Siva Kumar
Management Skills Development Trainer, Dubai

അപ്രതീക്ഷിതമായി ലോക്ക് ഡൗണിൽ വരുമാനമില്ലാതെ കഴിയേണ്ടി വന്നപ്പോഴാണ്, ഇടത്തരക്കാരും സാധാരണക്കാരുമായ മലയാളികൾ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിയത്. മലയാളിയുടെ അമിതമായ സ്വർണ്ണ ഭ്രമമാണ്, ഇക്കാലത്ത് സാധാരണക്കാരിൽ മിക്കവരെയും പട്ടിണിയിൽ നിന്നും രക്ഷപ്പെടുത്തിയത് എന്നതൊരു സത്യമാണ്. എന്നിരുന്നാലും സാമ്പത്തിക സുരക്ഷ എന്നത് എന്താണെന്ന് വ്യക്തമായി അറിയാത്തവർ ഇന്നും ധാരാളമുണ്ട്.

അതിന്റെ ഒരു പ്രധാന കാരണം, നമുക്ക്‌ സാമ്പത്തിക സുരക്ഷയെ കൃത്യമായി നിർവ്വചിക്കാനാവാത്തതുമാണ്. ഓരോ രാജ്യത്തും, സമൂഹത്തിലെ വിവിധ തട്ടുകളിലും, സാമ്പത്തിക സുരക്ഷയുടെ മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ടാവും. എന്നിരുന്നാലും അടിസ്ഥാന പരമായി സാമ്പത്തികമായ മനഃസമാധാനത്തെ സാമ്പത്തിക സുരക്ഷയുമായി നമുക്ക് ബന്ധിപ്പിക്കാം. ഒരു വ്യക്തിക്ക്, സുസ്ഥിരമായ വരുമാനം, അടിയന്തിര ഘട്ടങ്ങളിലേക്കുള്ള കരുതൽ ധനം, വരുമാനം നിലച്ചാലും മറ്റൊരു വരുമാനം കണ്ടെത്തുന്നത് വരെ ജീവിച്ചു പോകാനുള്ള നീക്കിയിരിപ്പ്, ഭാവിയിലെ പ്രതീക്ഷിത ചിലവുകൾക്കായുള്ള നിക്ഷേപം, എന്നിവയുണ്ടെങ്കിൽ മിനിമം സാമ്പത്തിക സുരക്ഷിതത്വം ആയി എന്ന് സാമാന്യമായി പറയാം. എന്നിരുന്നാലും റിട്ടയര്‍മെന്റ് ജീവിതത്തിനുള്ള വരുമാനം കൂടെ ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക സുരക്ഷ എന്ന വാക്ക് അടിസ്ഥാനപരമായി ശരിയാവുകയുള്ളു.

നേരത്തെ സൂചിപ്പിച്ചത് പോലെ, സമൂഹത്തിലെ വിവിധ തട്ടുകളിൽ സാമ്പത്തിക സുരക്ഷയുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമാണെങ്കിലും കേവലാർത്ഥത്തിൽ എന്താണ് സാമ്പത്തിക സുരക്ഷ എന്ന് നോക്കാം.

സാമ്പത്തിക സുരക്ഷയുടെ ഭാഗമായി ഏതൊരാൾക്കും, അടിയന്തര ഘട്ടങ്ങളിലേക്കുള്ള ധനം, അഥവാ എമർജൻസി ഫണ്ട്, അവശ്യ സമയത്ത് എളുപ്പത്തിൽ ലഭ്യമാവുന്ന വിധത്തിൽ ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി എത്ര തുക വേണം എന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും, കുറഞ്ഞത് ഒരു മാസം മുതൽ പരമാവധി മൂന്ന് മാസം വരെയുള്ള മൊത്തം വരുമാനമാണ് എമർജൻസി ഫണ്ടായി കരുതപ്പെടുന്നത്. ഈ ധനം കുടുക്കയിലോ മറ്റോ ആയി വീട്ടിൽ തന്നെ സൂക്ഷിക്കേണ്ടതാണെങ്കിലും, ഏത് അർദ്ധരാത്രിയിലും പണം പിൻവലിക്കാനാവുന്ന സൗകര്യം ഇന്ന് നിലവിലുള്ളത് കൊണ്ട്, ബാങ്കിൽ സൂക്ഷിക്കുകയുമാവാം. എന്നാൽ നമ്മൾ സ്ഥിരമായി ഇടപാട് നടത്തുന്ന ബാങ്കിൽ നിക്ഷേപിക്കാതെ മറ്റൊരു ബാങ്കിൽ നിക്ഷേപിച്ച്, കാർഡും ചെക്ക് ബുക്കും പൂട്ടി വയ്ക്കണമെന്ന് മാത്രം. അല്ലെങ്കിൽ പെട്ടന്ന് ചിലവായി പോവാനുള്ള സാധ്യതയുണ്ട്.

