വ്യത്യസ്തമായ വഴികളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ, ലോക പ്രശസ്തരായ പത്ത് സ്ത്രീകളാണ് താഴെ പറയുന്നത്.

അന്നാമണി

1918 ല്‍ ഓഗസ്റ്റ് 23 ന് ജനിച്ചു. കേരളത്തിലെ പീരുമേട് ആണ് സ്വദേശം. ഇന്ത്യയില്‍ ഉന്നത വിദ്യഭ്യാസം കുറവായിരുന്ന കാലത്ത് ബെഗ്ലുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സി.വി രാമന്റെ കീഴില്‍ ഗവേഷണം ചെയ്തു. ഫിസിക്‌സ് എന്ന ഇഷ്ട മേഖലയില്‍ നിന്ന് യാദൃച്ഛികമായാണ്, അന്നാമണി കാലാവസ്ഥാ പഠനമേഖലയിലേക്ക് എത്തുന്നത്. 1963 -ല്‍ തുമ്പയില്‍ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുമ്പോള്‍ ഇവരുടെ മേല്‍നോട്ടത്തിലാണ് അന്തരീക്ഷ പഠന സംവിധാനങ്ങള്‍ ഒരുക്കിയത്. നിരീക്ഷണ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയം പര്യപ്തമാക്കാന്‍ ഇവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. കെ. ആര്‍ രാമന്‍ മെഡല്‍ നേടിയ ഇവര്‍ അന്തരീക്ഷ ഓസോണ്‍ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കി. 2001 ഓഗസ്റ്റ് 16 ന് മരിച്ചു.

ലക്ഷ്മി സെഹ്ഗാള്‍

1914 ല്‍ സ്വാമിനാഥന്‍ അമ്മുക്കുട്ടി ദമ്പതിമാരുടെ മകളായി ജനിച്ച ലക്ഷ്മി, 1947 ല്‍ ലാഹോറില്‍ വെച്ച് പ്രേംകുമാര്‍ സെഹ്ഗാളിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ലക്ഷ്മി സെഹ്ഗാള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാ വിഭാഗമായ ഝാന്‍സിറാണി റെജിമെന്റിന് നേതൃത്വം നല്‍കുകയും, ക്യാപ്റ്റന്‍ ലക്ഷ്മി എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇവര്‍ ലോക പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകിയായ മൃണാളിനി സാരാഭായിയുടെ മൂത്ത സഹോദരിയാണ്.

1984 ലെ ഭോപാല്‍ ദുരന്ത സമയത്ത് സേവനങ്ങളില്‍ ഏര്‍പ്പെട്ട വൈദ്യശാസ്ത്ര സംഘത്തിന് നേതൃത്വം നല്‍കുകയും സിഖ് കലാപത്തില്‍ സമാധാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തൊണ്ണൂറ്റി രണ്ടാം വയസ്സിലും രോഗികളെ ചികിത്സിക്കുകയും സൗജന്യ വൈദ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 2012 ജൂലൈ 23 ന് മരിച്ചു. 97 വയസ്സായിരുന്നു.

മദര്‍ തെരേസ

അല്‍ബേനിയയില്‍ സ്‌കോപ്‌ജേയില്‍ 1910 ഓഗസ്റ്റ് 26 ന് ജനിച്ച മദർ തെരേസയാണ് ആദ്യമായി ടെംപിള്‍ ടണ്‍ പുരസ്‌കാരം നേടിയ വ്യക്തി. ആഗ്നസ് ബോയസ്‌ക്യു എന്നാണ് മദര്‍ തെരേസയുടെ യഥാര്‍ത്ഥ പേര്. 1931 മുതല്‍ ഒരു പതിറ്റാണ്ടോളം കൊല്‍ക്കത്തയിലെ സെയ്ന്റ് മേരീസ് ഹൈസ്‌കൂളില്‍ ഭൂമിശാസ്ത്ര അധ്യപികയായിരുന്നു.

