മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ഇന്നു വൈകുന്നേരം 5 മണി മുതല്‍ അപേക്ഷിച്ചു തുടങ്ങാം.

പരീക്ഷയെഴുതാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ വര്‍ഷവും 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ സിലബസ് വെട്ടിക്കുറച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയുടെ സിലബസില്‍ മാറ്റം വരുത്തിയിരുന്നില്ല. മുന്‍ നിശ്ചയിച്ചിരുന്ന പ്രകാരമുള്ള സിലബസില്‍ തന്നെ പരീക്ഷ നടത്തും.

കൊവിഡിന്റെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പാക്കാനായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. 155 ല്‍ നിന്ന് 198 പരീക്ഷാ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്.