ഈയടുത്ത കാലത്തായി ഒട്ടേറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണല്ലോ സുപ്രീം കോടതിയുടെ ഉത്തരവുകൾ. ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും, എന്നാലും എങ്ങനെയാണീ ജസ്റ്റിസ് പദവികളിലൊക്കെ എത്തുക എന്ന്.
ഒരു രാജ്യത്തിന്റെ നിയമ നടപടികളിലും സമൂഹത്തിന്റെ നീതി ന്യായ വ്യവസ്ഥകളിലുമൊക്കെ വളരെ നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നവരാണ് ജഡ്ജിമാർ. ഇന്ത്യ പോലെ ജനസംഖ്യ കൂടിയ ഒരു രാജ്യമാകുമ്പോൾ, ഇവരുടെ പ്രസക്തി വളരെയധികമാണ്. ജുഡീഷ്യൽ സംവിധാനമുണ്ടെങ്കിൽ മാത്രമേ സംഘർഷങ്ങൾ പരിഹരിച്ച് സമൂഹം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. കോടതി നടപടികളുടെ അധിപനാകുക എന്നത് തന്നെയാണ് ജഡ്ജിമാരുടെ പ്രധാന ജോലി. ഒന്നിലധികമായ കൂട്ടരുടെ വാദപ്രതിവാദങ്ങൾ ശ്രദ്ധിച്ച് കേട്ട്, ഒരു തീരുമാനത്തിലെത്തുക എന്നതാണ് ചുമതല.
തെളിവുകളാണ് ഒരു ജഡ്ജി നോക്കേണ്ടത് – മുന്നിലുള്ള വ്യക്തികൾ ആരാണെങ്കിലും. എല്ലാ പക്ഷത്തുള്ളവരുടെയും വാദം ശ്രദ്ധിച്ചു കേൾക്കുക, സാക്ഷികളുടെ മൊഴികൾ കേൾക്കുക, ലഭ്യമായ തെളിവുകൾ വിശകലനം ചെയ്യുക, വാദികൾക്ക് അവരുടെ നിയമാവകാശങ്ങൾ അറിയിക്കുക, സാക്ഷികളെ ചോദ്യം ചെയ്യുക, അവതരിപ്പിച്ച വസ്തുതകളെല്ലാം പരിശോധിച്ച് നിയമലംഘനം നടത്തിയ വ്യക്തിക്ക് അനുയോജ്യമായ ശിക്ഷയോ അല്ലെങ്കിൽ മറ്റ് തീരുമാനങ്ങളോ വിധിക്കുക, എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.
യുക്തിബോധം, തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ്, സൂക്ഷ്മ നിരീക്ഷണം, നിയമ സംവിധാനങ്ങളെപറ്റി അഗാധമായ അറിവ്, വിശകലന പാടവം, വളരെ മികവുറ്റ ആശയ വിനിമയ മികവ്, സംഘാടന ശേഷി, ക്ഷമ, എന്നിവയെല്ലാം ജോലിക്ക് വളരെ ആവശ്യമാണ്. വിഷയത്തിൽ സ്വന്തം അഭിപ്രായം എന്ത് തന്നെയായാലും, അവതരിപ്പിച്ചിരിക്കുന്നതായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനത്തിലെത്തുവാൻ പാടുള്ളു. സമൂഹത്തിന്റെ തന്നെ നിലനില്പിനെ വരെ ബാധിക്കുന്നതായിരിക്കാം ചില തീരുമാനങ്ങൾ എന്നതിനാൽ തന്നെ, വിധി പ്രഖ്യാപനം ഈ ജോലിക്ക് എത്രത്തോളം ഉത്തരവാദിത്വമാണ് നൽകുന്നത് എന്ന് എടുത്ത് പറയേണ്ടതില്ല.
ഇന്ത്യയിൽ ജഡ്ജിയാക്കണമെങ്കിൽ എൽ.എൽ.ബി. എടുക്കുക എന്നതാണ് ആദ്യ പടി. എൽ.എൽ.ബി. കോഴ്സ് ചെയ്യുവാൻ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകൾ നാഷണൽ ലോ യൂണിവേഴ്സിറ്റികളാണ്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കോഴ്‌സുകളാണ് ഈ എൻ.എൽ.യുകളിൽ നൽകുന്നത്. ബംഗളൂരു, ഹൈദരബാദ്. കൊൽക്കത്ത എന്നിവിടങ്ങളിലെ എൻ.എൽ.യുകളാണ് ഏറ്റവും പ്രമുഖമായത്. സി.എൽ.എ.ടി. പരീക്ഷയുടെ ഫലമനുസരിച്ചാണ് ഈ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുക. ജോധ്പുർ, ഗാന്ധിനഗർ, ഭോപ്പാൽ, മുംബൈ, കൊച്ചി, റായ്‌പൂർ, ലക്നൗ, പട്യാല എന്നിവിടങ്ങളിലൊക്കെ എൻ.എൽ.യുകളുണ്ട്.
മാറ്റുവിൻ ചട്ടങ്ങളെ!