‘അഗതികളുടെ അമ്മ’ എന്നും ‘കനിവിന്റെ മാലാഖ’ എന്നുമൊക്കെ അറിയപ്പെടുന്ന മദര്‍ തെരേസ സ്ഥാപിച്ച സേവന സംഘമാണ് മിഷണറീസ് ഓഫ് ചാരിറ്റി. കൊല്‍ക്കത്തയിലെ മദര്‍ ഹൗസ് ആണ് സ്ഥാപനത്തിന്റെ ആസ്ഥാനം. 1979-ല്‍ സമാധാനത്തിനുള്ള നോബേല്‍ നേടിയ മദര്‍ തെരേസയെ ആഗോള കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുണ്ട്. 1997 സെപ്റ്റംബർ 5 ന് ആണ് മരണ പെട്ടത്.

വിര്‍ജീനിയ വൂള്‍ഫ്

കൊല്‍ക്കത്തയില്‍ ജനിച്ച ജൂലിയ ജാക്‌സന്റെ മകളായി അഡെലിന്‍ വിര്‍ജീനിയ സ്റ്റീഫന്‍ എന്ന പേരില്‍  ലണ്ടനിലെ ഹൈഡ് പാര്‍ക്ക് ഗെയ്റ്റിലാണ് വിര്‍ജീനിയ ജനിച്ചത്. അഡ്‌ലിന്‍ സ്റ്റീഫന്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും വിര്‍ജീനിയ വൂള്‍ഫ് എന്ന തൂലികാ നാമത്തിലാണ് രചനകള്‍ നടത്തിയിരുന്നത്. ജോണ്‍ കെയ്ന്‍സ്, ഇ.എം ഫോസ്റ്റര്‍, ലിറ്റന്‍ സ്‌ട്രോക്കി എന്നിവരുടെ കൂടെ ബ്ലൂസ്‌ബെറി എന്ന സാഹിത്യ കൂട്ടായമയില്‍ അംഗമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ആധുനികതയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കുന്ന പ്രധാന നോവലുകള്‍ ആണ് ‘ ദി വോയേജ് ഔട്ട് ‘ , ‘ ദി വേവ്‌സ് ‘ , ‘ നൈറ്റ് ആന്‍ഡ് ഡേ ‘  തുടങ്ങിയവ. വിശാദ രോഗബാധിതയായിരുന്ന വിര്‍ജീനിയ സസ്സെക്‌സിലെ തന്റെ വീടിനടുത്ത ഔസ് നദിയില്‍ മുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

മരിയ മോണ്ടിസോറി

‘ കാസാ ദി ബാബിനി ‘, ‘ കുട്ടികളുടെ വീട് ‘ , ‘ ശിശു ഭവനം ‘ എന്നൊക്കെ അര്‍ത്ഥം വരുന്ന മോണ്ടസോറി എന്ന പ്രസ്ഥാനം കാന്‍ഡിഡ ന്യൂസിടെല്ലി എന്ന സ്ത്രീയോടൊപ്പം തുടങ്ങിയതാണ്. സൈലന്റ് ഗെയിം, ചോക്കു വരയിലൂടെയുള്ള നടത്തം എന്നിങ്ങനെയുള്ള കളികള്‍ ഉള്‍പ്പെടുന്ന ഇറ്റലിയന്‍ സാന്‍ ലോറന്‍സോയില്‍ മോണ്ടസോറി എന്ന പ്രസ്ഥാനം തുടങ്ങുന്നത്. ഇറ്റലിയിലെ സാന്‍ ലോറന്‍സോയിലെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കളെ പകല്‍ സമയം നോക്കാനായി ഒരു പദ്ധതി എന്ന രീതിയിലാണ് ആദ്യത്തെ മോണ്ടിസോറി ക്ലാസ് റൂം ആരംഭിക്കുന്നത്. ‘ പ്രിയപ്പെട്ട അമ്മ ‘ എന്നര്‍ത്ഥം വരുന്ന ‘ മാമ്മോലീന’ , ‘ ലേഡി ഡോക്ടര്‍ ‘ എന്നര്‍ത്ഥം വരുന്ന ‘ ലാ സോട്ടോറസ്സ ‘ എന്നീ പേരുകളിലും മരിയ മോണ്ടിസോറി അറിയപ്പെട്ടിരുന്നു. ഇറ്റലിയില്‍ നിന്നുള്ള ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന ഇവരുടെ പ്രശസ്ത ഗ്രന്ഥങ്ങളാണ് ‘ ദി ഡിസ്‌കവറി ഓഫ് ചൈല്‍ഡ് ‘ , ‘ ദ സീക്രട്ട് ഓഫ് ചൈല്ഡ് ഹുഡ് ‘ , ‘ ദ മോണ്ടിസോറി മെത്തേഡ് ‘  എന്നിവ.

