ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്ക് ഏപ്രിൽ 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. “http://hsee.iitm.ac.in” . 2021ൽ ആദ്യ ചാൻസിൽ പ്ലസ്ടു ജയിച്ചവർക്കും, 2022ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സെപ്‌റ്റംബർ 30ന് അകം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി. പ്ലസ്ടുവിൽ 60% മാർക്ക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. ജനനത്തീയതി 1997 ഒക്‌ടോബർ ഒന്നിനു മുൻപാകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷം ഇളവുണ്ട്.

ഇംഗ്ലിഷിലും ഡവലപ്‌മെന്റ് സ്‌റ്റഡീസിലുമായി 29 വീതം ആകെ 58 സീറ്റ്. എൻട്രൻസിൽ യോഗ്യത നേടുന്നവർക്ക് ഇവയിലേതു കൈവഴിയിലാണു താൽപര്യമെന്നു സൈറ്റിൽ രേഖപ്പെടുത്താൻ 5 ദിവസം നൽകും. എൻട്രൻസ് സ്കോറും താൽപര്യവും പരിഗണിച്ചു കൈവഴി തീരുമാനിക്കും. സയൻസ്, എൻജിനീയറിങ്, മാനേജ്‌മെന്റ് വകുപ്പുകളിൽനിന്നുള്ള സംഭാവനകളും ഈ കോഴ്‌സുകളിൽ പ്രയോജനപ്പെടുത്തും.

കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ ജൂൺ 12നാണ്  എൻട്രൻസ് പരീക്ഷ. കംപ്യൂട്ടറിൽ രണ്ടര മണിക്കൂർ ഒബ്‌ജക്‌ടീവ് ടെസ്‌റ്റും കടലാസിലെഴുതേണ്ട അര മണിക്കൂർ ഉപന്യാസവുമുണ്ട്. വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ ടെസ്‌റ്റ് സിലബസുണ്ട്.

ഒബ്‌ജക്‌ടീവ് ഭാഗത്തിലുള്ള വിഷയങ്ങൾ ഇംഗ്ലിഷ് (25% മാർക്ക്), അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (25%), ജനറൽ സ്‌റ്റഡീസ് (50%) എന്നിങ്ങനെയാണ്. തെറ്റിനു മാർക്കു കുറയ്ക്കും. ഉപന്യാസ ഭാഗത്ത് ആനുകാലികസംഭവങ്ങളടക്കമുള്ള പൊതുവിജ്‌ഞാനം ആസ്‌പദമാക്കിയാവും ചോദ്യങ്ങൾ. ടെസ്‌റ്റിൽ 50% എങ്കിലും മാർക്ക് നേടണം. പിന്നാക്ക/സാമ്പത്തികപിന്നാക്ക വിഭാഗക്കാർ 45%; പട്ടിക വിഭാഗക്കാർ 25%. പരീക്ഷാഫലം ജൂൺ 29ന്.

സെമസ്‌റ്റർ ഫീ. 11,200 രൂപ. തുടക്കത്തിൽ ഡെപ്പോസിറ്റടക്കം 50,000 രൂപയോളമടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസിളവുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!