മാസ്‌കും മരുന്നും സാനിറ്റൈസറുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമായ കൊറോണക്കാലത്ത് ജീവിക്കുമ്പോള്‍ N95 മാസ്‌കുകളും അതിന്റെ ഉപയോഗവുമെല്ലാം നമുക്കറിയാവുന്നതാണ്. ഇന്ന് ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരും മറ്റും രക്ഷാകവചമായി ഉപയോഗിക്കുന്ന ഈ മാസ്‌കിന്റെ ശില്‍പിയെ കുറിച്ച് പലര്‍ക്കും അറിയില്ല.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തായ്വാന്‍ സ്വദേശിയായ പീറ്റര്‍ സായിയാണ് N95 മാസ്‌ക് നിര്‍മിക്കുന്നത്. തായ്വാനിലെ തായ്ചുങിലുള്ള ക്വിങ്ഷ്വുയി ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു സായിയുടെ ജനനം. ഇന്ന് 68 ക്കാരനായ സായി യു എസില്‍ കെമിക്കല്‍ ഫൈബര്‍ എന്‍ജിനീയറിങ്ങില്‍ വൈദഗ്ധ്യം നല്‍കുന്ന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

ബിരുദത്തിന് ശേഷം സായി തായ്വാന്‍ ടെക്‌സ്റ്റൈല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടി. പിന്നീട് ഒരു ഡൈയിങ്ങ് കമ്പനിയില്‍ ജോലി കണ്ടെത്തി. തായ്വാന്‍ അന്ന്‌ ഉല്‍പാദന കേന്ദ്രം മാത്രമായിരുന്നു. ഉത്പാദിപ്പിക്കേണ്ട തുണിയും, മറ്റെല്ലാ വസ്തുക്കളും യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വന്നിരുന്നത്. അതുകൊണ്ടു മാത്രം പ്രയോജനമില്ലെന്ന് സായി തീരുമാനിച്ചു. അങ്ങനെ, വ്യവസായത്തില്‍ നൈപുണ്യം നേടുന്നതിനായി സായി യു എസിലെ കന്‍സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടാന്‍ തീരുമാനിച്ചു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആറ് ഡോക്ടറേറ്റുകള്‍ക്ക് തുല്യമായ 500 ക്രഡിറ്റുകള്‍ അദ്ദേഹം നേടിയെടുത്തു.

ഇതിന് ശേഷം ടെന്നസി സര്‍വകലാശാലയിലെ ഗവേഷണ വിഭാഗത്തില്‍ ജോലി ചെയ്തു. അവിടെനിന്നാണ് 1992- ല്‍ N95 മെഡിക്കല്‍ ഫേസ് മാസ്‌കുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറേഷന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ടീമിനെ വാര്‍ത്തെടുത്തത്. N95 മാസ്‌കിലെ N എന്നത് ഓയില്‍ പ്രതിരോധിക്കാത്തത് എന്നാണ് അര്‍ത്ഥം. 95 എന്നത് വായുവിലെ 95 ശതമാനം കണങ്ങളെയും ഫില്‍ട്ടര്‍ ചെയ്യുന്നു എന്നതും. യു എസ് റഗുലേറ്ററി സ്റ്റാന്റേഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരമാണ് ഇത്.

വ്യാവസായികാവശ്യങ്ങള്‍ക്കായിരുന്നു ഇത് രൂപകല്‍പ്പന ചെയ്തത്. പിന്നീട് ഇതിന്റെ പ്രയോജനം ബോധ്യപ്പെട്ടതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. അടുത്തിടെ സായി മാസ്‌ക് സാങ്കേതിക വിദ്യ കൂടുതല്‍ വിപുലീകരിച്ചു. 2018 -ല്‍ ഫില്‍ട്രേഷന്‍ പ്രക്രിയ നേരെ ഇരട്ടിയാക്കി. ഭാരം കുറഞ്ഞതും, ശ്വാസോച്ഛാസനത്തിന് തടസ്സമില്ലാത്തതുമായ രീതിയില്‍ അതിനെ വികസിപ്പിച്ചു. 2019- ല്‍ സായി ടെന്നസ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ചു. എങ്കിലും കൊവിഡ് വ്യാപനം ശക്തമായപ്പോള്‍ N95 മാസ്‌കുകളുടെ അഭാവം ഉണ്ടായി. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള പഠനത്തിനായി വീണ്ടും ഗവേഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സായി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!