ഇന്ന് നമ്മുടെ തൊഴിലിടങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദവും അത് കാരണമുണ്ടാകുന്ന നിരവധി പ്രശ്നങ്ങളും. ജോലിഭാരവും വ്യക്തിപരമായ വിഷയങ്ങളും ഒന്ന് ചേരുന്നതിലൂടെ, ജീവനക്കാരുടെ സ്ട്രെസ്സ് അഥവാ മാനസിക സമ്മർദ്ദം വളരുന്നു. അത് അവരുടെ തൊഴിലിലെ മികവിനെ നേരിട്ട് ബാധിക്കുന്നു. ജോബ് സാറ്റിസ്ഫാക്ഷൻ എന്നത് അവരിൽ നിന്നും അകന്നു പോകുന്ന സാഹചര്യവും സൃഷ്ടിക്കും. ഇത് തീരെ നിസ്സാരമായി കാണേണ്ട ഒരു പ്രതിസന്ധിയല്ല. ജീവനക്കാരുടെ മികവ് കുറയുന്ന അവസ്ഥ നിശ്ചയമായും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങും.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് സ്ട്രെസ്സ് എന്നു പറയുന്നത് ഒരു പകർച്ച വ്യാധി പോലെ അപകടകരമായ ഒരു അവസ്ഥാ വിശേഷം എന്നാണ്. സ്ട്രെസ്സ് എന്നതിനെ നിയന്ത്രണ വിധേയമാക്കേണ്ട ഉത്തരവാദിത്വം എല്ലാ മാനേജ്മെന്റുകൾക്കും ഉണ്ട്. ജീവനക്കാരുടെ വ്യക്തിപരമായ പ്രശനങ്ങളിൽ ഇടപെടാനോ അവയ്ക്ക് പരിഹാരം നിർമ്മിക്കാനോ മാനേജ്‍മെന്റുകൾക്ക് സാധിച്ചെന്നു വരില്ല. എന്നാൽ, അവരുടെ തൊഴിൽ പരമായ സമ്മർദ്ദങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള ശാസ്ത്രീയവും ഫ്ലെക്സിബിളുമായ ഒട്ടേറെ നയങ്ങളും പരിപാടികളും മാനേജ്‍മെന്റുകൾക്ക് കൈക്കൊള്ളാവുന്നതാണ്.

ഇതിൽ  തൊഴിലിടം അഥവാ ജോലി ചെയ്യുന്ന സ്ഥലം വളരെ നിർണ്ണായകമായ ഒന്നാണ്. മിക്കവാറും മാനേജ്മെന്റുകൾ, തങ്ങളുടെ ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കാറുമുണ്ട്. തങ്ങളുടെ വർക്കിംഗ് എൻവയൺമെൻറ് മികച്ചതാകുന്നതോടെ അതുമായി ഇഴുകിച്ചേർന്ന് സ്ട്രെസില്ലാതെ ജോലി ചെയ്യാൻ അവർക്ക് കഴിയും. കൃത്യമായി ഇത് മോണിട്ടർ ചെയാനും ആവശ്യമെങ്കിൽ ഇടയ്ക്കിടയ്ക്ക് സീറ്റിങ് റീ അറഞ്ച്മെന്റ് ചെയ്യാനും മാനേജ്‌മന്റ് ശ്രദ്ധിക്കണം. ജീവനക്കാരുടെ കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന പുതിയ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമീകരണങ്ങൾ ഓഫീസിൽ വരുത്തുന്നത് നല്ല പ്രവണതയാണ്.

ഓഫിസ് സമയത്ത് പൂർണ്ണമായും ചടഞ്ഞു കൂടി ഇരുന്ന് പണിയെടുക്കുന്ന പ്രവണത കഴിയുന്നതും ഒഴിവാക്കപ്പെടേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് ശരീരവും മനസ്സും ഒരുപോലെ റിഫ്രഷ് ചെയ്യപ്പെട്ടു കൊണ്ടേയിരിക്കണം. അതിനായി ചെറിയ ഇടവേളകൾ നൽകാനും അവർക്ക് ഒത്തുകൂടി വ്യത്യസ്തങ്ങളായ ആക്ടിവിറ്റികൾ ചെയ്യാനുള്ള അവസരവും നൽകണം. അതുപോലെ തന്നെ വർക്കിങ് ടൈം അറേൻജ്‌മെന്റും വളരെ പ്രാധാന്യമേറിയ ഒരു മാർഗ്ഗമാണ്. ജീവനക്കാരുടെ കഴിവിൽ വിശ്വാസമുള്ള മാനേജർ അവരുടെ ജോലി സമയം ഇടയ്ക്കിടയ്ക്ക് ഫ്ലെക്സിബിൾ ആയ രീതിയിൽ ക്രമീകരണം നടത്താൻ ശ്രമിക്കണം. പ്രൊഡക്ടിവിറ്റി ഒട്ടും ചോരാത്ത രീതിയിൽ  വർക്ക് ഫ്രം ഹോം പോലുള്ള സൗകര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. തന്നിഷ്ടപ്രകാരം വരാനും പോകാനും കുത്തഴിഞ്ഞ രീതിയിൽ ജോലിചെയ്യാനും ജീവനക്കാരെ അനുവദിക്കുക എന്നല്ല പറഞ്ഞതിനർത്ഥം. പരമ്പരാഗത രീതിയിൽ ക്ലിപ്തപ്പെടുത്തപ്പെട്ട ഓഫിസ് സമയത്തെ ജോലി ചെയ്യിപ്പിക്കലിനേക്കാൾ ക്വാളിറ്റി റിസൾട്ടിനും കൃത്യതയ്ക്കും പ്രാധാന്യം നൽകാൻ മാനേജ്‌മന്റ് തയ്യാറാകണം.

