Munavira Vakayil
Munavira Vakayil
Sub Editor, NowNext

കോവിഡ് വ്യാപനത്തിന്റെ തീവ്രത ഒട്ടും കുറയാതെ തന്നെ തുടരുകയാണ്. മനുഷ്യ ജീവിതങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും കുറവ് വന്നിട്ടില്ല. പല മേഖലകളും ആശങ്കയിലൂടെയും, ഇനിയെന്ത് എന്ന തിരിച്ചറിവില്ലാതെയുമാണ് മുന്നോട്ട് പോകുന്നത്. വിദ്യഭ്യാസത്തിന്റെ കാര്യത്തിലും ഇത് പറയാതെ വയ്യ. ഓൺലൈൻ ക്ലാസുകളും, ഓൺലൈൻ പരീക്ഷകളും തുടങ്ങി വിദ്യഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി മറിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് പല വിദ്യാർത്ഥികളിലും മാനസിക സമ്മർദ്ധം വരെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് വർഷത്തോളമായി കടന്ന് കൂടിയ ഈ ഭീകര വയറസ്സിനെ ഇന്ന് പതിയെ പതിയെ ജനങ്ങൾ അം​ഗീകരിച്ച് തുടങ്ങുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

പക്ഷെ തുടരെ തുടരെ ഉണ്ടാവുന്ന തീവ്ര വ്യാപനവും അടച്ചിടലും പല മേഖലയിൽ ബാധിച്ച സാമ്പത്തിക പ്രതിസന്ധിപോലെ തന്നെ വിദ്യഭ്യാസ മേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഉന്നത വിദ്യഭ്യാസമടക്കം ലക്ഷ്യം വെക്കുന്നവർക്ക് ഈ സാമ്പത്തിക പ്രതിസന്ധി വളരെ അധികം ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. അഡ്മിഷനപ്പുറം തുടർ പഠനവും, ഇന്റേൺഷിപ്പും, ട്രെയിനിങ്ങ് തുടങ്ങിയ കാര്യങ്ങളിൽ വരെ ഈ സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടിക്കുമെന്ന് തീർച്ച. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്കായി ​​ഗവൺമെന്റ് തലത്തിൽ തന്നെ പല സഹായ പദ്ധതികളും സുലഭമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യഭ്യാസ വായ്പകൾ എന്നത്. ഈ ഒരു മഹാമാരിക്കാലത്ത് മാത്രമല്ല വിദ്യഭ്യാസ വായ്പകൾ ഉണ്ടായിരുന്നത്. അതിന് മുൻപും വിദ്യഭ്യാസ വായ്പകളെ കുറിച്ച് നമ്മൾ കേട്ട് കാണും. ഈ വായ്പകളെ കുറിച്ച് കേൾക്കുമ്പോൾ തന്നെ പലിശയുടെ കാര്യമോർക്കുമ്പോൾ,  വിദ്യഭ്യാസ വായ്പയെ വേണ്ട എന്ന ചിന്തയിൽ നമ്മളെത്തിപ്പെടും. കാരണം വിദ്യഭ്യാസ വായ്പകൾക്കെല്ലാം പലിശ കൂടുതൽ ആയിരിക്കും.

എന്നാൽ കുറച്ച് വർഷങ്ങളായി ഈ പലിശ നിരക്ക് കുറച്ച് കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് പലിശ നിരക്ക് ഏറ്റവും കുറവുള്ള വിദ്യാഭ്യാസ വായ്പകളും ലഭിക്കും. രാജ്യത്തിനകത്ത് ഉള്ളവ മാത്രമല്ല വിദേശ സർവകലാശാലകളിലേക്കും ഈ വിദ്യാഭ്യാസ വായ്പകൾ ലഭിക്കും. സർവ്വകലാശാലകളിലെ ട്യൂഷൻഫീസ് അടക്കമുള്ള ചെലവുകൾക്ക് കുറഞ്ഞ പലിശയ്ക്ക് ഇത്തരം വായ്പകൾ ലഭിക്കും. പൊതുമേഖലാ ബാങ്കുകളാണ് ഇത്തരത്തിൽ വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പൊതുമേഖല ബാങ്കുകളിൽ പലിശ നിരക്ക് 6.75 ശതമാനം മുതലാണ് വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നത്. 6.75 ശതമാനം മുതൽ 8% വരെയാണ് ഇത്തരത്തിൽ വായ്പകൾ അനുവദിക്കുന്നത്.

അതേ സമയം സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ വായ്പകൾ അനുവദിക്കുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ വിദ്യാഭ്യാസ വായ്പയുടെ നിരക്ക് കുറച്ച് കൂടുതലാണ്. അങ്ങനെയുള്ള വിദ്യഭ്യാസ വായ്പകൾക്ക് ചില പ്രത്യേകതകൂടി പറഞ്ഞ് വെക്കുന്നുണ്ട്. പല പൊതുമേഖലാ ബാങ്കുകളും വിദ്യാഭ്യാസ വായ്പകൾ ഈടില്ലാതെ നൽകുന്നുണ്ട്. എസ്ബി ഐ നോക്കുകയാണെങ്കിൽ ഈടില്ലാതെ തന്നെ 7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾ ഇവിടെ നിന്ന് ലഭിക്കും. വിദ്യാർത്ഥിയുടെ പഠന നിലവാരം അല്ലെങ്കിൽ മാർക്ക് , പഠനം തുടങ്ങാനാഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം, പഠിക്കാനാഗ്രഹിക്കുന്ന കോഴ്‌സ് എന്നിവ മാനദണ്ഡമാക്കിയാണ് ഇത്തരത്തിൽ എസ് ബി ഐ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. അതേ സമയം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവടങ്ങളിലാണെങ്കിൽ ഈടില്ലാതെ തന്നെ 40 ലക്ഷം വരെ വായ്പ ലഭിക്കും.

