പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തിൽ അതിലും മനോഹരമായ പട്ടങ്ങൾ കാറ്റത്തു പാറി പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ പട്ടം പറത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ് എന്ന് പറഞ്ഞാലോ? എന്ത് മണ്ടത്തരമാണിത് എന്നാവും ഇപ്പോൾ മനസ്സിൽ വരുന്നത്. എന്നാൽ പറഞ്ഞത് സത്യമാണ്. പട്ടം പറത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

1934ലെ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്ട് പ്രകാരം ആകാശത്തു പട്ടം പറത്തുന്നത് നിരോധിച്ചിരിക്കുന്നു. പിന്നീട് 2008ൽ ഈ നിയമത്തിനു ഒരു ഭേദഗതി വരികയും ചെയ്തു. വെറുമൊരു നിരോധനം മാത്രമല്ല അത്, സെക്ഷൻ 11 പ്രകാരം നിയമം പാലിക്കാത്തവർക്ക് 2 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഈ നിയമ പ്രകാരം ആകാശത്തു പട്ടം പറത്തണമെങ്കിൽ ഒരു ലൈസൻസ് തന്നെ എടുക്കേണ്ടി വരും.

ഒരു ചെറിയ വിനോദം ഇത്രയും വലിയ കുറ്റമാണോ? ജയിൽ വാസം ലഭിക്കാൻ തക്ക വ്യാപ്തിയുള്ള കുറ്റം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമം?

എന്താണ് 1934-ലെ ഇന്ത്യൻ എയർക്രാഫ്റ്റ് നിയമത്തിന്റെ ഉള്ളടക്കം?

1934ലെ ഇന്ത്യൻ എയർക്രാഫ്റ്റ് നിയമത്തിലെ സെക്ഷൻ 11 പ്രകാരം ‘വായു, ജല, കര ഗതാഗത്തിനും ജീവികൾക്കും വസ്തുക്കൾക്കും ഹാനി വരുത്തുന്ന രീതിയിൽ മനപ്പൂർവം ആര് ഒരു എയർക്രാഫ്റ്റ് പറത്തുന്നുവോ, ആ വ്യക്തിക്ക് 2 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്നതാണ്.‘ (ദി എയർക്രാഫ്റ്റ് ആക്ട്, സെക്ഷൻ 11, ഇന്ത്യൻ ലജിസ്ലേറ്റീവ് ഗവണ്മെന്റ്).

ഈ വിധിക്ക് പിന്നീട് 2008ൽ ഒരു ഭേദഗതി കൊണ്ടുവന്നു ജയിൽ ശിക്ഷാ കാലാവധിയും പിഴയുടെ സംഖ്യയും കൂട്ടുകയുണ്ടായി.

പട്ടം ഒരു എയർക്രാഫ്റ്റ് ആണോ?

എയർക്രാഫ്റ്റ് നിയമപ്രകാരം അന്തരീക്ഷമർദ്ദത്തെ പിന്തുണയ്ക്കുന്ന ഏതൊരു യന്ത്രത്തേയും ഉപകരണത്തേയും എയർ ക്രാഫ്റ്റ് ആയി പരിഗണിക്കുന്നു. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, ഗ്ലൈഡർ, പട്ടം, പറക്കുന്ന യന്ത്രങ്ങൾ, എന്തിനു ഒരു ബലൂൺ പോലും ഈ നിയമത്തിൽ പെടും.

പട്ടം പറത്താനുള്ള ലൈസൻസ് എങ്ങനെ കിട്ടും?

നമുക്ക് നിർബന്ധമായും പട്ടം പറത്തുന്നതിനു ഒരു ലൈസൻസ് വേണ്ടി വരും.
ഇത്തരത്തിലുള്ള ലൈസൻസ് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ലഭ്യമാണ് എന്നതാണ് ലഭ്യമായ വിവരം. എന്നാൽ ചില വാർത്തകൾ പറയുന്നത് ഇവ ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ ലഭ്യമാണ് എന്നും.

ഈയൊരു നിയമം നില നിൽക്കെ തന്നെ ആരും തന്നെ പട്ടം പറത്താൻ ഇത്തരത്തിലുള്ള ഒരു ലൈസൻസും എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

പൊതുജനങ്ങൾക്ക് ഈ നിയമത്തെ പറ്റി അറിയാമോ?

ഇന്ത്യൻ ജനതയ്ക്ക് ഈ നിയമത്തെ പറ്റി കാര്യമായ അവബോധമില്ല എന്നതാണ് യാഥാർഥ്യം. ഇതിലും അശ്ചര്യകരമായ കാര്യമെന്തെന്നാൽ പലരോടും നമ്മൾ ഇതിനെപ്പറ്റി ചോദിച്ചാൽ ഇങ്ങനെയൊരു നിയമം നിലവിലുള്ളതുപോലും അവർക്ക് നിശ്ചയമില്ല എന്നാണ്. അവർക്കാർക്കും തന്നെ പട്ടം പറത്തുന്ന ലൈസൻസിനെപ്പറ്റി അറിയുകയുമില്ല. ഈ നിയമത്തെപ്പറ്റി കാര്യമായിട്ടുള്ള അറിവില്ലാതെ ഇന്നും അനവധി പേർ പട്ടം പറത്തൽ ഒരു വിനോദമായി കൊണ്ടുനടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!