മലാല യൂസഫ് സായി

1997 ജൂലൈ 12 നാണ് മലാല യൂസഫ് സായ് ജനിച്ചത്. ഈ ദിവസം മലാല ദിനമായി യു എന്‍ ആചരിക്കുന്നു. ചോളപ്പൂവ് എന്നര്‍ത്ഥം വരുന്ന ഗുല്‍മക്കായ് എന്ന പേരിലായിരുന്നു പാക്കിസ്ഥാനിലെ താലിബാന്‍ പ്രവര്‍ത്ഥനങ്ങളെ കുറിച്ച് ബ്ലോഗ് മലാല എഴുതിയിരുന്നത്. ദു:ഖാര്‍ത്തരായ (Grief stricken) എന്നതാണ് മലാല എന്ന വാക്കിനര്‍ത്ഥം. സമാധാനത്തിനുള്ള നോബേല്‍ നേടുന്ന ഏറ്റവും പ്രായ കുറഞ്ഞ വ്യക്തിയും യു എന്നിന്റെ മെസഞ്ചര്‍ ഓഫ് പീസ് പുരസ്‌ക്കാരം ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയുമാണ്. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനായി മലാല ഫണ്ട് എന്ന പ്രസ്ഥാനവും ആരംഭിച്ചു.

2017- ല്‍ സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ കുട്ടികള്‍ക്ക് വേണ്ടി നഗരസഭ ഒരു പാര്‍ക്ക് നിര്‍മിച്ചു. അവിടുത്തെ കുട്ടികളോട് അവരെ സ്വാധീനിച്ച ഒരു സ്ത്രീയുടെ പേര് പാര്‍ക്കിന് നല്‍കാന്‍ പറഞ്ഞപ്പോള്‍ മലാല യൂസഫ് സായിയുടെ പേരാണ് നിര്‍ദ്ധേശിച്ചത്. 2015 ല്‍ നാസ കണ്ടുപിടിച്ച ആസ്‌ട്രോയിഡിന് ആദര സൂചകമായി ഇവരുടെ പേര് നല്‍കുകയുണ്ടായി. ‘ ഞാന്‍ മലാല ‘ എന്ന ആത്മകഥ കൂടാതെ ‘ മലാലയുടെ മാജിക് ‘ പെന്‍സില്‍ എന്ന പുസ്തകം കൂടി രചിച്ചിട്ടുണ്ട്. ‘ വീ ആര്‍ ഡിസ്‌പ്ലേസ്ഡ് ‘ (We are displaced ) എന്നത് ഇവരുടെ മൂന്നാമത്തെ പുസ്തകമാണ്.

ലത മങ്കേഷ്‌കര്‍

1929 സെപ്റ്റംബർ 28 നാണ് ലത മങ്കേഷ്‌കർ ജനിച്ചത്. ഹേമ എന്ന് ആദ്യം പേരുനല്‍കപ്പെട്ടെങ്കിലും പിന്നീട് പിതാവിന്റെ നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പേരായ ലതികയോടുള്ള ഇഷ്ടം കാരണം ലത എന്ന പേര് നല്‍കി. ഗോവയിലെ മംഗേഷ് എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് മങ്കേഷ്‌കര്‍ എന്ന പേര് ലഭിച്ചത്. ഇന്ത്യന്‍ പിന്നണി ഗായികയും സംഗീത സംവിധായകയുമാണ്. ആയിരത്തിലധികം ഹിന്ദി ചിത്രങ്ങളില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മുപ്പത്തിയാറു പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