വ്യായാമം ഒരു വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉത്തേജനവും ആരോഗ്യവും നൽകും. തങ്ങളുടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഒന്നായി വ്യായാമം ശീലമാക്കാനുള്ള നടപടികൾ ആലോചിക്കണം. ജീവനക്കാർ തമ്മിലുള്ള സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കണം. അതിലൂടെ നല്ലൊരു ടീം ഓഫിസിൽ വളർത്തിയെടുക്കാനും ശ്രമിക്കണം. പ്രോത്സാഹനങ്ങൾ, അംഗീകാരങ്ങൾ, പ്രശംസ തുടങ്ങിയവയ്ക്ക് പിശുക്ക് കാണിക്കുന്ന സ്വഭാവം മാനേജർ ഒഴിവാക്കണം. പിശകുകൾ സംഭവിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നിന്ന് അത് ബോധ്യപ്പെടുത്താനും ആവർത്തിക്കാതിരിക്കാനുമുള്ള കാര്യങ്ങൾ ഉറപ്പു വരുത്തുകയും വേണം. ഇതെല്ലാം എല്ലാ ഓഫീസുകളിലും സ്ഥിര സംഭവമാണെങ്കിലും, ജാഗ്രതയോടെയും കാര്യക്ഷമതയോടെയും മാനേജ്മെന്റുകൾ ചെയ്യേണ്ടവ തന്നെയാണ്.

പെർഫോമൻസ് കുറവുള്ള ജീവനക്കാരോട് മുൻവിധികൾ വച്ച് പെരുമാറാതിരിക്കലാണ് ഉചിതം. ശാസ്ത്രീയമായ രീതിയിലുള്ള പെർഫോമൻസ് ഓഡിറ്റുകൾ ജീവനക്കാർക്കിടയിൽ നടപ്പിലാക്കണം. എവിടെയാണോ അവരുടെ ശ്രദ്ധയും മികവും കുറവുള്ളത്, അത് കണ്ടെത്തി സൂക്ഷ്മമായി പഠിച്ചു പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിൽ വരുത്താൻ ശ്രമിക്കണം. ഇത് ചെയ്യുമ്പോൾ നിക്ഷ്പക്ഷതയും സുതാര്യതയും ഉറപ്പു വരുത്തുന്നത് ഏറെ ഗുണം ചെയ്യും. മാനേജർ എന്ന വ്യക്തി എപ്പോഴും പൊതുസ്വീകാര്യത ഉറപ്പു വരുത്തുന്ന ആളാകണം. അല്ലാതെ തന്റെ ഇഷ്ടപ്പെട്ടവരുടെ മാത്രം നേതാവാകാൻ ശ്രമിക്കുന്നത് ദോഷം മാത്രമേ സൃഷ്ടിക്കൂ. സ്ട്രെസ്സ് ഒരു വില്ലനായി മാറിയ ജീവനക്കാരോട് അനുഭാവപൂർണമായ നടപടിയാകണം മാനേജർ പുലർത്തേണ്ടത്. ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകാനും മടി കാണിക്കരുത്.

തങ്ങളുടെ ജീവനക്കാരുടെ മാനസികാവസ്ഥ കൃത്യമായ രീതിയിൽ മനസ്സിലാക്കാൻ ഏതൊരു മാനേജ്മെന്റും തയ്യാറാകണം. സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും തന്ത്രങ്ങളും പോളിസികളും ശരിയായ രീതിയിൽ ജീവനക്കാരെ മനസ്സിലാക്കി നൽകാനും അതിലേക്ക് അവരുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിപ്പിക്കാനും മാനേജ്മെന്റുകൾ ശ്രമിക്കണം. അതിനായി മേൽപ്പറഞ്ഞ കാര്യങ്ങൾ ചിന്തിക്കാവുന്നതാണ്. സമ്മർദങ്ങളെ അതിജീവിക്കാനും തന്റെ ജോലിയെയും സാഹചര്യങ്ങളെയും ഇഷ്ടപ്പെടാനും ജീവനക്കാർ പ്രാപ്തരായാൽ മാത്രമേ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും പുരോഗതിയും നേട്ടങ്ങളും കൈവരിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!