രാജ്യത്തെ മുഴുവൻ കേന്ദ്രസർവകലാശാലകളിലെയും ബിരുദ പ്ര‌വേശനത്തിന് വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുന്ന പൊതുപരീക്ഷയുടെ (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്–സിയുഇടി) വിശദാംശങ്ങൾ യുജിസി ഉടൻ പുറ‌ത്തുവിടും. കേന്ദ്ര സർവകലാശാലകളിലെങ്ങും 12–ാം ക്ലാസ് മാർക്ക് ഇനി ബിരുദ പ്രവേശനത്തിനു മാനദണ്ഡമാകില്ല.

ഏപ്രിൽ ആദ്യ ആഴ്ച പരീക്ഷാ വിജ്ഞാപനം ഇറക്കുമെന്നും ജൂലൈ ആദ്യം പരീക്ഷ നടത്തുകയാണു ലക്ഷ്യമെന്നും യുജിസി ചെയർമാൻ പ്രഫ. എം.ജഗദേഷ് കുമാർ പറഞ്ഞു. പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയാകും (എൻടിഎ) തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

ജവാഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി, ജാമിയ മില്ലിയ, അലിഗഡ്, ഹൈദരാബാദ്, പോണ്ടിച്ചേരി, ബനാറസ് ഹിന്ദു തുട‌ങ്ങി രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലും ബിരുദ പ്രവേശനത്തിനു സിയുഇടി സ്കോർ മാത്രമാകും പരിഗണിക്കുക. കാസർകോട്ടുള്ള കേരള കേന്ദ്ര സർവകലാശാലയും ഇക്കൂട്ടത്തിലുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള പുതുതലമുറ കേന്ദ്ര സർവകലാശാലകൾ ഇതുവരെ സിയുസിഇടി എന്ന പ്രവേശനപരീക്ഷയാണു നടത്തിയിരുന്നത്.

രാ‌ജ്യത്തെ ഏറ്റവും വലിയ പ്രവേശനപരീക്ഷയായിരിക്കും സിയുഇടി. പരീക്ഷ മാത്രമാണു പൊതുവായുള്ളത്; പ്രവേശന നടപടികൾ ഓരോ സർവകലാശാലയും വെവ്വേറെ നടത്തും. സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെയുള്ളവയ്ക്കും ആവശ്യമെങ്കിൽ സിയുഇടി സ്കോർ പരിഗണിക്കാം. 12–ാം ക്ലാസ് മാർക്ക് കൂടി പരിഗണിക്കണോയെന്ന് ഇവർക്കു സ്വയം തീരുമാനിക്കാം.
പിജി തലത്തിലും പൊതുപ്രവേശനപരീക്ഷ നടത്തുമെങ്കിലും ഇക്കുറി എ‌ല്ലാ കേ‌ന്ദ്ര സർവകലാശാലകൾക്കും ബാധ‌‌കമാകില്ല.

ഒരു വിദ്യാർഥിക്ക് 6 വിഷയങ്ങളിൽ വരെ ബിരുദപഠനത്തിന് അപേക്ഷിക്കാം. ഇതനുസരിച്ചാകും പരീക്ഷ. എൻസിഇആർടി സിലബസ് അടി‌‌സ്ഥാനമാക്കിയുള്ള പരീക്ഷയ്ക്കു രാവിലെയും ഉച്ചയ്ക്കുമായി 2 ഘട്ടമുണ്ടാകും. ആദ്യ ഘട്ട‌ത്തിലെ ഭാഷാ അഭിരുചി, ജനറൽ അവെയർനെസ് പേപ്പറുകൾ എല്ലാവരും എഴുതണം.

തിരഞ്ഞെടുക്കാവുന്ന 6 വിഷയങ്ങളിൽ രണ്ടെണ്ണത്തിന്റെ പരീക്ഷയും രാവിലെയായിരിക്കും; ബാക്കി നാലെണ്ണത്തിന്റേത് ഉച്ചയ്ക്കും. മലയാളം ഉൾപ്പെടെ 13 ഭാഷക‌ളിൽ പരീക്ഷയെഴുതാം.

വിദേശ വിദ്യാർഥികൾ സിയുഇടി എഴുതേണ്ടതില്ല. മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ തുടങ്ങിയ കോഴ്സുകൾക്കു സിയുഇടിക്കൊപ്പം പ്രാക്ടിക്കൽ പരീക്ഷയും അഭിമുഖവും അതതു സ്ഥാപനങ്ങൾ നടത്തും. ഇതിന്റെ വെയ്റ്റേജ് സ്‌ഥാപനങ്ങൾ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!