ഈയടുത്തായി വന്ന പല സ്റ്റാർട്ടപ്പ് വാർത്തകളിലും നിങ്ങൾ കേട്ടിരിക്കാൻ ഇടയുള്ള ഒന്നാണ് എയ്ഞ്ചൽ ഇൻവെസ്റ്റർ എന്ന വാക്ക്. ഇൻവെസ്റ്റർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കമ്പനിയിൽ ഓഹരിക്കു പകരമായി പണം നിക്ഷേപിക്കുന്ന ആളായിരിക്കും എന്ന് ഊഹിക്കാമല്ലോ. എന്നാൽ എന്താണ് സാധാരണ ഇൻവെസ്റ്റർമാരിൽ നിന്ന് എയ്ഞ്ചൽ ഇൻവെസ്റ്റർമാരെ വ്യത്യസ്തമാക്കുന്നത്?

ആരാണ് എയ്ഞ്ചൽ ഇൻവെസ്റ്റർ?

സ്റ്റാർട്ടപ്പ് നിക്ഷേപ മേഖലയിൽ സാധാരണയായി കാണാറുള്ള ഒരു രീതിയാണ് വെൻച്വർ ക്യാപിറ്റലുകൾ അഥവാ വിസികൾ. വിജയിക്കുമെന്ന് ഉറപ്പുള്ള സ്റ്റാർട്ടപ്പുകളെ തിരഞ്ഞു പിടിച്ച് ഒരുകൂട്ടം നിക്ഷേപകർ ഏതെങ്കിലും ഒരു മൂലധന കമ്പനി മുഖേന നടത്തുന്ന നിക്ഷേപങ്ങളാണിവ. അവയെക്കുറിച്ച് പിന്നീടൊരിക്കൽ ചർച്ച ചെയ്യാം.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് എയ്ഞ്ചൽ ഇൻവെസ്റ്റർമാർ. പേര് പോലെ തന്നെ പല സംരംഭകർക്കും കൈത്താങ്ങായി പ്രതിസന്ധിഘട്ടങ്ങളിൽ എത്തുന്ന മാലാഖാമാരായിരിക്കും ഇവർ. വിജയ-പരാജയ കണക്കുകൾ അധികം കണക്കിലെടുക്കാതെ, തങ്ങൾക്കിഷ്ടപ്പെട്ട ഒരു സ്റ്റാർട്ടപ്പിനെ ഫണ്ട് ചെയ്യുന്ന ഒരാളെ നമുക്ക് എയ്ഞ്ചൽ ഇൻവെസ്റ്റർ എന്ന് വിളിക്കാം. സാധാരണ നിക്ഷേപങ്ങളെ അനുസരിച്ച് റിസ്ക് പതിന്മടങ്ങാണ്. അതിനാൽ തന്നെ പലരുടെയും ഇൻവെസ്റ്റ്മെന്റ് പോർട്ട്‌ഫോളിയോയുടെ 10%-ൽ താഴെയേ വരൂ എയ്ഞ്ചൽ നിക്ഷേപങ്ങൾ.

ഒട്ടും ലാഭം പ്രതീക്ഷിക്കാതെ സഹായിക്കുന്ന അടുത്ത സുഹൃത്തുക്കൾ മുതൽ, 400% വരെ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടി നിക്ഷേപിക്കുന്ന ശതകോടീശ്വരന്മാർ വരെ ഇക്കൂട്ടത്തിൽ വരും. നിക്ഷേപകർക്ക് അനുസൃതമായ കമ്പനി ഓഹരികൾ നൽകുക എന്നതാണ് സംരംഭകർ ചെയ്യേണ്ടത്.

വെബ് 3.0, ബ്ലോക്‌ചെയിൻ തുടങ്ങിയ നൂതന ടെക്നോളജിയുടെ കാലത്ത് ദ്രുതഗതിയിലാണ് സ്റ്റാർട്ടപ്പുകൾ ലോകത്തിന്റെ നെറുകയിലെത്തുന്നത്. അതിനാൽ തന്നെ നൂതനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പലർക്കും മടിയുമുണ്ടാകില്ല. ഇരുട്ടി വെളുക്കുമ്പോഴേക്കും നിക്ഷേപിച്ച പണം പതിന്മടങ്ങായിട്ടുണ്ടാകും.

നിങ്ങളുടെ സ്റ്റാർട്ടപ്പിനും ഒരു എയ്ഞ്ചൽ ഇൻവെസ്റ്ററെ കണ്ടെത്താം

സിലിക്കൺ വാലിയിലും മറ്റും മാത്രം കണ്ടുവരുന്ന പ്രതിഭാസമല്ല എയ്ഞ്ചൽ ഇൻവെസ്റ്റർമാർ. നമ്മുടെ നാട്ടിലും ധാരാളം എയ്ഞ്ചൽ ഇൻവെസ്റ്റർമാർ സ്റ്റാർട്ടപ്പുകളിൽ പണം മുടക്കാൻ തയാറായി വരുന്നുണ്ട്. സ്റ്റാർട്ടപ്പുകളുടെ തുടക്കകാല പ്രവർത്തനങ്ങൾക്കും, മുന്നോട്ടുള്ള കുതിപ്പിനും ഉതകുന്ന തരത്തിലായിരിക്കും സാധാരണയായി നിക്ഷേപങ്ങൾ ലഭിക്കുക.

നിങ്ങളുടെ സ്റ്റാർട്ടപ്പിനു ഒരു എയ്ഞ്ചൽ ഇൻവെസ്റ്ററുടെ സഹായം ആവശ്യമാണെന്ന് തോന്നിയാൽ അവരുമായി ബന്ധപ്പെടാൻ ധാരാളം മാർഗങ്ങൾ നിലവിലുണ്ട്. സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട് നടക്കുന്ന സർക്കാർ-സ്വകാര്യ പ്രോഗ്രാമുകളിൽ പങ്കെടുക്കുക, നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുക. ഇത്തരം പരിപാടികളിൽ എയ്ഞ്ചൽ ഇൻവെസ്റ്റർമാർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയുക. കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ ധാരാളം വെഞ്ച്വർ ക്യാപിറ്റലുകളുടെയും എയ്ഞ്ചൽ ഇൻവെസ്റ്റർമാരുടെയും വിവരങ്ങൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here