ഐ ഐ എം, ഐ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളെ എസ്ബിഐ സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുള്ളതാണ്. ഇതിന് പ്രൊസസിംഗ് ഫീയും ഈടാക്കാറില്ല. പെട്ടന്നുള്ള ജോലി സാധ്യതയും ക്യാമ്പസ് റിക്രൂട്ട്മെന്റും കണക്കിലെടുത്താണ് ഈ സ്ഥാപനങ്ങളെ സുരക്ഷിതമയായിട്ട് ബാങ്കുകൾ കരുതുന്നത്. ഇത്തരത്തിൽ ജോലി സാധ്യതയും നല്ല ശമ്പളവുമുള്ളതിനാൽ ബാങ്കുകൾക്ക് തിരിച്ചടവിനെ ഓർത്ത് ചിന്തിക്കേണ്ടി വരില്ല. അത് കൊണ്ട് തന്നെ റിസ്ക് കുറവും, ഭാവിയിൽ സാമ്പത്തിക ഭദ്രതയുള്ള ഇടപാടുകാരനെ ബാങ്കുകൾക്ക് ലഭിക്കുകയും ചെയ്യുന്നു.

ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരത്തിൽ ഈടില്ലാതെ വായ്പ നൽകുന്നുണ്ട്. 7.5 ലക്ഷം വരെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഈടില്ലാതെ വായ്പ ലഭിക്കും. ഇനി ഇവിടെയും ഐഐഎം ഐഐടി എന്നീ മുൻനിര സ്ഥാപനങ്ങളാണെങ്കിൽ 30 ലക്ഷം രൂപ വരെ ഈടില്ലാതെ വിദ്യാഭ്യാസ വായ്പ ലഭിക്കും. നാല് ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ ജാമ്യക്കാരെനെ ആവശ്യമില്ല എന്നാൽ നാല് ലക്ഷം രൂപയ്ക്കും അതിന് മുകളിലും ജാമ്യം നിൽക്കാൻ ആളുകളെ ആവശ്യമായ ചില ബാങ്കുകളുമുണ്ട്.

ഇനി മറ്റ് ബാങ്കുകൾ നോക്കുകയാണെങ്കിൽ ബാങ്ക് ഓഫ് ബറോഡ 40 ലക്ഷം വരെയും ഫെഡറൽ ബാങ്കില് നിന്നും 30 ലക്ഷം വരെയും വായ്പ നൽകും ഈടില്ലാതെ തന്നെ. എന്നാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം ബാങ്കിനു ബോധ്യപ്പെടണം. മറ്റൊന്ന് പലിശ നിരക്കാണ്. പൊതുമേഖലാ ബാങ്കുകൾ നോക്കുകയാണെങ്കിൽ 6.85 % മാണ് ഇവിടെ വായ്പകൾ അനുവദിക്കുന്നത്. എന്നാൽ ബാങ്കുകൾ മാറുന്തോറും നിരക്കിൽ വ്യത്യാസം വരും. 9.10 ശതമനം വരെയാണ് ഇത്തരത്തിൽ പലിശ ഈടാക്കാറുള്ളത്. ബാങ്കുകൾ മാറുന്തോറും ബാങ്കുകളുടെ മാനദണ്ഡങ്ങളും മാറുന്നു. ഇവ അനുസരിച്ചാണ് ഓരോ ബാങ്കുകളും പലിശ നിരക്ക് നിശ്ചയിക്കുന്നത്.

ഇനി സ്വകാര്യ ബാങ്കുകളുടെ കാര്യമെടുത്താൽ നിരക്ക് അൽപം ഉയർന്നതാണ്. 10 ശതമാനത്തിലാണ് ഇത്തരം സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് തുടങ്ങുന്നത്. നാല് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകൾ പ്രോസസിങ് ഫീസ് ഈടാക്കാറില്ല. അതിന് മുകളിലുള്ള തുകയ്ക്ക് പ്രൊസസിങ്ങ് ഫീ ഇാടാക്കാറുണ്ട്. അഞ്ച് ശതമാനമാണ് ഇത്തരത്തിൽ പ്രൊസസിങ്ങ് ഫീ ഈടാക്കാറുണ്ട്. വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് നികുതി ഇളവും നൽകിയിട്ടുണ്ട്. എട്ടു വർഷത്തേക്കോ അല്ലെങ്കിൽ വായ്പ തിരിച്ചടവ് തീരുന്നതു വരെയോ ആയിരിക്കും ഈ ആനുകൂല്യമുണ്ടാവുക. പലിശയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾക്ക് തുടങ്ങിയവയ്ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പ നൽകാറുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പലിശ സ്വകാര്യ ബാങ്കുകളേക്കാൾ ഉയർന്നതായിരിക്കും. 13 ശതമാനം മുതൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ ആരംഭിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!