാണ്.

നമ്മള്‍ സ്വയം തിരിച്ചറിയുക, നമ്മുടെ കഴിവുകള്‍ അളവറ്റതാണ്. നമ്മുടെ ശക്തി അപാരമാണ്. ജീവിതം പൊരുതാനുള്ളതാണ്. അതുപോലെ വിജയം പ്രയത്‌നിക്കുന്നവര്‍ക്കുള്ളതുമാണ്. ജീവിതം, ഒന്നേയുള്ളു. ചെയ്യേണ്ട കാര്യങ്ങള്‍ നാളേയ്ക്ക് മാറ്റി വയ്ക്കുമ്പോള്‍, നമ്മള്‍ നഷ്ടപ്പെടുത്തുന്നത് ജീവിതം നല്‍കുന്ന അവസരങ്ങളെയാണ്.

നമ്മുടെ, അറിവും, കഴിവും സമയവും ഊര്‍ജ്ജവും നമ്മുടെയും സമൂഹത്തിന്റെയും നന്മക്കായി ഉപയോഗപ്പെടുത്താം. അങ്ങിനെ നമുക്കും വളരാം, നമ്മുടെ അടുത്ത തലമുറയെ ആ രീതിയില്‍ വളര്‍ത്തുകയും ചെയ്യാം.

സെല്‍ഫി എടുക്കാന്‍ നമ്മള്‍ ഓരോ വ്യക്തികളോട് അഭ്യര്‍ത്ഥിക്കുന്നതിലും നല്ലത്, ആളുകള്‍ നമ്മോടൊപ്പം ഒരു സെല്‍ഫി എടുക്കട്ടെ എന്നു ഇങ്ങോട്ട്, ചോദിച്ചു വരുന്നതല്ലേ ?. അതല്ലേ ഹീറോയിസം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!