അപകടങ്ങളും, അസുഖങ്ങളുമാണ് പലപ്പോഴും സാമ്പത്തിക ഭദ്രതയെ തകർക്കുന്നതും ആളുകളെ കടക്കെണിയിലാക്കുന്നതും. അതു കൊണ്ട്, കുടുംബ സമേതം മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് സാമ്പത്തിക സുരക്ഷക്ക് ഏറെ ഗുണം ചെയ്യും. അതുപോലെ തന്നെ മോഷണം, തീപിടുത്തം, തുടങ്ങിയ അപകടങ്ങളിൽ നിന്നും വീടിനെയും, കർഷകരാണെങ്കിൽ വിളനാശത്തിനെയും, ഇൻഷുറൻസ് കൊണ്ട് സംരക്ഷിക്കുകയും ആവാം.

അടുത്തതായി, വരുമാനം നിലച്ചുപോവുകയോ കുറഞ്ഞു പോവുകയോ ചെയ്താലും നമ്മുക്ക് ജീവിക്കാനുള്ളത് കരുതേണ്ടിയിരിക്കുന്നു. ജോലി ഇല്ലാതെയാവുകയോ കച്ചവടം കുറയുകയോ ചെയ്താലും നമ്മുടെ മറ്റു ചിലവുകൾ കുറയുകയില്ലല്ലോ. കുറഞ്ഞത് മൂന്ന് മാസം മുതൽ പരമാവധി ആറു മാസം വരെയുള്ള മൊത്തവരുമാനമാണ്, വരുമാന സുരക്ഷക്കായി നീക്കിവയ്ക്കേണ്ടത്. എളുപ്പത്തിൽ തിരിച്ചെടുക്കാവുന്ന രീതിയിൽ, ഫിക്സഡ് ഡെപ്പോസിറ്റ് ആയോ, SIP, മ്യൂച്ചൽ ഫണ്ടുകൾ, ഗോൾഡ് ബോണ്ടുകൾ തുടങ്ങി, നഷ്ട സാധ്യത കുറഞ്ഞ ഏതിലും നിക്ഷേപിക്കാം. പക്ഷേ നിക്ഷേപത്തിനല്ല, മറിച്ച് സുരക്ഷിതമായി ധനം സൂക്ഷിക്കുക എന്നതിനാവണം പ്രാധാന്യം കൊടുക്കേണ്ടത്.

സമീപകാലത്ത് തകർന്നു പോയ പോപ്പുലർ ഫിനാൻസ് പോലുള്ളവരുടെ NCD കളിൽ നിക്ഷേപിക്കാതിരിക്കുക എന്നത് പ്രധാനമാണ്. അമിതലാഭം എന്നത് തൊണ്ണൂറ് ശതമാനവും പ്രലോഭനം മാത്രമായിരിക്കും. എമർജൻസി ഫണ്ടും വരുമാന ഭദ്രതാ ഫണ്ടും നമ്മുടെ വരുമാനം ഉയരുന്ന മുറക്ക്, ആനുപാതികമായി ഉയർത്തുകയും വേണം. കുറഞ്ഞത് നാലുമാസം മുതൽ ഒൻപത് മാസം വരെയുള്ള മാസ വരുമാനം കയ്യിൽ ഉണ്ട് എന്നത്, നൽകുന്ന മനഃസമാധാനം ഇടത്തരക്കാർക്ക് വളരെ വളരെ വലുതായിരിക്കും.

