Siva Kumar
Management Skills Development Trainer, Dubai

അത്ഭുതപ്പെടേണ്ടതില്ല. നന്നായി പഠിച്ച് പരീക്ഷ എഴുതിയിട്ടും പലര്‍ക്കും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല എന്ന വിഷമം ഉണ്ടാവുന്നത്, പരീക്ഷക്ക് മുന്‍പ്, അഥവാ പരീക്ഷ എഴുതുമ്പോള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ സ്മരിക്കാത്തത് കൊണ്ടാവാം.

പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകള്‍ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകള്‍, ഒരാള്‍ക്ക് എന്തറിയാം എന്നതിനപ്പുറം ആര്‍ജ്ജിച്ച അറിവ് എങ്ങനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്.

ഉദാഹരണമായി, എല്ലാവര്‍ക്കും ഓണത്തെക്കുറിച്ച് നന്നായി അറിയാം. പക്ഷേ, ഓണത്തെക്കുറിച്ച് രണ്ടു പേജ് വിവരിക്കാനാവശ്യപ്പെട്ടാല്‍ കൃത്യമായി എഴുതാന്‍ കഴിയുന്നവര്‍ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പരീക്ഷയിലെ പ്രധാന കടമ്പയും. നമ്മള്‍ വിഷയം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടു മാത്രം ഉയര്‍ന്ന മാര്‍ക്ക് ലഭിക്കണമെന്നില്ല. മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരുടെ കയ്യിലിരിക്കുന്ന, ഉത്തര സൂചികയുമായി നമ്മുടെ ഉത്തരങ്ങള്‍ ഒത്തു പോകണമെന്നര്‍ത്ഥം. മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെക്കുറിച്ച് ചെറിയൊരു ധാരണ നമുക്കുണ്ടാവേണ്ടതുണ്ട്. വളരെ മികച്ച അധ്യാപകര്‍ ധാരാളമുണ്ടെങ്കിലും, നമ്മുടെ ഉത്തരക്കടലാസ് അവര്‍ക്ക് തന്നെ പരിശോധനക്കായി കിട്ടിക്കൊള്ളണമെന്നില്ല. ഒട്ടും താല്‍പ്പര്യമില്ലാതെ പങ്കെടുക്കുന്നവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം ഉള്ളവര്‍, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, കാഴ്ചക്കുറവുള്ളവര്‍, അബദ്ധത്തില്‍ അധ്യാപക ജോലിയില്‍ വന്നു പെട്ടവര്‍, പുതു തലമുറയോട് വൈരാഗ്യം വച്ചു പുലര്‍ത്തുന്നവര്‍ തുടങ്ങി, കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന അധ്യാപകര്‍ വരെ മൂല്യനിര്‍ണ്ണയം നടത്തുന്നവരിലുണ്ട്.

മൂല്യനിര്‍ണ്ണയം അത്ര എളുപ്പമുള്ള സംഗതിയല്ല എന്നതാണ് വാസ്തവം. പൊതുവെ ആളുകള്‍ക്ക് വായിക്കുവാന്‍ മടിയാണ്. അങ്ങിനെ വായിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് മുന്നിലേക്ക്, മോശമായ കയ്യക്ഷരത്തില്‍, അടുക്കും ചിട്ടയുമില്ലാതെ എഴുതിയ, കെട്ടു കണക്കിന് ഉത്തരക്കടലാസ് കിട്ടുമ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നു കൂടി നാം ചിന്തിക്കണം. ഒരേ ഉത്തരക്കടലാസ് തന്നെ വ്യത്യസ്ത കുട്ടികളെക്കൊണ്ട് പകര്‍ത്തി എഴുതിച്ച്, ഒരേ അധ്യാപകന് കൊടുത്താലും, വ്യത്യസ്ത അധ്യാപകര്‍ക്ക് കൊടുത്താലും, എല്ലാ ഉത്തരക്കടലാസിനും ഒരേ മാര്‍ക്ക് കിട്ടുകയില്ല എന്നറിയണം.

ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് എന്തു ചെയ്യണമെന്നാലോചിക്കാം.
  1. ഉത്തരക്കടലാസ് പരമാവധി വൃത്തിയും വെടിപ്പുള്ളതാക്കുക. കാണുമ്പോള്‍ തന്നെ ദേഷ്യം വരുന്ന രീതി പാടെ ഒഴിവാക്കുക.
  2. ഒരു പേജില്‍ 20 മുതല്‍ 25 വരി മാത്രം എഴുതുക. ഈ കണക്ക് നിര്‍ബന്ധമായി പാലിക്കുക.
  3. വൃത്തിയായ ( ഭംഗി എന്നര്‍ത്ഥമില്ല ) കയ്യക്ഷരത്തില്‍, ആര്‍ക്കും വായിക്കാവുന്ന രീതിയില്‍ എഴുതുക. പലരും പരീക്ഷ എഴുതുന്നത് അവര്‍ക്ക് തന്നെ വായിക്കാന്‍ കഴിയാത്ത രീതിയിലാണ്. അധ്യാപകനായിരുന്ന കാലത്ത്  ഉത്തരക്കടലാസ് വായിച്ച് മനസ്സിലാക്കാന്‍, മെഡിക്കല്‍ സ്റ്റോറുകാരുടെ സഹായം തേടിയാലോ എന്നാലോചിച്ചിട്ടുണ്ട്.
  4. ഉത്തരക്കടലാസ് വരയിട്ടതല്ലെങ്കില്‍, എഴുതുമ്പോള്‍ വരികള്‍ വളഞ്ഞു പോയി വൃത്തിയില്ലാതാവാനിടയുണ്ട്. പരിഹാരമായി, ചോദ്യക്കടലാസ് ഉത്തരക്കടലാസിന്റ മുകളില്‍, ഇടതു വശം അല്ലെങ്കില്‍ മാര്‍ജിന്‍ ശരിയായി വരുന്ന വിധത്തില്‍ വിലങ്ങനെ വയ്ച്ചാല്‍, ഒരു വരയുടെ ഫലം തരും. ഓരോ വരിയും എഴുതി കഴിയുന്നതിന് അനുസരിച്ച് ചോദ്യക്കടലാസ് താഴേക്ക് കൊണ്ടു വരാം. കൃത്യമായി വരയിട്ട് എഴുതിയ പ്രതീതി  തോന്നിക്കും.
  5. നല്ല തെളിച്ചമുള്ള പേനകള്‍, പെന്‍സിലുകള്‍ എന്നിവ മാത്രം ഉപയോഗിക്കുക. എഴുത്തിന് തെളിച്ചമില്ലാതെ, വായിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടായാല്‍, നമ്മുടെ മാര്‍ക്കും ബുദ്ധിമുട്ടിലാവും എന്നോര്‍ക്കുക.
  6. കഴിയാവുന്നിടത്തോളം, ചോദ്യപേപ്പറിലെ അതേ ഓര്‍ഡറില്‍ തന്നെ ഉത്തരമെഴുതാന്‍ ശ്രമിക്കുക. പൊതുവെ അങ്ങിനെ നിര്‍ബന്ധമില്ലെങ്കിലും, അധ്യാപകരുടെ കയ്യിലെ ഉത്തരസൂചികയും, നമ്മുടെ ഉത്തരക്കടലാസും ഒരേ രീതിയില്‍ പോകുന്നത്, അവരുടെ ജോലി എളുപ്പമാക്കുകയും, അവരറിയാതെ തന്നെ നമ്മുടെ  ഉത്തരത്തിലെ ചെറിയ പിഴവുകള്‍ക്ക് മാര്‍ക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യും. അതുപോലെ, ഇടയില്‍ നിന്നും ഏറ്റവും നന്നായി അറിയാവുന്ന ഒരു ഉത്തരം ആദ്യം എഴുതിയിട്ട്, അതിന് മുഴുവന്‍ മാര്‍ക്കും കിട്ടിയില്ലെങ്കില്‍, പിന്നീടുള്ളവ എത്ര നന്നായി എഴുതിയാലും, മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ സമ്മതിച്ച് തരില്ലെങ്കിലും, നമ്മളെല്ലാവരിലുമുള്ള ചില ബയാസുകള്‍ കാരണമാണിങ്ങനെ  സംഭവിക്കുന്നത്.
  7. ഒരു ഉത്തരത്തിന്റെ വിവിധ ഘടകങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍, പാരഗ്രാഫ് തിരിച്ചെഴുതാന്‍ ശീലിക്കുക. നെടുനീളന്‍ എഴുത്തുകള്‍, അവരുടെ വായിക്കാനുള്ള താല്‍പ്പര്യം കുറയ്ക്കാറുണ്ട്.
  8. ക്രമ നമ്പറുകള്‍, ബുള്ളറ്റ്കള്‍, സബ് ഹെഡിംഗുകള്‍, അടി വരകള്‍  എന്നിവ സമര്‍ത്ഥമായി ഉപയോഗിക്കുക. മുഴുവന്‍ വായിക്കാനുള്ള മടി കൊണ്ട്, ഇവ നോക്കി മാത്രം ഫുള്‍ മാര്‍ക്കും നല്‍കുന്നവരുണ്ട്.
  9. ചുരുക്കത്തില്‍ നമ്മുടെ ഉത്തരക്കടലാസിനോട് മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്ക്, ഒരു ഇഷ്ടം തോന്നുന്ന രീതിയില്‍ ഉത്തരക്കടലാസ് പൂര്‍ത്തിയാക്കുക.

പരീക്ഷയെപ്പറ്റിയുള്ള ഒട്ടനവധി കാര്യങ്ങള്‍ അധ്യാപകരും ഗൂഗിളും ഒക്കെ പറയുന്നുണ്ടെങ്കിലും, ഇക്കാര്യങ്ങള്‍ അധികമാരും പറഞ്ഞ് തരാറില്ല. കാലങ്ങളായി  മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ പോലും ഇക്കാര്യങ്ങള്‍ പറയാറില്ല.

നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിത്തരുന്നത്. അതു കൊണ്ട് ഇനി മുതല്‍ പരീക്ഷ എഴുതുന്നതിന് മുന്‍പായി, ഉത്തരക്കടലാസ് പരിശോധിക്കുന്നവരെ ഒരു നിമിഷം സ്മരിക്കാം ! മത്സരപ്പരീക്ഷകളിലും, ശരിയായ രീതിയില്‍ പരീക്ഷ എഴുതുന്നവരാണ് വിജയിക്കുന്നത് എന്ന് PSC പരീക്ഷ എഴുതിയിട്ടുള്ളവര്‍ക്കറിയാം. 84726513, പോലെയുള്ള 8 അക്ക സംഖ്യകള്‍ നാലെണ്ണം നല്‍കിയിട്ട് 9 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ കണ്ടു പിടിക്കാനാവശ്യപ്പെട്ടാല്‍, ആരും ഹരിച്ച് നോക്കി സമയം കളയാറില്ലല്ലോ ? അഥവാ അങ്ങിനെ ചെയ്യുന്നവര്‍ പരീക്ഷയില്‍ മുന്നിലെത്തുകയുമില്ല. എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം.

LEAVE A REPLY

Please enter your comment!
Please enter your name here