ഇന്ത്യയുടെ സാസംകാരിക പാരമ്പര്യവും, ജൈവ വൈവിധ്യവും, സാമൂഹിക, സാഹിത്യ കലാ മേഖലകള്‍ ഒക്കെയാണ് വിദേശികളെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിച്ചത് എന്ന് പറയാതെ വയ്യ. മധ്യ കാല ഇന്ത്യയെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ നല്‍കുന്ന ഗ്രന്ഥങ്ങളെല്ലാം ഈ വിദേശ സഞ്ചാരികളുടെ യാത്രവിവരണങ്ങളിലൂടെയും ആയിരുന്നു. അങ്ങനെ ഇന്ത്യ കണ്ട ചില വിദേശ സഞ്ചാരികളെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

മെഗസ്തനീസ്

ഗ്രീക്ക് കാരനായ മെഗസ്തനീസ് ആയിരുന്നു ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശ സഞ്ചാരി. ചന്ദ്രഗുപ്ത മൗര്യന്റെ സമകാലികനായിരുന്നു അദ്ദേഹം. ഏതാണ്ട് 2400 വര്‍ഷം മുമ്പ് മാസിഡോണിയന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടര്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സേനാനായകനായിരുന്ന സെല്യൂക്കസ് നികേതര്‍ തന്റെ യജമാനന്‍ ഒരിക്കല്‍ കൈയടക്കിവെച്ചതും പിന്നീട് ചന്ദ്ര ഗുപ്ത മൗര്യന്‍ പിടിച്ചടക്കിയതുമായ പ്രദേശങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമമാരംഭിച്ചു.

ബിസി 305 സെല്യൂക്കസ് സിന്ധുനദി വരെ എത്തി. അവിടെ നടന്ന യുദ്ധത്തില്‍ ചന്ദ്രഗുപ്തന്‍ സെല്യൂക്കസിന്റെ ഗ്രീക്ക് സൈന്യത്തെ തോല്‍പിച്ചു. അങ്ങനെയാണ് തന്റെ സ്ഥാനപതിയായി സെല്യൂക്കസ് മെഗസ്തനീസിനെ മൗര്യ രാജ ധാവിയിലേക്കയച്ചത്. മൗര്യ രാജധാനിയായ പാടലി പുത്രത്തില്‍ (ഇന്നത്തെ പട്‌ന) മെഗസ്തനീസ് ഏതാനും വര്‍ഷം താമസിച്ചു. അദ്ദേഹം രചിച്ച പുസ്തകമാണ് ‘ഇന്‍ഡിക ‘ ഉത്തരേന്ത്യ മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച്, കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് ഇന്‍ഡികയില്‍ പ്രതിപാദിച്ചിരിക്കുന്നത്. മഗധ സാമ്രാജ്യത്തെക്കുറിച്ച് ആധികാരികമായ വിവരം നല്‍കുന്ന ഗ്രന്ഥം കൂടിയാണ് ഇത്. യഥാര്‍ത്ഥ പ്രതി നഷ്ടപ്പെട്ടുപോയ ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

അല്‍ബിറൂനി

1000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അബൂ റൈഹാന്‍ എന്ന പണ്ഡിതന്‍ ഇന്ത്യയിലെത്തുന്നത്. 11-ാം നൂറ്റാണ്ടില്‍ ഇന്ത്യ ആക്രമിച്ച ഗസ്‌നിയിലെ സുല്‍ത്താന്‍ മുഹമ്മദിനൊപ്പമാണ് അദ്ദേഹം എത്തിയത്. അദ്ദേഹം ഇവിടെ നിന്ന് സംസ്‌കൃതം പഠിച്ചു. ഇരുപതോളം ഗ്രന്ഥങ്ങള്‍ അറബി ഭാഷയില്‍ രചിച്ചു. സംസ്‌കൃതികളായ സംഖ്യായോഗവും പതഞ്ജലി ഭാഷ്യവും അല്‍ബിറൂനി അറബി ഭാഷയില്‍ പരിഭാഷപ്പെടുത്തിയിരുന്നു.

അല്‍ബിറൂനി ഇന്ത്യ എന്ന് പറയുന്നത് വടക്കെ ഇന്ത്യയെ ഉദ്ദേശിച്ചാണ്. അവിടം പണ്ട് സമുദ്രമായിരുന്നുവെന്നും ഹിമാലയത്തിലെ നദികളില്‍ നിന്നുള്ള എക്കലും മറ്റും അടിച്ചു കയറി നൂറ്റാണ്ടുകള്‍കൊണ്ട് അത് കരിയായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ തഹ്ഖീഖ് അല്‍ഹിന്ദ് ‘ എന്നാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയുടെ പേര്.

