Munavira Vakayil
Munavira Vakayil
Sub Editor, NowNext

‘പ്രകൃതിയാണ് എന്റെ മതം അതിലെ മരങ്ങള്‍ എന്റെ ദൈവവും’, കോട്ടയത്തെ ഒരു സംരഭകന്റെ മുഖ പുസ്തക ബയോയിലെ വരികളാണിത്. മാങ്കോ മെഡോസ് എന്ന ലോകത്തിലെ ആദ്യ കാര്‍ഷിക തീം പാര്‍ക്കിന്റെ ഉടമസ്ഥനായ എന്‍. കെ കുര്യനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഒരു കായല്‍, നിറയെ മരങ്ങള്‍, വര്‍ണ്ണങ്ങളും വസന്തവുമായ നിറയെ പൂക്കളുള്ള പൂന്തോട്ടം, പ്രകൃതിയുടെ പ്രിയപ്പെട്ട ജീവജന്തുക്കള്‍, അങ്ങനെ പ്രകൃതി വിസ്മയത്തിന്റെ അനുഭൂതിയില്‍ മതിമറന്ന് പോകുന്ന, പച്ചപ്പിനാല്‍ പൊതിഞ്ഞ്, പ്രകൃതിയുടെ രുചിയും മണവും ആഴത്തില്‍ അനുഭവിക്കാവുന്ന ഒരിടം. എന്‍.കെ കുര്യനെന്ന മനുഷ്യന്റെ, മതവും ദൈവവുമെല്ലാമായ പ്രകൃതിയും മരങ്ങളും ഉള്‍പ്പെട്ട സ്വപന സംരഭമായ മാങ്കോ മെഡോസ് എന്ന കാര്‍ഷിക തീം പാര്‍ക്ക്.

ഇത് ഒരാളുടെ മാത്രം സ്വപനമല്ല… പ്രകൃതിയാണ്, നമ്മളാണ്.

അതിർത്തികളിൽ ആറ് തെങ്ങിന്‍ തൈകള്‍ മാത്രമുണ്ടായിരുന്ന ആയം കുടിയിലെ തരിശുഭൂമി ഒന്നര പതിറ്റാണ്ടിന് ശേഷം ലോകത്തിലെ ആദ്യ കാര്‍ഷിക തീം പാര്‍ക്കായി ഉയര്‍ന്നതിന്റെ പിന്നില്‍ ഒരാളാണ്. എന്‍. കെ കുര്യനെന്ന സിവില്‍ എഞ്ചിനീയറും, അദ്ദേഹത്തിന്റെ 13 വര്‍ഷം നീണ്ട പ്രവാസ ജീവിതവും.

4800 സസ്യവര്‍ഗങ്ങള്‍, 700 ലേറെ മരങ്ങള്‍, പൂവിടുന്ന 900 ചെടികള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 101 ഇനം മാവുകള്‍, 84 ഇനം പച്ചക്കറികള്‍, 39 ഇനം വാഴകള്‍, പൂന്തോട്ടത്തില്‍ 800 ലധികം ചെടികളും, മുന്തിരി ഉള്‍പ്പടെ 500 ലധികം വള്ളിച്ചെടികളടങ്ങിയ മനുഷ്യ നിര്‍മിത ജൈവവൈവിധ്യ പ്രദേശമാണ് മാങ്കോ മെഡോസ്. ഈ മുപ്പതേക്കര്‍ കാര്‍ഷിക തീം പാര്‍ക്കിന് ലിംക ബുക്ക് റെക്കോഡും, യു. ആര്‍.എഫ് വേള്‍ഡ് റെക്കോഡും ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമയും ബൈബിള്‍ ശില്‍പവും (25 അടി നീളവും അത്ര തന്നെ വീതിയും) മാംങ്കോ മെഡോസിന്റെ പ്രത്യേകതയാണ്.

