Siva Kumar
Management Skills Development Trainer, Dubai

പഠിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. പക്ഷെ പഠിപ്പിക്കേണ്ടതെങ്ങിനെ, എന്നതിനെക്കുറിച്ച് അധികമാരും പറയാറില്ല, അധ്യാപകരില്‍ ഭൂരിപക്ഷത്തിനും അതറിയുകയുമില്ല.

ഇംഗ്ലീഷ് എന്ന ഭാഷയെ പോലും, കണക്കും സയന്‍സും പഠിപ്പിക്കുന്ന അതേ രീതിയില്‍ തന്നെ, പഠിപ്പിക്കുന്ന അധ്യാപകരാണ് കേരളത്തിലെ മിക്ക സ്‌കൂളുകളിലും കോളേജുകളിലും ഉള്ളത്, എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അതിനവരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനും പാടുള്ളതല്ല. മറ്റു മേഖലകളില്‍ നന്നായി ശോഭിക്കാനുള്ള കഴിവ് ഉള്ളവരാണവര്‍. എന്നാല്‍ അധ്യാപക വൃത്തിക്ക് വേണ്ടതായ കഴിവോ, അഭിരുചിയോ, താല്‍പ്പര്യമോ ഇല്ലാതെ, എളുപ്പം ജോലി കിട്ടാന്‍, അല്ലെങ്കില്‍ വാങ്ങാന്‍ കഴിയും എന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥ ഒന്നു കൊണ്ടു മാത്രം, അധ്യാപകരായവരാണ് മിക്കവരും.

പക്ഷേ, ഇതിനിടയിലും ചില നല്ല അധ്യാപകരും ഉണ്ടാവുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഏതൊരു  സ്‌കൂള്‍ എടുത്താലും വിരലിലെണ്ണാവുന്ന നല്ല അധ്യാപകരും അവിടെ ഉണ്ടാവും.

10-ാം ക്ലാസ്സും 12+ ഒക്കെ കഴിയുമ്പോള്‍, ഭാവി കോഴ്‌സുകള്‍ക്കായി കുട്ടികളുടെ അഭിരുചിയും താല്‍പ്പര്യവും ഒക്കെ പരിശോധിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ നല്ല അധ്യാപകരുടെ സ്വാധീനം, കുട്ടികളുടെ താല്‍പര്യങ്ങളില്‍  വളരെ പ്രകടമായി കാണാം.

ഒരു പ്രത്യേക വിഷയത്തില്‍, കുട്ടിക്ക് താല്‍പര്യവും ഇഷ്ടവും തോന്നുന്നതിന് പ്രധാന കാരണം, ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും. തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ അതുപോലുള്ള, നല്ല അധ്യാപകരെ കിട്ടാതെ വരുമ്പോള്‍ മികച്ച സ്‌കോര്‍ നേടിയിരുന്ന വിഷയങ്ങളില്‍, പുറകോട്ട് പോകുന്നതും കാണാറുണ്ട്.

ചെറിയ പരീക്ഷണം, അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമ്പോഴുള്ള പ്രശ്‌നങ്ങളില്‍ പ്രധാനം, അവര്‍ പരിശീലനം നേടാന്‍  ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരാണ് നല്ലൊരു അധ്യാപകന്‍ / അധ്യാപിക എന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളാണ് ഉണ്ടാവുക.

കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്തുന്ന, അറിവിനുള്ള ദാഹം ജനിപ്പിക്കുന്ന, കാര്യങ്ങള്‍ എങ്ങിനെ മനസ്സിലാക്കണം എന്നു പറഞ്ഞു കൊടുക്കുന്ന, പഠിക്കാന്‍ പഠിപ്പിക്കുന്ന ഏതൊരു വ്യക്തിയും നല്ലൊരു അധ്യാപകനാണ് എന്ന് പൊതുവെ പറയാം.

എങ്ങിനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച്  പരിപാടികളില്‍ പലപ്പോഴും ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട്. ഇന്ന് പഠിപ്പിക്കുന്ന കാര്യം പത്ത് വര്‍ഷം കഴിഞ്ഞാലും ഓര്‍ത്തിരിക്കുന്ന രീതിയില്‍ വേണം പഠിപ്പിക്കാന്‍ എന്നതാണ് അതിന് മറുപടിയായി പറയാറുള്ളത്.

അതെങ്ങിനെയാണ് സാധിക്കുക എന്നത് അവര്‍ക്ക് പറഞ്ഞ് കൊടുക്കാറുമുണ്ട്. അതില്‍ ഒരു കാര്യമാണ്, പരീക്ഷണം കൊണ്ടുദ്ധേശിക്കുന്നത്.

പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ള ഏതൊരാളും അള്‍ട്രാവയലറ്റ് രശ്മികള്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നൊക്കെ പഠിച്ചിട്ടുണ്ടാവും. UV പ്രൊട്ടക്ഷനെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യാറുമുണ്ടാവും.  എന്നാല്‍ എന്താണീ അള്‍ട്രാവയലറ്റ്  അല്ലെങ്കില്‍ ഇന്‍ഫ്രാറെഡ് എന്ന്, കുട്ടികളോ മറ്റാരെങ്കിലുമോ ചോദിച്ചാല്‍ കുഴയും. പഠിച്ചതാണ്, പരീക്ഷ എഴുതിയതാണ്, മാര്‍ക്ക് കിട്ടിയതാണ് പക്ഷേ,  ഇനി നമ്മുക്കിതൊന്നു കൂടി പഠിക്കാം. പത്തു വര്‍ഷം കഴിഞ്ഞാലും മറക്കുമോ  എന്ന് പരിശോധിക്കാം.

സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റും ഇന്‍ഫ്രാ റെഡും രശ്മികള്‍ ഉണ്ടെന്നും അവ കണ്ണിനും ത്വക്കിനും ഹാനികരമാണെന്നും  നമുക്കറിയാം.

സൂര്യപ്രകാശം എന്നത് ഏഴ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന വര്‍ണ്ണരാജിയാണ്. വയലറ്റ്, ഇന്‍ഡിഗോ, ബ്ലൂ, ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നിവയാണ് (VIBGYOR) ആ ഏഴ് നിറങ്ങള്‍ എന്നറിയാമല്ലോ. ഇവയെല്ലാം ഈ ഓര്‍ഡറില്‍ തന്നെ വരുന്നതിനു കാരണം ഈ നിറങ്ങള്‍  ഓരോന്നിന്റെയും ഫ്രീക്വന്‍സി (ആവൃത്തി ) വ്യത്യാസപ്പെട്ടതുകൊണ്ടാണ്. അതായത് വയലറ്റിനെക്കാള്‍ കുറഞ്ഞ ആവൃത്തിയാണ് ഇന്‍ഡിഗോയ്ക്ക്. അതിലും കുറവാണ് ബ്ലൂവിന്. അങ്ങിനെ ഏറ്റവും കുറവുള്ളത് റെഡിനാണ്.

സൂര്യപ്രകാശത്തില്‍ നിറങ്ങള്‍ മാത്രമല്ല, മറ്റു പല രശ്മികളുമുണ്ടെന്നറിയാമല്ലോ.?

അങ്ങിനെ വരുമ്പോള്‍ സൂര്യപ്രകാശത്തിന്റെ സ്‌പെക്ട്രത്തില്‍,  വയലറ്റിനെക്കാള്‍ ആവൃത്തി കൂടിയവയും റെഡിനെക്കാളും ആവൃത്തി കുറഞ്ഞവയും ഉണ്ടാവുമല്ലോ. അവയ്ക്ക് എന്തു പേരു കൊടുക്കാം. വയലറ്റിനെക്കാളും ആവൃത്തി കൂടിയ രശ്മിക്ക്, വയലറ്റിനെക്കാള്‍ വലുത്, അഥവാ അള്‍ട്രാ വയലറ്റ് എന്നു വിളിക്കാം. റെഡിനെക്കാളും ചെറിയ ആവൃത്തിയുള്ള രശ്മിക്ക്, റെഡിനെക്കാളും ചെറുത്  അഥവാ ഇന്‍ഫ്രാ റെഡ് എന്ന് വിളിക്കാം.

പരീക്ഷക്ക് പഠിക്കുകയാണെങ്കില്‍ രണ്ടിന്റെയും ഫ്രീക്വന്‍സി കൂടെ ഓര്‍ക്കാം. അള്‍ട്രാ, ഇന്‍ഫ്രാ തുടങ്ങിയവ ലാറ്റിന്‍ വാക്കുകളാണ്. ഇത്രേയുള്ളൂ കാര്യം. ഇനി ഇക്കാര്യം എത്ര കാലം കഴിഞ്ഞാല്‍ മറക്കും എന്നു ചിന്തിച്ചു നോക്കൂ. കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാനുള്ള ഒരു രീതി മാത്രമാണിത്. പഠിക്കുന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം, ഒപ്പം അധ്യാപകര്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!