ഇബ്‌നു ബത്തൂത്ത

മോറോക്കോയില്‍ ജനിച്ച ഇബ്‌നു ബത്തൂത്ത, ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്താന്‍ വഴി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ലോകത്തെ പുതിയ രാജ്യമായിരുന്ന ഡല്‍ഹിയില്‍ തന്റെ ഭരണം ദൃഢമാക്കുന്നതിനായി തുഗ്ലക്ക് പല ഇസ്ലാമിക പണ്ഡിതരെയും വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്‌നു ബത്തൂത്തയുടെ പാണ്ഡിത്യത്തേയും ലോകപരിചയത്തേയും മാനിച്ച് തുഗ്ലക്ക് അദ്ദേഹത്തിന് ന്യായാധിപസ്ഥാനം നല്‍കി. സൂഫി, ന്യായാധിപന്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഏറ്റവും കൂടുതല്‍ പ്രാവശ്യം കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായിരുന്നു ഇബ്‌നു ബത്തൂത്ത. ആറ് തവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. യാത്ര എന്നര്‍ത്ഥം വരുന്ന ‘ രിഹ്ല ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ പേര്.

ഫാഹിയാന്‍

ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരിയായിരുന്നു ഫാഹിയാന്‍. എഡി 401 നും 410 നുമിടക്കായിരുന്നു സന്ദര്‍ശനം. ബുദ്ധ സന്യാസിയായിരുന്ന ഫാഹിയാന്‍ രചിച്ച ‘ ബൗദ്ധരാജ്യങ്ങളുടെ ഒരു രേഖ ‘ എന്ന പുസ്തകം 1500 വര്‍ഷം മുമ്പുള്ള ഇന്ത്യയെപ്പറ്റി വിവരിക്കുന്നു. എഡി 399 ല്‍ അദ്ദേഹം ബുദ്ധ ജന്മഭൂമിയായ ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചു. ആറു വര്‍ഷം സഞ്ചാരത്തിലും ആറു വര്‍ഷം ഇന്ത്യയിലും രണ്ട് വര്‍ഷം സിലോണിലും (ശ്രീലങ്ക) ചെലവിട്ടു. ഫാഹിയാന്റെ കാലത്ത ചന്ദ്രഗുപ്തന്‍ രണ്ടാമനാണ് (വിക്രമാദിത്യന്‍) ഇന്ത്യ ഭരിച്ചിരുന്നത്. തന്റെ ആറു വര്‍ഷത്തെ ഇന്ത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും കള്ളന്‍മാരുടേയോ കവര്‍ച്ചക്കാരുടേയോ ഉപദ്രവം ഉണ്ടായിട്ടില്ലെന്ന് ഫാഹിയാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അന്നത്തെ സമ്പല്‍ സമൃദ്ധിയില്‍ അദ്ദേഹം അതിശയം പ്രകടിപ്പിച്ചിരുന്നു. പാടലീപുത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത് പുഷ്പ നഗരം എന്നാണ്. അദ്ദേഹം മറ്റൊരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദനത്തടിയില്‍ ആദ്യമായി ബുദ്ധവിഗ്രഹം തയ്യാറാക്കിയത് ബുദ്ധന്റെ സമകാലികനായിരുന്ന കോസല രാജാവ് പ്രസേനജിത്ത് ആയിരുന്നുവെന്ന്.

ഹുയാങ്ങ് സാങ്ങും നളന്ദയും

മഗധയിലെ പ്രശസ്തമായ സര്‍വകലാശാലയായിരുന്ന നളന്ദ. അദ്ധേഹം ഈ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഹര്‍ഷ വര്‍ധനന്റെ സമകാലികനായിരുന്നു ഹുയാങ് സാങ്. ഹര്‍ഷ ചക്രവര്‍ത്തിയുടെ തലസ്ഥാനമായിരുന്ന കനൗജില്‍ നടത്തിയ ബുദ്ധമത സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. എഡി 630 മുതല്‍ 645 വരെ ഹുയാങ് സാങ് ഇന്ത്യയില്‍ ചുറ്റി സഞ്ചരിച്ചു. തന്റെ സഞ്ചാരക്കുറിപ്പുകള്‍ 12 വാല്യങ്ങളായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ഇന്ത്യ വിട്ട് പോകുമ്പോള്‍ ബുദ്ധപ്രതിമകള്‍ (സ്വര്‍ണ്ണത്തില്‍ രണ്ടും വെള്ളിയില്‍ ഒന്നും ചന്ദനത്തില്‍ മൂന്നും ) ഹുയാങ് സാങ്ങിന്റെ കൈവശമുണ്ടായിരുന്നു. മത സംബന്ധമായ 657 കൈയെഴുത്തു പ്രതികളും ഹര്‍ഷന്‍ കൊടുത്തയച്ചിരുന്നു. ശേഷിച്ച ജീവിതകാലം ഈ ഗ്രന്ഥങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് തര്‍ജമ ചെയ്യാനാണ് അദ്ദേഹം ഉപയോഗിച്ചത്. 664 ല്‍ മരിക്കും മുമ്പ് 74 ഗ്രന്ഥങ്ങളുടെ പരിഭാഷ പൂര്‍ത്തീകരിച്ചു. തീര്‍ത്ഥാടകരിലെ രാജകുമാകുമാരന്‍ എന്നാണ് ഹുയാങ്ങ് സാങ് അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here