അങ്ങനെ വര്‍ണ്ണനകള്‍ക്കതീതമായ ഒരു ജൈവ പ്രദേശത്തിന്റെ, ഒരു സംരഭത്തിന്റെ, ഒരു സംരഭകന്റെ, ഇന്നത്തെ അവസ്ഥ ദുരിതപൂര്‍ണ്ണമാണ്. മാങ്കോ മെഡോസ് എന്ന ജൈവ തീം പാര്‍ക്ക് കടക്കെണിയില്‍ മുങ്ങി ജപ്തിയുടെ വക്കിലാണ്. 2018 ലായിരുന്നു മാങ്കോ മെഡോസ് ആരംഭിക്കുന്നത്. ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കിയിട്ട കാലമായിരുന്ന് അത്. 8 കോടിക്ക് മേല്‍ വിറ്റ് വരവുമുണ്ടായിരുന്നു. കേരള ജനത നേരിട്ട പ്രളയമെന്ന ആദ്യ പ്രതിസന്ധി മാങ്കോ മെഡോസിനെയും ബാധിച്ചു. അന്ന് രണ്ട് കോടിയോളം രൂപ നഷ്ടമായിരുന്നു ആ സംരംഭത്തിന്.

2019 ല്‍ മാങ്കോമെഡോസ് വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അന്ന് വിറ്റുവരവ് 11 കോടി വരെയെത്തി. ആദ്യ പ്രളയത്തിന്റെ നഷ്ടം നികത്താന്‍ ഈ വരുമാനം ഉപയോഗിക്കേണ്ടി വന്നു. വീണ്ടും പ്രതിസന്ധിയായി രണ്ടാം പ്രളയവും വളരെ ശക്തമായി തന്നെ മാങ്കോ മെഡോസിനെ ബാധിച്ചു. പിന്നീടുണ്ടായ നിപയും,  2020 ലെ കോവിഡ് 19 മെല്ലാമായി പ്രതിസന്ധികളുടെ കടക്കെണിയിലിരിക്കുകയാണ് ഈ സ്ഥാപനം. അടച്ചിട്ടാല്‍ പോലും ഒരു മാസം ആറ് ലക്ഷം രൂപ പ്രവര്‍ത്തന ചിലവ് മാത്രമായി വരുന്ന ഇതിന്റെ മൂന്ന് വര്‍ഷത്തെ വരുമാന നഷ്ടം കണക്കാക്കിയാല്‍ 20 കോടിയോളം വരും കട ബാധ്യത. കൂടാതെ വായ്പ മുടങ്ങി ജപ്തി ഭീഷണിയും.

2012 ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ശ്രീ പിണറായി വിജയന്‍, ഈ സംരഭം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇങ്ങനെ ഒരു ആശയത്തെ പ്രശംസിച്ചതായി അദ്ദേഹം
പറയുന്നു. ഇന്ന് മുഖ്യമന്ത്രിയായ അദ്ദേഹത്തിനൊട് തന്റെ പ്രശ്‌നങ്ങള്‍ അറിയിക്കാനും, ഇങ്ങനെ ഒരു ജൈവ പാര്‍ക്കിന്റെ നിലനില്‍പ്പിന് സര്‍ക്കാറിന്റെ പിന്തുണയും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍. കെ കുര്യനെന്ന സംരഭകനുള്ളത്. മാങ്കോ മെഡോസും എന്‍.കെ കുര്യനും പ്രകൃതിയും, പ്രകൃതിക്ക് വേണ്ടി ജീവിച്ച മനുഷ്യനും കൂടിയാണ്, അത് ഇല്ലാതായാല്‍ പ്രകൃതിയും നമ്മളും തന്നെയാണ് തോറ്റ് പോകുന്നതും.

ഇത് എന്‍.കെ.കുര്യനെന്ന ഒരു സംരഭകന്റെ ദുരവസ്ഥയാണ്. കേരളം നേരിട്ട എല്ലാ പ്രതിസന്ധികളിലും ഇരയായി, അതിജീവനത്തിനായി വീര്‍പ്പുമുട്ടുന്ന ഒരു സംരഭകന്റെ അവസ്ഥ. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന നാടിന്റെ അവസ്ഥയില്‍ പല സ്വപ്‌നങ്ങളും വളരെ ദുരിത പൂര്‍ണ്ണമായി കുഴിച്ച് മൂടലിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരുപാട് സംരഭകരുടെ പ്രതീകം കൂടിയാണ് എന്‍. കെ കുര്യന്‍. അതിജീവനത്തിനായി ഇഴയുന്ന എന്‍.കെ കുര്യനെ പോലെയുള്ള ഒരുപാട് സംരഭകരെ ചേര്‍ത്ത് വെക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!