ഇതിന്റെ മറുവശം, ഇത്രയും തുക സമാഹരിക്കാൻ വേണ്ടി വരുന്ന സമയവും ബുദ്ധിമുട്ടും കണക്കുകൂട്ടുന്നവർ, ഒരിക്കലും മറ്റൊരാവശ്യത്തിനായി ഈ കരുതൽ ധനത്തിൽ കൈ വയ്ക്കുകയുമില്ല എന്നതാണ്. മേൽപ്പറഞ്ഞ രണ്ടു ഫണ്ടുകളും തയ്യാറായതിന് ശേഷമാവണം ഭാവിയിലേക്കുള്ള നിക്ഷേപങ്ങളെക്കുറിച്ച്, സമ്പാദ്യത്തെക്കുറിച്ച് ഒക്കെ നമ്മൾ ചിന്തിക്കേണ്ടത്.

നിക്ഷേപത്തിന്റെ കാര്യത്തിൽ, ഏറ്റവും കുറഞ്ഞത്, മാസവരുമാനത്തിന്റെ 20 മുതൽ 30 ശതമാനം വരെ ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി നിർബന്ധമായും മാറ്റി വയ്ക്കേണ്ടതുണ്ട്.

മാസം അമ്പതിനായിരം രൂപ വരുമാനമുള്ള ഒരാൾക്ക് ഒരു വർഷത്തെ സമ്പാദ്യത്തിന് ശേഷം, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയെങ്കിലും ബാക്കി ഉണ്ടായില്ലെങ്കിൽ സാമ്പത്തിക സുരക്ഷ കൈവിട്ടു പോകുന്നു എന്ന് തന്നെ കരുതണം. അതായത് വരുമാനത്തിന്റെ 70 ശതമാനത്തിനകത്ത് വേണം കുടുംബത്തിന്റെ ചിലവുകൾ എല്ലാം തന്നെ നടത്തേണ്ടത്, അതായത് വാടക അല്ലെങ്കിൽ ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ ചിലവുകൾ, യാത്രാ ചിലവുകൾ, ആഘോഷ ചിലവുകൾ, ആശുപത്രി ചിലവുകൾ എല്ലാം ഈ പറഞ്ഞ എഴുപത് ശതമാനത്തിന് അകത്തായിരിക്കണമെന്ന് സാരം.

ചുരുക്കത്തിൽ വരുമാനത്തിനകത്ത് ചിലവുകൾ ഒതുക്കി ജീവിക്കുക എന്നത് പ്രധാനമാണ്. അതിനായി നമ്മുടെ പണം എങ്ങിനെയാണ് ചിലവായിപ്പോകുന്നത് എന്ന് നമുക്ക് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. മുൻപൊക്കെ, വരവ് ചിലവ് കണക്കുകൾ എഴുതി വച്ച് കൂട്ടിയും കിഴിച്ചും കണക്കു കൂട്ടുന്നത് ബുദ്ധിമുട്ടായതിനാൽ, മാസങ്ങൾക്കുള്ളിൽ പലരും ഏറെ ഗുണമുള്ള ഈ കണക്കെഴുതുന്ന പരിപാടി തന്നെ ഉപേക്ഷിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ, കുടുംബത്തിലെ ചിലവുകൾ എല്ലാം എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്ന, ധാരാളം സോഫ്റ്റ് വെയറുകളും ആപ്ളിക്കേഷനുകളും സൗജന്യമായിത്തന്നെ നെറ്റിൽ ലഭ്യമാണ്.

ഇപ്പറഞ്ഞവയെല്ലാം സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ളവയാണ്. സാമ്പത്തിക ഭദ്രതയാണ് ലക്ഷ്യമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ധനവും സമ്പത്തും തമ്മിലുള്ള വ്യത്യാസമാണ്. ഈ ജീവിതക്രമം അനിശ്ചിതമാണെന്നും, ഏതു സമയത്തും കാര്യങ്ങൾ കീഴ്മേൽ മറിയാമെന്നും ലോകം മുഴുവൻ മനസ്സിലാക്കിയ ഈ കാലത്ത്, കോറോണ നമ്മെ പഠിപ്പിച്ച നല്ല ശീലങ്ങളിൽ ഒന്നായി, വ്യക്തിപരമായ സാമ്പത്തിക സുരക്ഷാ ശീലം മാറുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!