‘ ഇന്ത്യയില്‍ ഉള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുണ്ട് താജ്മഹലും ലത മങ്കേഷ്‌കറുമൊഴികെ ‘ , ലോക പ്രശസ്തയായ ഈ വനിതയെ കുറിച്ച് അമിതാബ് ബച്ചനോട് അദ്ധേഹത്തിന്റെ വിദേശ സുഹൃത്തുക്കള്‍ പറഞ്ഞതിങ്ങനെയാണ്. ‘ ബാരി മാ ‘ യാണ് ഇവര്‍ അഭിനയിച്ച  ആദ്യ ഹിന്ദി ചലച്ചിത്രം. ഇവര്‍ രൂപകല്‍പന ചെയ്ത് രത്‌നാഭരണങ്ങള്‍ സ്വരാഞ്ചലി എന്ന പേരില്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

ജയലളിത

1948 ഫെബ്രുവരി 24 ന് കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ജനിച്ച ഇവരുടെ ആദ്യത്തെ പേര് കോമളവല്ലി എന്നായിരുന്നു. അമ്മയെന്നും പുരട്ചി തലൈവി എന്നും അറിയപ്പെട്ടിരുന്ന ജയലളിത ഏറ്റവും ചെറിയ പ്രായത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ വനിതയും ഏറ്റവും കൂടുതല്‍ കാലം തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലിരുന്ന വനിതയുമാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ്, തമിഴ് സിനിമ അഭിനയത്രിയായിരുന്നു. ഇവര്‍ അഭിനയിച്ച ഏക ഹിന്ദി ചലച്ചിത്രമാണ് ‘ ഇസ്സത്ത് ‘ . പലവാരികളിലും കോളങ്ങളും നോവലുകളുമെഴുതിയിരുന്ന ‘ വിദ്യാവദി ‘ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

കെ. സി. ഏലമ്മ

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിതയാണ് കെ സി ഏലമ്മ. കേരളം ആദ്യമായി നാഷണല്‍ വോളിബോള്‍ കിരീടം ചൂടിയ ടീമിലും ഇവര്‍ ഉണ്ടായിരിന്നു. കേരള പോലീസില്‍ ഇന്‍സ്‌പെക്ടറായിരിന്ന ഇവര്‍ വിരമിച്ച ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വനിതാ ടീമിന്റെ പരിശീലകയായിരുന്നു. കെ. സി ഏലമ്മയും ഇവരുടെ സഹോദരിമാരും നാമക്കുഴി സിസ്റ്റേഴ്‌സ് എന്നപേരില്‍ പ്രശസ്തരായിരുന്നു. ലേഡി പപ്പന്‍, ലേഡി ബല്ലു എന്നീ അപരനാമങ്ങളിലാണ് അറിയപ്പെടുന്നത്.

സിരിമാവോ ബണ്ഡാരനായകെ

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന ലോകത്തിലെ ആദ്യ വനിതയാണ് ഇവര്‍. സിലോണ്‍ എന്ന പേര് മാറ്റി ശ്രീലങ്ക എന്ന പേര് നല്‍കിയതും റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചതും സിംഹള ഔദ്യോഗിക ഭാഷയായതും സിരിമാവോ പ്രധാന മന്ത്രി ആയ സമയത്താണ്.

ഫ്രീഡം പാര്‍ട്ടി എന്ന പാര്‍ട്ടിയിലെ അംഗമായിരുന്ന ഇവരുടെ പേരിന്റെ മധ്യനാമങ്ങള്‍ Ratwatte disa എന്നായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നത് ഒരു ബുദ്ധസന്യാസിയാണ്. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ബഹുമതി ലഭിച്ച വനിതയാണിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!